കാസർഗോഡ് യുഡിഎഫ് വ്യാപകമായി കള്ളവോട്ട് ചെയ്തെന്ന് സിപിഎം: ഗൾഫിലുള്ളവരും പട്ടികയിലില്ലാത്തവരും വോട്ട് ചെയ്തു

single-img
29 April 2019

കാസർഗോഡ് മണ്ഡലത്തിൽ യുഡിഎഫ് വ്യാപകമായി കള്ളവോട്ടുകൾ ചെയ്തതായി ആരോപണം. ഗൾഫിൽ ജോലി ചെയ്യുന്നവരുടേതും പട്ടികയിൽ ഇല്ലാത്തവരുടേതുമടക്കം നിരവധി വോട്ടുകൾ അനധികൃതമായി രേഖപ്പെടുത്തിയതായി പ്രാദേശിക സിപിഎം നേതാക്കൾ ആരോപിക്കുന്നു.

കാസർഗോഡ് മണ്ഡലത്തിലെ പള്ളിക്കര പഞ്ചായത്തിൽ ഗൾഫിലുള്ള അനുജന്റെ വോട്ട് രേഖപ്പെടുത്താൻ ജ്യേഷ്ഠൻ എത്തിയപ്പോൾ ഉണ്ടായ വാക്കുതർക്കത്തിന്റെ വീഡിയോയും സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

ലീഗിന്റെ കള്ളവോട്ട് വീഡിയൊ, ബൂത്ത് പിടുത്തം, ഗുണ്ടായിസം കാണുകഉദുമ മണ്ഡലത്തിലെ പള്ളിക്കരയിലെ 126 നമ്പർ ബൂത്തിൽ കള്ളവോട്ട് തടഞ്ഞ പ്രിസൈഡിങ്ങ് ഓഫീസറെയും, പോളിങ്ങ് ഉദ്യോഗസ്ഥരെയും ലീഗിന്റെ നേതാക്കാൾ ഭീഷണിപ്പെടുത്തുകയാണ്.ഗൾഫിലുള്ള അനിയന്റെ വോട്ട് ചെയ്യാൻ ജ്യേഷ്ഠൻ വന്നപ്പോഴാണ് പിടിക്കപ്പെട്ടത്.ഇതു പോലെ ആയിരക്കണക്കിന് വോട്ടാണ് കാസർഗോഡ് ലീഗ് നടത്തിയത്.ഉംറക്ക് പോയവരുടെ വോട്ടും,ഗൾഫിൽ വെക്കേഷൻ ടൂർ പോയവരുടെയും,ജോലി ചെയ്യുന്നവരുടെയും ഉൾപ്പെടെയുള്ള വോട്ടുകൾ ആണ് ഇതു പോലെ കള്ളവോട്ടായി ചെയ്തിട്ടുള്ളത്. ഇതൊക്കെ പുറത്ത് വരും എന്ന് ഭയന്നതുകൊണ്ടാണ് കാസർഗോഡെ വ്യവസായിയും ലീഗ് നേതാവുമായ മാന്യന്റെ പണം വാങ്ങി ഓപ്പൺ വോട്ട് കള്ളവോട്ടാക്കി ചില മാധ്യമങ്ങൾ പുറത്ത് വിട്ടത്.തീർന്നില്ല,ഇനിയും വരുന്നുണ്ട്, മാധ്യമങ്ങൾ നൽകിയില്ലെങ്കിലും ലീഗിന്റെ ബൂത്ത് പിടുത്തം നമ്മൾ തുറന്നു കാണിക്കും, അതിനായ് നാം സ്വയം മാധ്യമാവുക.

