തെരഞ്ഞെടുപ്പിലേത് താല്‍ക്കാലിക തിരിച്ചടി; നവോത്ഥാന മൂല്യങ്ങൾ സംരക്ഷിക്കുമെന്ന്‍ പറഞ്ഞത് ധാർഷ്ട്യമാണെങ്കിൽ ഇനിയും ആവർത്തിക്കും: പിണറായി വിജയന്‍

single-img
29 May 2019

ലോക്സഭാ തെരഞ്ഞെടുപ്പില്‍ നേരിട്ട കനത്ത പരാജയത്തിന് പിന്നാലെയും ശബരിമല വിഷയത്തില്‍ മുന്‍ നിലപാടിലുറച്ച് മുഖ്യമന്ത്രി. സംസ്ഥാനത്തിന്റെ നവോത്ഥാന മൂല്യങ്ങൾ ഇനിയും സംരക്ഷിക്കുമെന്നു പറഞ്ഞ മുഖ്യമന്ത്രി അത് ധാർഷ്ട്യമാണെങ്കിൽ ഇനിയും ആവർത്തിക്കുമെന്നും ഇന്ന് നിയമസഭയില്‍ വ്യക്തമാക്കി. ശബരിമലയെ മറയാക്കിവർഗീയ ശക്തികൾ കേരളത്തില്‍ ഇളകിയാടി വരികയായിരുന്നു.

തങ്ങള്‍ക്ക് മുന്‍പില്‍ പഞ്ചപുച്ഛമടക്കി നിൽക്കുന്നവരെയാണ് അവർക്ക് ആവശ്യം. പക്ഷെ അർപ്പിതമായ കർത്തവ്യം അനുസരിച്ച് സര്‍ക്കാരും എല്‍ഡിഎഫും പ്രതിരോധത്തിന് മുന്നിൽ നിന്നു. ശബരിമലയുമായി ബന്ധപ്പെട്ട വിഷയത്തില്‍ സംസ്ഥാന സർക്കാർ ധൃതി കാണിച്ചു എന്നാണ് പറയുന്നത്. എന്നാല്‍ എന്ത് ധൃതിയാണ് സര്‍ക്കാര്‍ കാണിച്ചതെന്നു മുഖ്യമന്ത്രി ചോദിച്ചു.

ശബരിമലയില്‍ ദർശനത്തിന് വരുന്ന സ്ത്രീകളെ സർക്കാരിന് തടയാനാകുമോ? തടഞ്ഞാൽ അത് കോടതി അലക്ഷ്യമാകും. ക്ഷേത്രത്തില്‍ എത്തുന്ന സ്ത്രീകളെ ആക്രമിക്കാൻ സംഘപരിവാർ തയാറായപ്പോൾ സ്ത്രീകള്‍ക്ക് സംരക്ഷണം നൽകി. അത് കോടതി വിധിയെ മാനിക്കലാണ്. ശബരിമലയുടെ കാര്യത്തില്‍ മാത്രമല്ല സ്ത്രീയുടെ അവകാശ സംരക്ഷണത്തിനു ഭാവിയിലും സർക്കാരുണ്ടാകും. ‘പുരുഷന് ലഭിക്കുന്ന എല്ലാ അവകാശവും സ്ത്രീകള്‍ക്കും ലഭിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഉണ്ടായത് താല്‍ക്കാലിക തിരിച്ചടിയാണെങ്കിലും അതിനെ ഗൗരവമായി കാണുന്നു. ഇടതുപക്ഷത്തിനൊപ്പം നിന്ന നല്ലൊരു വിഭാഗം ആളുകളെ തെറ്റിദ്ധരിപ്പിക്കാന്‍ കഴിഞ്ഞു. തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ വഴിവിട്ട പ്രചാരണ രീതികളാണ് മുസ്​ലിം ലീഗ് സ്വീകരിച്ചത്. അവര്‍ക്ക് എങ്ങനെയാണ് എസ്ഡിപിഐ അടക്കമുള്ളവരെ കൂടെ നിർത്താൻ സാധിച്ചത്. തെരഞ്ഞെടുപ്പിൽ സീറ്റും വോട്ടും കൂട്ടാനായി തീവ്രവാദ ബന്ധമുള്ളവരെ കൂടെ കൂട്ടാമോയെന്നും മുഖ്യമന്ത്രി ചോദിച്ചു. അതേപോലെ അമേഠിയെക്കുറിച്ചുള്ള ശരിയായ ഭയം കാരണം സീറ്റു തേടിയാണ് രാഹുല്‍ ഗാന്ധി കേരളത്തിലെത്തിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.