യു എ ഇയിൽ സജി ചെറിയാൻ നിർമ്മിച്ച പള്ളിയിൽ ദിവസവും നോമ്പു തുറക്കുന്നത് 700 ഓളം പേർ

single-img
9 May 2019

കായംകുളം തത്തിയൂർ സ്വദേശിയായ സജി ചെറിയാന്‍ നിര്‍മിച്ച പളളിയില്‍ ഇത്തവണയും 700 ഓളം പേരാണ് നോമ്പുതുറക്കുന്നത്. അല്‍ഹൈല്‍ ഇന്‍ഡസ്ട്രിയയില്‍ ഏരിയയിലാണ് ക്രിസ്തുമത വിശ്വാസിയായ സജി ചെറിയാൻ പള്ളി നിർമ്മിച്ചിട്ടുള്ളത്. വിവിധ രാജ്യക്കാരായ പ്രവാസി നോമ്പുകാര്‍ ദിവസവും ഇവിടെയെത്തി വിഭവ സമൃദ്ധമായ നോമ്പുതുറയിൽ പങ്കുകൊള്ളും.

ജോലിക്ക്​ ശേഷം തൊഴിലാളികൾക്ക്​ ഒന്നിച്ച്​ കൂടാനും അവർക്കിടയിൽ സഹാനുഭൂതി വളരാനും ഇഫ്​താർ പദ്ധതി സഹായിക്കുന്നതായി ബിസിനസുകാരനായ സജി പറയുന്നു. പദ്ധതിയിലേക്ക്​ നിരവധി മനുഷ്യ സ്​നേഹികൾ സഹായം വാഗ്​ദാനം ചെയ്​തെങ്കിലും ചെലവ്​ സ്വയം വഹിക്കാൻ താൻ തീരുമാനിക്കുകയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

ഇതരമത വിശ്വാസിയായ ഒരാള്‍ യുഎഇയില്‍ നിര്‍മിച്ച ആദ്യത്തെ പള്ളിയാണ് സജി ചെറിയാന്‍ നിര്‍മിച്ച’മറിയം ഉമ്മു ഈസ’ (മറിയം ഈസയുടെ മാതാവ്) എന്ന പള്ളി. പള്ളി നിര്‍മിക്കുന്നതിന് മുന്‍പ് ഇഫ്താര്‍ ടെന്റുകളില്‍ പോയി സജി തൊഴിലാളികള്‍ക്ക് ഭക്ഷണം വിതരണം ചെയ്യുമായിരുന്നു.  

കടുത്തവെയിലില്‍ തൊഴിലാളികള്‍ പ്രാര്‍ത്ഥനയ്ക്കായി ഏറെ ദൂരം നടക്കുന്നത് കണ്ടപ്പോഴാണ്, പളളി നിര്‍മിക്കണമെന്ന ആശയത്തിലേക്ക് സജി ചെറിയാനെത്തിയത്. തുടര്‍ന്ന് ഫുജൈറയിലെ ജനറല്‍ അതോറിറ്റി ഓഫ് ഇസ്‌ലാമിക് അഫയേഴ്‌സിനെ സമീപിക്കുകയും, നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുകയുമായിരുന്നു.

ഇന്ത്യക്കാര്‍ക്ക് പുറമെ പാകിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്‍ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള വിശ്വാസികളും ഇപ്പോള്‍ നോമ്പുതുറക്കാനായി പള്ളിയിലെത്തും. അവര്‍ക്ക് വ്യത്യസ്ഥമായ വിഭവങ്ങളൊരുക്കി നോമ്പ് തുറപ്പിക്കുകയാണ് ഈ മലയാളി.

2003ല്‍, 630 ദിര്‍ഹവുമായി ദുബയിലെത്തിയ സജി ചെറിയാന്‍ നിര്‍മാണ തൊഴിലാളിയായി ജോലിചെയ്തിട്ടുണ്ട്. നിലവില്‍ ജീവകാരുണ്യമേഖലയില്‍ സജീവമായ സജി ചെറിയാന്‍, വ്യവസായിയാണ്.