എന്‍ കെ പ്രേമചന്ദ്രന് വേണ്ടി ബിജെപിയുടെ വോട്ട് മറിക്കൽ ആരോപണം; ബിജെപിയുടെ 92 പേര്‍ വരേണ്ട യോഗത്തില്‍ പങ്കെടുത്തത് വെറും ഒൻപത് പേർ

single-img
20 April 2019

എന്‍ കെ പ്രേമചന്ദ്രന് വേണ്ടി വോട്ട് മറിക്കുന്നതായി ആരോപണത്തെ തുടര്‍ന്ന് കൊല്ലത്ത് ബിജെപി പ്രതിസന്ധിയിൽ. ആരോപണത്തില്‍ പ്രതിഷേധിച്ച് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിനായി സംസ്ഥാന നേതൃത്വത്തത്തിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് വിളിച്ചു ചേര്‍ത്ത യോഗത്തില്‍ പങ്കെടുത്തത് വെറും ഒമ്പത് പേര്‍ മാത്രമാണ്. ഏകദേശം 90 ന് മുകളില്‍ ആള്‍ക്കാര്‍ പങ്കെടുക്കേണ്ട യോഗത്തിനാണ് ഈ അവസ്ഥ.

പ്രേമചന്ദ്രന് വേണ്ടി വോട്ടു മറിക്കുകയാണെന്ന് ബിജെപിയിലെ തന്നെ ഒരു വിഭാഗം ആരോപണം ഉന്നയിച്ച് രംഗത്ത വരികയായിരുന്നു. സിപിഎം ഇക്കാര്യം പ്രചരണ വിഷയമാക്കി മാറ്റുകയായിരുന്നു.  ഇതിനെ തുടർന്ന് തെരഞ്ഞെടുപ്പ് സമിതി അദ്ധ്യക്ഷന്‍ അടക്കം പ്രവര്‍ത്തകര്‍ നിസ്സഹകരണം പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് കൊല്ലത്തെ ബിജെപി സ്ഥാനാര്‍ത്ഥിക്ക് തെരഞ്ഞെടുപ്പ് പ്രചരണം പോലും നിര്‍ത്തി വെയ്‌ക്കേണ്ടി വന്നിരിക്കുകയാണ്.

ബിജെപിയുടെ തെരഞ്ഞെുടപ്പ് പ്രചരണങ്ങളെ ഇത് കാര്യമായി ബാധിച്ചിരിക്കുകയാണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി രണ്ടാമതെത്തിയ ചാത്തന്നൂരില്‍ പോലും പ്രവര്‍ത്തനം തീരെ മോശമാണെന്ന് ആക്ഷേപമുണ്ട്. കൊല്ലത്ത് ദുര്‍ബ്ബലനായ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയത് തന്നെ വോട്ടു മറിക്കാനാണെന്നായിരുന്നു  നേതാക്കൾതന്നെ വാദം ഉന്നയിച്ചത്.

യുവമോര്‍ച്ച മുന്‍ ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ. പ്രശാന്ത്, ബിജെപി ജില്ലാ ലീഗല്‍ സെല്‍ ഭാരവാഹി അഡ്വ.കൈലാസ് നാഥ് തുടങ്ങിയവരാണ് ബിജെപി വോട്ടുകള്‍ ചോരാന്‍ സാധ്യതയുണ്ടെന്നും ഇത് തടയണമെന്നും ആവശ്യപ്പെട്ട് രംഗത്തെത്തിയത്. സംസ്ഥാന നേതൃത്വം പറഞ്ഞിട്ട് വിളിച്ചു ചേര്‍ത്ത തെരഞ്ഞെടുപ്പ് മാനേജ്‌മെന്റ് കമ്മറ്റി യോഗത്തില്‍ ജില്ലാ പ്രസിഡന്റ് ഗോപിനാഥിനെതിരേ രൂക്ഷമായ വിമര്‍ശനം ഉയര്‍ന്നു കഴിഞ്ഞു.