‘കുടുംബത്തിലെ പല കാര്യങ്ങളും തീരുമാനിച്ചിരുന്നത് പോലും അവളായിരുന്നു’; സോഷ്യല്‍ മീഡിയ ട്രോളുകള്‍ നിറച്ച ‘ചുഞ്ചു നായരു’ടെ ഉടമകള്‍ പറയുന്നു

single-img
28 May 2019

കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയ ആഘോഷമാക്കിയത് മുംബൈ മലയാളി കുടുംബത്തിന്റെ വളര്‍ത്തു പൂച്ച ‘ചുഞ്ചു നായരു’ടെ ചരമ വാര്‍ഷിക ദിനത്തില്‍ നല്‍കിയ പത്രപ്പരസ്യമായിരുന്നു. തങ്ങള്‍ നല്‍കിയ പരസ്യത്തിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ വന്ന ട്രോളുകള്‍ വളരെയേറെ വിഷമത്തിലാക്കിയെന്ന് ചുഞ്ചുവിന്റെ ഉടമകള്‍ പറയുന്നു. ദേശീയ മാധ്യമമായ ടൈംസ് ഓഫ് ഇന്ത്യയിലായിരുന്നു നവി മുംബൈയില്‍ സ്ഥിരതാമസമാക്കിയ മലയാളി കുടുംബം പരസ്യം നല്‍കിയത്.

പൂച്ചയുടെ ജാതിപേരും ഉടമസ്ഥരെ കളിയാക്കിയും നിരവധി ട്രോളുകള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. എന്തുകൊണ്ട് തങ്ങള്‍ ചുഞ്ചുവിന് ജാതിപ്പേര് നല്‍കിയതിന് വിശദീകരണവുമായി രംഗത്ത് വന്നിരിക്കുകയാണ് കുടുംബം. പരസ്യം നല്‍കിയ ടൈംസ് ഓഫ് ഇന്ത്യക്ക് തന്നെയാണ് അഭിമുഖത്തിലൂടെ ഉടമകളുടെ വിശദീകരണം. ഈ കുടുംബത്തെ കുറിച്ചുള്ള വിവരങ്ങള്‍ പത്രം പുറത്തുവിട്ടിട്ടില്ല.

‘അവള്‍ ഞങ്ങളുടെ റാണിയും മകളുമായിരുന്നു. ഞങ്ങളുടെ കുടുംബത്തിലെ പല കാര്യങ്ങളും തീരുമാനിച്ചിരുന്നത് പോലും അവളായിരുന്നു. ഞങ്ങള്‍ക്ക് ചുഞ്ചു ഞങ്ങളുടെ ഇളയ മകളെ പോലെയാണ്. അതുകൊണ്ടാണ് വംശനാമം നല്‍കിയതും. ആ നാല്‍ക്കാലിയും ഞങ്ങളും തമ്മിലുള്ള ബന്ധത്തിന്റെ തീവ്രത ആര്‍ക്കും മനസിലാവില്ല. ഞങ്ങള്‍ക്ക് സഹിക്കാവുന്നതിലേറെയാണ് ഇപ്പോള്‍ പ്രചരിക്കുന്ന നെഗറ്റീവ് ട്രോളുകള്‍. ജാതിയുമായി ആ പേരിന് യാതൊരു ബന്ധവും ഇല്ല,’ – കുടുംബം പറയുന്നു.

’18 വര്‍ഷമായി ചുഞ്ചു ഈ വീട്ടിലുണ്ടായിരുന്നു.ഇത്രയും കാലം സാധാരണ പൂച്ചകള്‍ ജീവിച്ചിരിക്കാറില്ല. വളരെയധികം സ്‌നേഹിക്കപ്പെട്ട ചുറ്റുപാടിലായതിനാലാണ് പൂച്ച ഇത്രകാലം ജീവിച്ചതെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞത്. ഉയര്‍ന്ന രീതിയില്‍ ശുചിത്വബോധം ഉണ്ടായിരുന്ന പൂച്ചയായിരുന്നു. ഒരിക്കല്‍ പോലും ഇക്കാര്യങ്ങള്‍ പരീശിലിപ്പിക്കേണ്ടി വന്നിട്ടില്ല’- കുടുംബം പറയുന്നു.

ഞാന്‍ പെണ്‍മക്കളെ മടിയിലിരുത്തുന്നത് ചുഞ്ചുവിന് ഇഷ്ടമല്ലായിരുന്നു. ഈ പൂച്ചയെ കരുതിമാത്രം പലപ്പോഴും ദീര്‍ഘയാത്ര പോയിരുന്നില്ലെന്നും കുടുംബാംഗം പറഞ്ഞു. ഫോട്ടോകള്‍ എടുക്കുന്നതും ചുഞ്ചുവിന് ഇഷ്ടമല്ലായിരുന്നു. പലപ്പോഴും കുടുംബ ഫോട്ടോ എടുക്കുന്ന സമയങ്ങളില്‍ ചുഞ്ചു മനപ്പൂര്‍വ്വം മാറിനില്‍ക്കാറുണ്ടായിരുന്നു എന്നും കുടുംബാംഗം കൂട്ടിച്ചേര്‍ത്തു. പ്രായം ഏറിയതോടെ ചുഞ്ചുവിന്റെ വൃക്കകള്‍ക്കും പല്ലിനും തകരാറുണ്ടായി. രോഗംമാറ്റുന്നതിന് പലവഴിയും തേടിയെങ്കിലും ഒന്നും ഫലം കണ്ടില്ല. ദിവസങ്ങള്‍ക്കുള്ളില്‍ അവള്‍ മരിച്ചെന്നും കുടുംബം പറയുന്നു.