വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലേക്ക് കേരള പോലീസിന് പ്രവേശനമില്ല; സുരക്ഷാ ചുമതല കേന്ദ്രസേനയ്ക്ക് മാത്രം: ടിക്കാറാം മീണ

single-img
22 May 2019

സംസ്ഥാനത്തെ വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ കേരള പോലീസിന് പ്രവേശനമുണ്ടാകില്ലെന്നും കേന്ദ്രസേനയ്ക്ക് മാത്രമായിരിക്കും പ്രവേശനമെന്നും മുഖ്യതിരഞ്ഞെടുപ്പ് ഓഫിസര്‍ ടിക്കാറാം മീണ. കൗണ്ടിങ് നടക്കുന്ന സ്റ്റേഷന് പുറത്തെ സുരക്ഷ കേരള ആംഡ് പോലീസിനായിരിക്കും. അതിനും പുറത്തുള്ള സുരക്ഷയായിരിക്കും കേരള പോലീസ് വഹിക്കേണ്ടത്.

അതേസമയം സംസ്ഥാനത്ത് വോട്ടെണ്ണലിനുള്ള ഒരുക്കങ്ങൾ പൂർത്തിയായെന്ന് ടിക്കാറാം മീണ പറഞ്ഞു. വി വി പാറ്റുകള്‍ എണ്ണുന്നതിന് നറുക്കെടുപ്പിലൂടെ 5 ബൂത്തുകളെ തെരഞ്ഞെടുക്കും. മെഷീനുകള്‍ സൂക്ഷിച്ചിട്ടുള സ്ട്രോങ് റൂമിൽ നിന്ന് ഒരു ഇവിഎം മെഷീൻ മാത്രമേ ഒരു സമയം കൗണ്ടിങ് ടേബിളിലേക്ക് കൊണ്ടു വരൂ. കൗണ്ടിങ് സ്റ്റേഷനുള്ളില്‍ ജനറൽ ഒബ്സർവർമാർക്കു മാത്രം മൊബൈൽ ഉപയോഗിക്കാം.

രാത്രി 8 മണിയോടെ വോട്ടെണ്ണൽ അവസാനിപ്പിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ടിക്കാറാം മീണ പറഞ്ഞു. അതേപോലെ, പോസ്റ്റൽ ബാലറ്റിനായി വോട്ടിംഗ് മെഷീനുകളുടെ വോട്ടെണ്ണൽ നിർത്തിവയ്ക്കില്ല.
സംസ്ഥാനത്തെ എല്ലാ മണ്ഡലങ്ങളിലും ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീനുകളിലെ വോട്ടെണ്ണൽ ആരംഭിച്ചുകഴിഞ്ഞാൽ പൂർത്തിയാകുന്നതുവരെ തുടരുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു. പോസ്റ്റൽ വോട്ടുകൾ എണ്ണി കഴിയുന്നത് വരെ അവസാനത്തെ രണ്ടു റൗണ്ട് ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീനുകളിലെ വോട്ടുകൾ എണ്ണുന്നതു നിർത്തിവയ്ക്കാനായിരുന്നു നേരത്തെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിർദേശം.