ഇനി പ്രവര്‍ത്തനം ആലത്തൂരില്‍; രമ്യ ഹരിദാസ് കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനം രാജി വച്ചു

single-img
29 April 2019

കോഴിക്കോട്: നടന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ ആലത്തൂര്‍ മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച രമ്യാ ഹരിദാസ് കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനം രാജി വച്ചു. ആലത്തൂരിൽ തന്നെ പ്രവർത്തനം കേന്ദ്രീകരിക്കാൻ പാർട്ടി നിർദേശിച്ചതിനെ തുടർന്നാണ് പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനം രാജിവച്ചത്.

ഒരു വലിയ ഉത്തരവാദിത്വത്തില്‍നിന്നുകൊണ്ടാണ് ആലത്തൂരില്‍ മത്സരിച്ചതെന്ന് രമ്യ ഹരിദാസ് മാധ്യമങ്ങളോട് ഇതിനെ പറ്റി പ്രതികരിച്ചു. ‘പാര്‍ട്ടി ഇപ്പോള്‍ എന്നെ വലിയ ഒരു ഉത്തരവാദിത്വമാണ് ഏല്‍പ്പിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പില്‍ മത്സരിക്കുമ്പോള്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് പോസ്റ്റില്‍ ഉത്തരവാദിത്വത്തോടെ ജോലി ചെയ്യാനാകില്ല എന്നതുകൊണ്ട് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചപ്പോള്‍ തന്നെ രാജി വയ്ക്കാനുള്ള അനുവാദം ചോദിച്ചിരുന്നു. എന്നാല്‍ അപ്പോള്‍ തെരഞ്ഞെടുപ്പ് കഴിയട്ടേ എന്നായിരുന്നു പാര്‍ട്ടി അറിയിച്ചത്’ രമ്യ ഹരിദാസ് പറയുന്നു. ഇന്ന് തന്നെ ആലത്തൂരിലേക്ക് പോകുന്ന രമ്യ ഇനി തന്‍റെ പ്രവര്‍ത്തനം ആലത്തൂരിലാണെന്നും കൂട്ടിച്ചേര്‍ത്തു.