ജീവിക്കുന്നത് ഒഡീഷയില്‍ നിന്നുള്ള പെണ്‍കുട്ടിയോടൊപ്പം; സ്വവര്‍ഗ പ്രണയം വെളിപ്പെടുത്തുന്ന ആദ്യ ഇന്ത്യൻ കായിക താരമായി ദ്യുതി ചന്ദ്

single-img
19 May 2019

തന്റെ സ്വവർഗ പ്രണയം വെളിപ്പെടുത്തി ഇന്ത്യന്‍ വനിതാ സ്പ്രിന്റര്‍ ദ്യുതി ചന്ദ്. താൻ തന്റെ ജന്മ നാടായ ഒഡീഷയില്‍ നിന്നുള്ള പെണ്‍കുട്ടിയോടൊപ്പമാണ് ജീവിക്കുന്നതെന്ന് ദ്യുതി വെളിപ്പെടുത്തി. ഇതോടെ സ്വവര്‍ഗാനുരാഗം വെളിപ്പെടുത്തുന്ന ആദ്യ ഇന്ത്യൻ കായിക താരമായി ദ്യുതി ചന്ദ് മാറി.

തന്റെ പ്രണയം എന്നത് താൻ സ്വയം തെരഞ്ഞെടുത്തതാണ്. ഓരോ വ്യക്തിക്കും അവർക്ക് ഇഷ്ടമുള്ളവരെ പ്രണയിക്കാനും തെരഞ്ഞെടുക്കാനുമുള്ള അവകാശമുണ്ടെന്ന് കരുതുന്ന ആളാണ് താനെന്നും ദ്യുതി പറഞ്ഞു. സ്വവർഗരതി രാജ്യത്ത് കുറ്റകരമല്ലെന്ന സുപ്രീംകോടതി വിധിയാണ് ഇത് തുറന്ന് പറയാൻ ഇപ്പോൾ തനിക്ക് ധെെര്യം തന്നതെന്നും ദ്യുതി ചന്ദ് പറഞ്ഞു.

എന്നാൽ ഏത് വ്യക്തിയാണ് തന്റെ പങ്കാളിയെന്ന് വെളിപ്പെടുത്താൻ ദ്യുതി ചന്ദ് തയ്യാറായില്ല. ആളുകളുടെ അനാവശ്യമായ ശ്രദ്ധ അവരിലേക്ക് തിരിയാതിരിക്കാനാണ് പേര് വെളിപ്പെടുത്താത്തതെന്ന് താരം വ്യക്തമാക്കി. ആഭ്യന്തര മത്സരങ്ങളിൽ100 മീറ്റർ, 200 മീറ്റർ ഓട്ടത്തിൽ ദേശീയ ചാമ്പ്യനായ ദ്യുതി ചന്ദ്, ഇന്ത്യക്കായി നിരവധി രാജ്യാന്തര മത്സരങ്ങളിൽ മെഡൽ നേടിയിട്ടുണ്ട്.