Posted by Shajar Muhammed on Sunday, April 28, 2019

കല്ലിങ്കാൽ ഗവണെന്റ് മാപ്പിള യുപി സ്കൂളിൽ പ്രവർത്തിച്ചിരുന്ന 126-ആം നമ്പർ ബൂത്തിലെ 1168-ആം നമ്പർ വോട്ടറായ ഗൾഫിൽ ജോലി ചെയ്യുന്ന ഇൻതിയാസ് അസ്ലം എന്നയാളുടെ വോട്ട് രേഖപ്പെടുത്തുന്നതിനായി അദ്ദേഹത്തിന്റെ അനുജനായ മുഹമ്മദ് അഫ്സൽ (1169-ആം നമ്പർ വോട്ടർ) എത്തിയപ്പോഴാണ് വാക്കുതർക്കം ഉണ്ടായതെന്ന് സിപിഎം ഉദുമ ഏരിയാ സെക്രട്ടറി മണികണ്ഠൻ ഇവാർത്തയോട് പറഞ്ഞു. ഇത് ചോദ്യം ചെയ്ത എൽഡിഎഫ് ബൂത്ത് ഏജന്റ് ആയിരുന്ന പ്രദീപിനെ യുഡിഎഫ് ബൂത്ത് ഏജന്റ് ആയിരുന്ന ലീഗ് നേതാവ് സിദ്ദിഖ് പള്ളിക്കര ഭീഷണിപ്പെടുത്തിയതായും മണികണ്ഠൻ ആരോപിക്കുന്നു.

അതുപോലെ, 313-ആം നമ്പർ വോട്ടറായ ഗൾഫിൽ ജോലി ചെയ്യുന്ന അബൂബക്കർ സിദ്ദീഖിനു പകരം വോട്ട് ചെയ്തത് 125-ആം നമ്പർ ബൂത്തിലെ വോട്ടറായ സിദ്ദിഖ് ആണെന്നും മണികണ്ഠൻ ആരോപിച്ചു. ഈ വോട്ടിംഗ് തങ്ങളുടെ ബൂത്ത് ഏജന്റ് പണം കെട്ടിവെച്ച് ചലഞ്ച് ചെയ്തതായും മണികണ്ഠൻ പറഞ്ഞു.

“പള്ളിക്കര ഗവണ്മെന്റ് വെൽഫെയർ എൽപി സ്കൂളിൽ പ്രവർത്തിച്ചിരുന്ന 124-ആം നമ്പർ ബൂ‍ത്തിൽ നൂറിലധികം കള്ളവോട്ടുകൾ നടന്നിട്ടുണ്ട്. ഗൾഫിൽ ജോലി ചെയ്യുന്നതും നാട്ടിലില്ലാത്തതുമായ നിരവധിയാളുകളുടെ വോട്ടുകൾ മറ്റുള്ളവരാണ് ചെയ്തത്. 9-ആ നമ്പർ വോട്ടറായ ഇസ്മായിൽ, 10-ആം നമ്പർ വോട്ടറായ ലത്തീഫ്, 12-ആം നമ്പർ വോട്ടറായ ജലാലുദ്ദീൻ, 151-ആം നമ്പർ വോട്ടറായ ഫൈസൽ, 484-ആം നമ്പർ വോട്ടറായ ഹംസ എന്നിവർ ഗൾഫിലാണ്. പക്ഷേ അവരുടെയെല്ലാം വോട്ടുകൾ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്.“ മണികണ്ഠൻ ഇവാർത്തയോട് പറഞ്ഞു.

ഇതേ സ്കൂളിൽ പ്രവർത്തിച്ചിരുന്ന 125-ആം നമ്പർ ബൂത്തിലെ പട്ടികയിൽ നിന്നും നീക്കം ചെയ്യപ്പെട്ട വോട്ടർമാരായ ഹംസ (304), ഫാത്തിമ (305) എന്നിവർ വോട്ട് ചെയ്തതായും മണികണ്ഠൻ ആരോപിക്കുന്നു.

ഈ വിവരങ്ങളെല്ലാം ചേർത്ത് തെരെഞ്ഞെടുപ്പ് കമ്മീഷനു പരാതി നൽകുവാനാണ് ഇടതുമുന്നണിയുടെ തീരുമാനമെന്നും മണികണ്ഠൻ പറഞ്ഞു. ഇതോടെ കാസർഗോഡ് ജില്ലയിലെ കള്ളവോട്ട് ആരോപണങ്ങളിൽ ഇരുവിഭാഗവും പ്രതിക്കൂട്ടിലായിരിക്കുകയാണ്.