ഷോർട്ട്സ് ധരിച്ച യുവതികളെ ബലാത്സംഗം ചെയ്യാൻ ആഹ്വാനം ചെയ്ത സ്ത്രീയെ തടഞ്ഞുവെച്ച് ഡൽഹിയിലെ യുവതികൾ: വീഡിയോ വൈറൽ

single-img
1 May 2019

ഡൽഹിയിലെ റസ്റ്റോറന്റിൽ ഷോർട്ട്സ് ധരിച്ചെത്തിയ യുവതികളെ ബലാത്സംഗം ചെയ്യാൻ യുവാക്കളോട് ആഹ്വാനം ചെയ്ത മദ്ധ്യവയസ്കയെ തടഞ്ഞുവെച്ച് ചോദ്യം ചെയ്യുന്ന യുവതികളുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു.

ശിവാനി ഗുപ്ത എന്ന യുവതിയാണ് തങ്ങളെ ബലാത്സംഗം ചെയ്യാൻ ആഹ്വാനം ചെയ്ത മദ്ധ്യവയസ്കയെ തടഞ്ഞുവെച്ച് ചോദ്യം ചെയ്യുന്ന വീഡിയോ ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഒരു ഷോപ്പിംഗ് മോളിലേയ്ക്ക് കയറിപ്പോകുന്ന മദ്ധ്യവയസ്കയെ പിന്തുടരുന്ന യുവതികൾ അവരെ ചോദ്യം ചെയ്യുന്നയിടത്താണ് വീഡിയോ ആരംഭിക്കുന്നത്.

https://www.facebook.com/shivani.gupta.31/videos/10156696568474934/

“ ഈ വീഡിയോയിൽ നിങ്ങൾ കാണുന്ന മദ്ധ്യവയസ്ക ഒരു റെസ്റ്റോറന്റിലിരുന്ന ഏഴു യുവാക്കളോട് ഞങ്ങളെ ബലാത്സംഗം ചെയ്യാൻ ആവശ്യപ്പെട്ടു. ഞങ്ങൾ ഇറക്കം കുറഞ്ഞ വസ്ത്രം ധരിച്ചിരിക്കുന്നതിനാൽ ഞങ്ങൾ അത് അർഹിക്കുന്നു എന്ന് വിചാരിക്കുന്ന ഇവരുടെ ക്ഷണിക്കപ്പെടാത്ത അഭിപ്രായ പ്രകടനത്തെ ഞങ്ങൾ ചോദ്യം ചെയ്തു. അവരെ ഒരു ഷോപ്പിംഗ് സെന്ററിൽ വെച്ച് ഞങ്ങൾ തടഞ്ഞുവെച്ച ശേഷം മാപ്പ് പറയാൻ ആവശ്യപ്പെട്ടെങ്കിലും അവർ അവരുടെ അഭിപ്രായത്തിൽ ഉറച്ചു നിൽക്കുകയായിരുന്നു.” ശിവാനി ഫെയ്സ്ബുക്കിൽ കുറിച്ചു.

ഷോപ്പിംഗ് സെന്ററിൽ വെച്ചും തന്റെ അഭിപ്രായത്തിൽ തന്നെ ഉറച്ചു നിന്ന സ്ത്രീയെ സംഗതികണ്ടു നിന്ന മറ്റൊരു പ്രായമുള്ള സ്ത്രീ ചോദ്യം ചെയ്യുന്നുമുണ്ട്. തന്റെ മകളും ഇറക്കം കുറഞ്ഞ വസ്ത്രങ്ങൾ ധരിക്കാറുണ്ടെന്നും അതിന്റെ പേരിൽ അവളെ ബലാത്സംഗം ചെയ്യാൻ ആഹ്വാനം ചെയ്യാൻ ആർക്കും അധികാരമില്ലെന്നാണ് താൻ കരുതുന്നതെന്നും ഈ കാഴ്ചക്കാരിയായ സ്ത്രീ അഭിപ്രായപ്പെടുന്നു. എന്നിട്ടും അചഞ്ചലയായി തന്റെ പ്രാകൃതമായ കാഴ്ചപ്പാടിനെ ന്യായീകരിച്ച മധ്യവയസ്കയോട് അവർ തട്ടിക്കയറുന്നുമുണ്ട്.

അവസാനം ക്യാമറയുടെ നേരെ തിരിഞ്ഞ് കാഴ്ചക്കാരോടെന്നവണ്ണം സദാചാരത്തെക്കുറിച്ച് ഈ സ്ത്രീ ക്ലാസെടുക്കുന്ന രീതിയിലാണ് വീഡിയോ അവസാനിക്കുന്നത്. ഇറക്കം കുറഞ്ഞവസ്ത്രം ധരിക്കുന്ന സ്ത്രീകൾ പുരുഷന്മാരെ തങ്ങളുടെ അടുത്തേയ്ക്ക് ക്ഷണിക്കുന്നവരാണെന്നും അവർ ബലാത്സംഗം ചെയ്യപ്പെടേണ്ടവരാണെന്നും ഈ സ്ത്രീ ഉറപ്പിച്ചു പറയുന്നു.

ശിവാനി ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്ത വീഡിയോ ആറുലക്ഷത്തോളം പേർ കാണുകയും 13000-ലധികം പേർ ഷെയർ ചെയ്യുകയും ചെയ്തിട്ടുണ്ട്.