കേരളം നിപയെ ഭയക്കുമ്പോൾ ബിജെപിക്ക് വോട്ട് ചെയ്യാത്ത മലയാളികള്‍ അനുഭവിക്കണമെന്ന് സംഘപരിവാർ പ്രചാരണം

single-img
7 June 2019

നിപ വൈറസ് വ്യാപനത്തെ ഒറ്റക്കെട്ടായി പ്രതിരോധിച്ച കേരളത്തെ പരിഹസിച്ചും വിമര്‍ശിച്ചും അധിക്ഷേപിച്ചും സംഘപരിവാര്‍. നിപ വൈറസ് കേരളത്തിനേറ്റ ശാപമെന്നും ബിജെപിക്ക് വോട്ട് ചെയ്യാത്ത മലയാളികള്‍ അനുഭവിക്കണമെന്നും പ്രചാരണം നടക്കുകയാണ്.

സംസ്ഥാനത്തെ ഉയര്‍ന്ന സാക്ഷരതാ നിരക്ക്, ആരോഗ്യമേഖലയിലെ മുന്നേറ്റം എന്നിവയെയും സംഘപരിവാര്‍ പരിഹസിക്കുന്നു. ഇവയൊന്നും കൊണ്ട് പ്രയോജനം ഇല്ലെങ്കിലും യുഎഇയില്‍നിന്നുള്ള 700 കോടി ലഭിക്കുമെന്നുമാണ് ചിലരുടെ പരിഹാസം.അതേപോലെ അറേബ്യയില്‍നിന്നുള്ള ഈന്തപ്പഴത്തില്‍നിന്നാണ് വൈറസ് വരുന്നതെന്ന് ചിലര്‍.

‘ഉയർന്ന വിദ്യാഭ്യാസം’ നേടിയ ആളുകളുടെ തലച്ചോറില്‍നിന്നാണ് ഈ വൈറസ് ഉണ്ടാകുന്നതെന്ന അധിക്ഷേപവും സോഷ്യൽ മീഡിയാ കമന്റുകളില്‍ ഉണ്ട്. കേരളത്തിൽ മുമ്പ് നിപാ ബാധ ഉണ്ടായപ്പോഴും പ്രളയം ദുരന്തമുണ്ടാക്കിയപ്പോഴും സംഘപരിവാറിന്റെ നേതൃത്വത്തില്‍ സമാനമായ ആക്രമണം ഉണ്ടായിരുന്നു. പ്രളയത്തില്‍ അകപ്പെട്ട മലയാളികളെ സഹായിക്കേണ്ടതില്ലെന്നും അവര്‍ സമ്പന്നരാണെന്നും വ്യാപകമായി സന്ദേശങ്ങള്‍ പ്രചരിപ്പിച്ചു.

ബിജെപിയുടെ ഐടി സെല്‍ അംഗം മലയാളിയായ സുരേഷ് കൊച്ചാട്ടിലിന്റെ സന്ദേശം വന്‍വിവാദവുമായി.മലയാളികൾ ബീഫ് കഴിക്കുന്നവരാണെന്നും സഹായം നല്‍കരുതെന്നും സംഘപരിവാറുകാര്‍ അപ്പോൾ പ്രചരിപ്പിച്ചിരുന്നു.