അവർ പാകിസ്താനികളാണ്: വരുൺ ഗാന്ധിയുടെ വിവാദ പരാമർശം ഇക്കുറി മഹാസഖ്യത്തിനെതിരെ

single-img
6 May 2019

ഉത്തര്‍പ്രദേശിലെ എസ്‌പി-ബിഎസ്‌പി മഹാസഖ്യത്തിനെതിരെ വീണ്ടും വിവാദപരാമര്‍ശവുമായി ബിജെപി നേതാവും എംപിയുമായ വരുണ്‍ ഗാന്ധി. ഉത്തർപ്രദേശിലെ മഹാസഖ്യത്തിലെ നേതാക്കള്‍ പാകിസ്‌താനികളാണ്‌ എന്നാണ്‌ വരുണ്‍ ആരോപിച്ചത്‌.

സുൽത്താൻപൂരിൽ നിന്നും മത്സരിക്കുന്ന തന്റെ അമ്മ മനേക ഗാന്ധിയുടെ തെരെഞ്ഞെടുപ്പ് പ്രചാരണ റാലിയിൽ സംസാരിക്കുന്നതിനിടെയാണ് വരുൺ ഗാന്ധിയുടെ വിവാദ പരാമർശം. അമ്മയ്‌ക്ക്‌ വേണ്ടി വോട്ട്‌ ചെയ്യണമെന്ന്‌ ആവശ്യപ്പെട്ട വരുണ്‍ മഹാസഖ്യത്തിന്‌ വോട്ട്‌ ചെയ്യരുതെന്നും ജനങ്ങളോട്‌ അഭ്യര്‍ത്ഥിച്ചു.

“ഞാൻ നിങ്ങളുടെ മുന്നിൽ വന്നിരിക്കുന്നത് മാതൃരാജ്യത്തിനു വേണ്ടി വോട്ടു ചോദിക്കാനാണ്, അല്ലാതെ എന്റെ മാതാവിനു വേണ്ടിയല്ല. ഇവര്‍ പാകിസ്‌താന്‍കാരാണ്‌. ആണോ അല്ലയോ?” എസ്‌പി-ബിഎസ്‌പി നേതാക്കളെക്കുറിച്ച്‌ വരുണ്‍ ചോദിച്ചപ്പോള്‍ നിറഞ്ഞ കരഘോഷവും ആർപ്പുവിളികളുമായിരുന്നു മറുപടി.
” ആരാണ്‌ രാമഭക്തര്‍ക്ക്‌ നേരെ വെടിയുതിര്‍ത്തത്‌?” വരുണ്‍ ഗാന്ധി തുടര്‍ന്നു ചോദിച്ചു.
“മുലായം സിങ്‌ യാദവ്‌” എന്ന്‌ ജനക്കൂട്ടത്തിൽ നിന്നും മറുപടി കിട്ടി.
” 500 പേര്‍ കൊല്ലപ്പെട്ടു, അവരുടെ രക്തം ചിന്തി..നമുക്കത്‌ മറക്കാന്‍ കഴിയില്ല” വരുണ്‍ പറഞ്ഞു.

1990-ൽ നടന്ന അയോധ്യ വെടിവയ്‌പ്‌ ഓര്‍മ്മിപ്പിച്ചുകൊണ്ടായിരുന്നു വരുണ്‍ ഗാന്ധിയുടെ പ്രസംഗം. ബാബരി മസ്ജിദ് തകർക്കാൻ അയോധ്യയിലേക്ക്‌ മാര്‍ച്ച്‌ ചെയ്‌ത കര്‍സേവകരെ വെടിവയ്‌ക്കാന്‍ സമാജ് വാദി പാർട്ടി സ്ഥാപകനും അന്നത്തെ ഉത്തര്‍പ്രദേശ്‌ മുഖ്യമന്ത്രിയുമായ മുലായം സിങ്‌ യാദവ്‌ ഉത്തരവിട്ടതിനെക്കുറിച്ചായിരുന്നു വരുണിന്റെ ഓര്‍മ്മപ്പെടുത്തല്‍.

എസ്‌പി-ബിഎസ്‌പി സഖ്യത്തിന്റെ സ്ഥാനാര്‍ത്ഥിക്ക്‌ തന്റെ ഷൂലേസ്‌ അഴിക്കാനുള്ള യോഗ്യതയെ ഉള്ളു എന്ന്‌ കഴിഞ്ഞദിവസം വരുണ്‍ ഗാന്ധി പറഞ്ഞതും വിവാദമായിരുന്നു. നിലവിൽ സുൽത്താൻപൂരിലെ എംപിയായ വരുൺ ഗാന്ധി ഇക്കുറി പിലിഭിത്തിൽ നിന്നാണ് ജനവിധി തേടുന്നത്. മനേകാ ഗാന്ധിയാണ് നിലവിൽ പിലിഭിത്തിലെ എംപി. മേയ് 12-ന് നടക്കുന്ന ആറാം ഘട്ട വോട്ടെടുപ്പിലാണ് സുൽത്താൻ പൂരിൽ ജനവിധി.