നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ സിപിഎം – സിപിഐ ലയനം എത്രയും പെട്ടെന്ന് നടക്കണം; രാജ്യത്തെ ഇടത് പാര്‍ട്ടികളുടെ ലയനം അത്യാവശ്യമെന്ന് സിപിഐ

single-img
24 May 2019

പൊതുതെരഞ്ഞെടുപ്പില്‍ രാജ്യത്ത് ഇടതുപക്ഷം കനത്ത തിരിച്ചടി നേരിട്ട സാഹചര്യത്തില്‍ ഇടത് പാര്‍ട്ടികളുടെ ലയനം അത്യാവശ്യമാണെന്ന് സിപിഐ ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഡി. ഈ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് രാജ്യത്താകെ 15 സീറ്റുകളെങ്കിലും ലഭിക്കുമെന്നായിരുന്നു പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. സിപിഎം – സിപിഐ ലയനം സിപിഐയുടെ വളരെക്കാലത്തെ ആവശ്യമാണ്. രാജ്യത്തെ ഇപ്പോഴുള്ള രാഷ്ട്രീയ സാഹചര്യത്തില്‍ ഇത് എത്രയും പെട്ടെന്ന് നടക്കണമെന്ന് റെഡ്ഡി പറയുന്നു.

തെരഞ്ഞെടുപ്പ് കഴിയുമ്പോള്‍ ആര്‍എസ് എസിനെതിരെ കൂടുതല്‍ ശക്തമായി പോരാടാന്‍ ഇടത് ഐക്യം രൂപീകരിക്കുന്നതിനെക്കുറിച്ച് ആലോചിക്കുമെന്ന് ബിനോയ് വിശ്വം മുന്‍പേ പറഞ്ഞിരുന്നു. 54 വര്‍ഷം മുന്‍പ് പാര്‍ട്ടിയില്‍ പിളര്‍പ്പുണ്ടാവാനുണ്ടായ കാരണങ്ങള്‍ ഇന്നത്തെ സാഹചര്യത്തില്‍ അപ്രസക്തമാണെന്നും സിപിഐ വിലയിരുത്തിയിരുന്നു.

‘ഇപ്പോള്‍ ഇടത് ഏകോപനം മാത്രമല്ല പരിഹാരം. താല്‍ക്കാലികമായി രാജ്യത്തെ ഇടതുപക്ഷ വ്യവഹാരങ്ങള്‍ക്ക് ആത്മവിശ്വാസം പകരാന്‍ ഇതിന് കഴിയും. അതിനുവേണ്ടി എല്ലാ ഇടത് പാര്‍ട്ടികളും ഇതിനെക്കുറിച്ച് ചിന്തിക്കണം’- റെഡ്ഡി പറയുന്നു. ഹിന്ദു പത്രമാണ്‌ ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്.

പശ്ചിമ ബംഗാളില്‍ 34 വര്‍ഷം ഭരിച്ച പാര്‍ട്ടിക്ക് ഈ വര്‍ഷം 7.8 ശതമാനം വോട്ടുകള്‍ മാത്രമാണ് നേടാനായത്. ‘ഇതിന് മുന്‍പും ബംഗാളിലെ സാഹചര്യം പ്രതികൂലമായിരുന്നു. പക്ഷെ മെച്ചപ്പെടുത്താമെന്ന് ഞങ്ങള്‍ കരുതി. എന്നാല്‍ അത് നടന്നില്ല’- അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തോല്‍വിയുടെ ഉത്തരവാദിത്വം പാര്‍ട്ടി സെക്രട്ടറി എന്ന നിലയ്ക്ക് താന്‍ ഏറ്റെടുക്കുന്നതായും അദ്ദേഹം പറഞ്ഞു.ഈ തെരഞ്ഞെടുപ്പില്‍ രാജ്യത്ത് ഇടത് പാര്‍ട്ടികള്‍ക്ക് 5 സീറ്റുകള്‍ മാത്രമാണ് ലഭിച്ചത്.