ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ക്ക് പകരം ഇനി ഒറ്റ കാര്‍ഡ് ഉപയോഗിച്ചാല്‍ മതി; പുതിയ പരീക്ഷണവുമായി യൂണിയന്‍ – ഇന്‍ഡസ് ബാങ്കുകള്‍

single-img
24 April 2019

മുംബൈ: നിലവില്‍ പ്രത്യേകം ഉപയോഗിക്കുന്ന ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ക്ക് പകരം ഒറ്റ കാര്‍ഡുമായി രണ്ടു ബാങ്കുകള്‍ എത്തുന്നു. പൊതുമേഖലയിലെ യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യയും ഇന്‍ഡസ് ഇന്‍ഡ് ബാങ്കുമാണ് ഉപഭോക്താക്കള്‍ക്ക് ഏറെ സൗകര്യപ്രദമായ ഈ കാര്‍ഡ് പരീക്ഷണ അടിസ്ഥാനത്തില്‍ അവതരിപ്പിച്ചത്.

പുതുതായി രൂപകല്‍പ്പന ചെയ്തിരിക്കുന്ന ഇവയ്ക്ക് ‘ഡ്യൂവോ കാര്‍ഡുകള്‍’ എന്നാണ് ഇന്‍ഡസ് ഇന്‍ഡ് ബാങ്ക് പേര് നല്‍കിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് ഈ സംവിധാനം നിലവില്‍ കൊണ്ടുവന്നത്. യൂണിയന്‍ ബാങ്കാവട്ടെ, നല്‍കിയിരിക്കുന്ന പേര് ‘കോംപോ കാര്‍ഡുകള്‍’ എന്നാണ്. അവര്‍ കഴിഞ്ഞ നവംബറിലാണ് ഈ സംവിധാനം ആദ്യമായി അവതരിപ്പിച്ചത്.

ഇതില്‍, യൂണിയന്‍ ബാങ്ക് റുപെയുമായി സഹകരിച്ചും ഇന്‍ഡസ് ഇന്‍ഡ് ബാങ്ക് വിസയുമായി സഹകരിച്ചുമാണ് ഈ സംവിധാനം അവതരിപ്പിച്ചിരിക്കുന്നത്. ഇന്‍ഡസ് ബാങ്ക് കാര്‍ഡ് ഉപയോഗിക്കുമ്പോള്‍ ഓരോ 150 രൂപയുടെ പര്‍ച്ചേസിനും ഒരു റിവാര്‍ഡ് പോയിന്റ് വീതം ലഭിക്കും. പുറമേ രണ്ട് ലക്ഷം രൂപയുടെ അപകട ഇന്‍ഷുറന്‍സ് പരിരക്ഷയും ബാങ്ക് വാഗ്ദാനം ചെയ്യുന്നു.

എന്നാല്‍ നാല് ലക്ഷം രൂപയുടെ അപകട ഇന്‍ഷുറന്‍സ് പരിരക്ഷയാണ് യൂണിയന്‍ ബാങ്കിന്റെ വാഗ്ദാനം. ഇത്തരത്തിലുള്ള കാര്‍ഡുകള്‍ക്ക് യൂണിയന്‍ ബാങ്ക് 200 രൂപ ഒറ്റത്തവണ സേവന നിരക്ക് ഈടാക്കും.