ലീഗ് പ്രവർത്തകർ കള്ളവോട്ട് ചെയ്തെന്ന് കളക്ടർ: ഹാജരാകാൻ നോട്ടീസ്

single-img
1 May 2019

കാസർഗോഡ്: പുതിയങ്ങാടിയിലെ രണ്ടു ബൂത്തുകളില്‍ മുസ്ലീം ലീഗ് പ്രവര്‍ത്തകര്‍ കള്ളവോട്ട് ചെയ്‌തെന്ന പരാതിയില്‍ ജില്ലാ കളക്ടറുടെ ആദ്യഘട്ട തെളിവെടുപ്പ് പൂര്‍ത്തിയായി.

ആഷിഖ് എന്നയാള്‍ 69–ാം നമ്പര്‍ ബൂത്തില്‍ രണ്ടുതവണ വോട്ടുചെയ്തെന്ന് കണ്ടെത്തി. 69–ാം നമ്പര്‍ ബൂത്തിലെ വോട്ടറായ മുഹമ്മദ് ഫായിസ് 70–ാം ബൂത്തിലും വോട്ട് ചെയ്തു. ഹാജരാകാൻ രണ്ടുപേര്‍ക്കും കലക്ടർ നോട്ടിസ് നൽകി. വിശദീകരണം നല്‍കുന്നതിനായി നാളെ രണ്ടുമണിക്ക് ഹാജരാകാൻ രണ്ടുപേർക്കും നോട്ടീസ് അയച്ചിട്ടുണ്ട്.

കാസര്‍കോട് ലോക്‌സഭാ മണ്ഡലത്തിലെ പുതിയങ്ങാടി ജമാഅത്ത് സ്‌കൂളിലെ രണ്ട് ബൂത്തുകളില്‍ കള്ളവോട്ട് നടന്നുവെന്നായിരുന്നു പരാതി. മുസ്ലീം ലീഗ് പ്രവര്‍ത്തകരായ ആഷിഖ്, ഫായിസ് എന്നിവര്‍ ഈ ബൂത്തുകളില്‍ കള്ളവോട്ട് ചെയ്‌തെന്നായിരുന്നു സി.പി.എമ്മിന്റെ ആരോപണം. കള്ളവോട്ടിന്റെ ദൃശ്യങ്ങളും സി.പി.എം. പുറത്തുവിട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പരാതിയില്‍ അന്വേഷണം നടത്താന്‍ മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ ജില്ലാ കളക്ടര്‍ക്ക് നിര്‍ദേശം നല്‍കിയത്.

എന്നാൽ മുൻപ് യൂത്ത് ലീഗ് പ്രവർത്തകനായിരുന്ന താൻ ഈയടുത്തകാലത്തായി സിപിഎം അനുഭാവിയാണെന്ന് കള്ളവോട്ടില്‍ ആരോപണ വിധേയനായ മുഹമ്മദ് ഫായിസ് മീഡിയാ വൺ ചാനലിനനുവദിച്ച അഭിമുഖത്തിൽ പറഞ്ഞു. കല്ല്യാശേരിയിലെ എഴുപതാം നമ്പര്‍ ബൂത്തില്‍ ക്യൂ നിന്നത് ഓപ്പണ്‍ വോട്ട് ചെയ്യാനാണെന്നും ഫായിസ് വാദിക്കുന്നു.