യാത്രക്കാര്‍ക്ക് കനത്ത തിരിച്ചടിയായി 42 വിമാന സര്‍വീസുകളില്‍ ഫ്‌ളൈ ദുബായ് മാറ്റം വരുത്തി

single-img
5 April 2019

ദുബായ്: പ്രവാസികള്‍ക്ക് കനത്ത തിരിച്ചടിയായി ദുബായ് വിമാനകമ്പനികള്‍. ഫ്ളൈ ദുബായിലെ 42 റൂട്ടുകളിലേക്കുള്ള സര്‍വീസുകളില്‍ മാറ്റം വരുത്തിയാണ് കമ്പനികള്‍ പ്രവാസികളെ ദുരിതത്തിലാക്കിയിരിക്കുന്നത്. ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും അല്‍ മക്തൂം വിമാനത്താവളത്തിലേക്കാണ് സര്‍വീസുകള്‍ മാറ്റിയിരിക്കുന്നത്.

ഏപ്രില്‍ 16 മുതല്‍ 45 ദിവസത്തേക്കാണ് ഈ മാറ്റം. മാറ്റം വരുത്തിയതില്‍ കൊച്ചിയിലേക്കും കോഴിക്കോട്ടേക്കുമുള്ള ഫ്ളൈ ദുബായ് സര്‍വീസുകളും ഉള്‍പ്പെട്ടിട്ടുണ്ട്. ദുബായ് അന്താരാഷ്ട്ര വിമാനത്താവളം റണ്‍വേ നവീകരണത്തിനുവേണ്ടി റണ്‍വേ ഭാഗികമായി അടക്കുന്നതിനാലാണ് ഈ മാറ്റം എന്നാണ് കമ്പനികള്‍ അറിയിച്ചിട്ടുള്ളത്.

ഇന്ത്യയിലെ അഹമ്മദാബാദ്, ചെന്നൈ, ഡല്‍ഹി, ഹൈദരാബാദ്, മുംബൈ എന്നിവിടങ്ങളിലേക്കുള്ള സര്‍വ്വീസുകളും ഈ കാലയളവില്‍ അല്‍ മക്തൂം വിമാനത്താവളത്തില്‍ നിന്നാകും പുറപ്പെടുക. ഈ മാസം 16 മുതല്‍ മേയ് 30 വരെയാണ് റണ്‍വേ ഭാഗികമായി അടയ്ക്കുന്നത്.

യാത്രക്കാര്‍ക്ക് വിവിധ ഇടങ്ങളില്‍ നിന്നും ഇവിടെ എത്തിചേരാന്‍ അരമണിക്കൂര്‍ ഇടവിട്ട് സൗജന്യ ബസ് സര്‍വ്വീസ് ഏര്‍പ്പെടുത്തുന്നുണ്ട്.
ഫ്ളൈ ദുബായ്ക്ക് പുറമേ എയര്‍ ഇന്ത്യ, എയര്‍ഇന്ത്യ എക്സ്പ്രസ്, ഇന്‍ഡിഗോ, സ്‌പൈസ് ജെറ്റ് തുടങ്ങിയവയുടെ കേരളത്തിലേക്കുള്ള സര്‍വീസുകളെയും ഇത് ബാധിക്കുമെന്നാണ് സൂചന.