ഏഴ് വയസുകാരനെ അമ്മയുടെ സുഹൃത്ത് മർദിച്ചു കൊലപ്പെടുത്തിയ സംഭവം; അമ്മക്കെതിരെ കേസെടുക്കാൻ പോലീസിന് ശിശുക്ഷേമ സമിതിയുടെ നിർദേശം

single-img
6 May 2019

തൊടുപുഴയിൽ ഏഴ് വയസുകാരനെ അമ്മയുടെ സുഹൃത്ത് ക്രൂരമായി മർദിച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ കുട്ടിയുടെ അമ്മക്കെതിരെ കേസെടുക്കാൻ പോലീസിന് ശിശുക്ഷേമ സമിതിയുടെ നിർദേശം. ശിശുസംരക്ഷണ സമിതി തയ്യാറാക്കിയ റിപ്പോർട്ട് പ്രകാരമാണ് കേസെടുക്കാൻ നിർദേശം നൽകിയത്. ബാലനീതി നിയമം 75ാം വകുപ്പ് പ്രകാരം കേസെടുക്കാനാണ് നിർദേശം. 10 വർ‍‍ഷം വരെ തടവും അഞ്ച് ലക്ഷം രൂപ പിഴയും ശിക്ഷ ലഭിക്കാവുന്ന വകുപ്പാണിത്. നിലവിൽ കുട്ടിയുടെ അമ്മ എറണാകുളത്ത് മാനസിക ചികിത്സയിലാണ്.

അമ്മയ്‌ക്കെതിരെ കേസെടുക്കാതിരുന്നതിൽ വ്യാപക പ്രതിഷേധങ്ങൾ ഉയരുകയുണ്ടായിരുന്നു. കേരളാ സൈബർ വാരിയേഴ്‌സ് സംസ്ഥാന സർക്കാരിന്റെ വെബ്സൈറ്റുകൾ ഹാക്ക് ചെയ്തുകൊണ്ട് ഇതിൽ പ്രതിഷേധം അറിയിക്കുകയുമുണ്ടായതാണ്.

സംസ്ഥാന ശിശുക്ഷേമ സമിതിയുടെ തീരുമാനപ്രകാരം കുട്ടിയുടെ ഇളയസഹോദരനെ അച്ഛന്റെ മാതാപിതാക്കൾക്കൊപ്പം വിട്ടു. കുട്ടിയെ കൈമാറാൻ സാധിക്കില്ല എന്ന് അവസാന നിമിഷം കുട്ടിയുടെ അമ്മൂമ്മ നിലപാടെടുത്തു എങ്കിലും ശിശുക്ഷേമ സമിതി നിർദ്ദേശപ്രകാരംപോലീസ് കുട്ടിയെ കൂട്ടിക്കൊണ്ട് വന്ന് അച്ഛന്റെ മാതാപിതാക്കൾക്ക് കൈമാറുകയായിരുന്നു.

ഏഴുവയസ്സുകാരന്റെ സംസ്കാരച്ചടങ്ങുകൾക്ക് ശേഷം അ​മ്മ​യെ​യും അനുജനെയും അമ്മൂമ്മയെയും കുടുംബശ്രീയുടെ കീഴിൽ പ്രവർത്തിക്കുന്ന ക​ട്ട​പ്പ​ന​യി​ലെ അ​ഭ​യ​കേ​ന്ദ്ര​ത്തിലേക്ക് എത്തിച്ചിരുന്നു. ഇടുക്കി ജില്ലാ ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെയും ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റിന്‍റെയും അനുമതിയോടെയാണ് ഇവരെ ഗാർഹിക പീഡനത്തിന് ഇരകളായ സ്ത്രീകൾക്ക് താൽക്കാലിക അഭയം കൊടുക്കുന്ന ഈ കേന്ദ്രത്തിൽ എത്തിച്ചത്.