ലഹരി മരുന്നായ ‘മെത്തിലീൻ ഡയോക്സീ മെത്താ‍ ആംഫിറ്റമിനു’മായി രണ്ട് യുവാക്കൾ ആലപ്പുഴയിൽ പിടിയിലായി

single-img
12 May 2019

രണ്ട് യുവാക്കളെ ലഹരി മരുന്നായ മെത്തിലീൻ ഡയോക്സീ മെത്താ‍ ആംഫിറ്റമിനുമായി (എംഡിഎംഎ) എക്സൈസ് അറസ്റ്റ് ചെയ്തു. കാസർകോട് ജില്ലയിലെ നീലേശ്വരം പള്ളിക്കര കണിയാംവയൽ ഗ്രേസിൽ താമസിക്കുന്ന കോട്ടയം സ്വദേശി ബിബിൻ മാത്യു (27), ഹോസ്ദുർഗ് അജാനൂർ കാഞ്ഞങ്ങാട് ഹാദിൽ മൻസിലിൽ മുഹമ്മദ് ഹാദിൽ (24) എന്നിവരെയാണ് ആലപ്പുഴ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ വി.റോബർട്ടിന്റെ നേതൃത്വത്തിലുള്ള എക്സൈസ് നാർക്കോട്ടിക് സ്പെഷൽ സ്ക്വാഡ് പിടികൂടിയത്.

ആലപ്പുഴയിലെ കെഎസ്ആർടിസി ബസ് സ്റ്റാൻഡ് പരിസരത്തു നിന്നായിരുന്നു ഇവരെ പിടികൂടിയത്. വ്യാഴാഴ്ച രാവിലെയായിരുന്നു അര ഗ്രാം എംഡിഎംഎയും 20 ഗ്രാം കഞ്ചാവും ഒപ്പം ടപ്പെന്റഡോൾ ഗുളികകളുമായി ബിബിനെ പിടികൂടിയത്. നാലു വര്‍ഷത്തോളമായി ലഹരി മരുന്ന് ഉപയോഗിക്കുന്ന ബിബിൻ സ്വന്തം ആവശ്യത്തിനായി കൈവശം സൂക്ഷിച്ച മരുന്നാണു പിടികൂടിയതെന്ന് എക്സൈസ് അറിയിച്ചു.

ഇയാള്‍ കോട്ടയത്തെ ബന്ധുക്കളെ കാണാൻ ആലപ്പുഴയിൽ എത്തിയപ്പോഴാണ് എക്സൈസിന്റെ പിടിയിലായത്. പൗഡറിന്റെ രൂപത്തിലുള്ള ലഹരിമരുന്ന് പുകവലിക്കുന്നതിനായി ഉപയോഗിക്കുന്ന 10, 20 രൂപ കറൻസി റോളുകളും ഇയാളുടെ അടുത്ത് നിന്നും പിടികൂടി.

അതേസമയം, അന്താരാഷ്‌ട്ര വിപണിയിൽ 50,000 രൂപ വില വരുന്ന 7 ഗ്രാം എംഡിഎംഎയും 25 ഗ്രാം കഞ്ചാവുമായാണ് മുഹമ്മദ് ഹാദിലിനെ പിടികൂടിയത്. ഹാദില്‍ ആലപ്പുഴയിൽ വിനോദ സഞ്ചാരികൾക്ക് ലഹരിമരുന്നു വിൽക്കാനെത്തിയതാണെന്ന് എക്സൈസ് പറഞ്ഞു. കര്‍ണാടകയിലെ മംഗലാപുരത്തുനിന്നാണു മരുന്ന് എത്തിച്ചതെന്ന് ഇയാൾ എക്സൈസിനോടു സമ്മതിച്ചു. ഹാദിലിനെ കോടതി റിമാൻഡ് ചെയ്തു.