സംഝോത സ്ഫോടനക്കേസ് വിധി: പ്രതികൾ കുറ്റവിമുക്തരായതിന് ഉത്തരവാദി എൻഐഎ എന്ന് മുൻ അന്വേഷണ ഉദ്യോഗസ്ഥൻ

single-img
21 March 2019

സംഝോത എക്സ്പ്രസ് സ്ഫോടനക്കേസിലെ മുഴുവൻ പ്രതികളെയും പ്രത്യേക കോടതി വെറുതെ വിട്ടതിന് എൻഐഎ ഉത്തരവാദിയാണെന്ന് മുൻ അന്വേഷണ ഉദ്യോഗസ്ഥന്റെ ആരോപണം.

സംഝോത എക്സ്പ്രസ് കേസ് നേരത്തെ അന്വേഷിച്ച മുൻ ഐപിഎസ് ഉദ്യോഗസ്ഥൻ വികാഷ് നരേൻ റായി ആണ് എൻഐഎയ്ക്കെതിരായി ആരോപണവുമായി മുന്നോട്ട് വന്നത്. ഇത്രയുംപേർ വിമുക്തതരാക്കപ്പെട്ടതിന് മറുപടി പറയാൻ എൻഐഎയ്ക്ക് ബാധ്യയതയുണ്ടെന്നും അദ്ദേഹം പറഞ്ഞതായി ഇന്ത്യൻ എക്സ്പ്രസ് ദിനപത്രം റിപ്പോർട്ട് ചെയ്യുന്നു.

കേസിലെ പ്രതികൾ കുറ്റവിമുക്തരാക്കപ്പെടുമെന്ന് തീർച്ചയായിരുന്നു എന്നും പ്രോസിക്യൂഷൻ കേസ് കുഴിച്ചുമൂടാൻ ശ്രമിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. അജ്മീർ ദർഗസ്ഫോടനം, മാലേഗാവ് സ്ഫോടനം, മക്കാമസ്ജിദ് സ്ഫോടനം, എന്നിവ സംഝോത കേസുമായി ബന്ധപ്പെട്ടതാണെന്നും ഒരേ ആളുകൾ നടത്തിയതാണെന്നും അദ്ദേഹം ആരോപിച്ചു. എന്നാൽ ഈ ബന്ധം അന്വേഷിക്കുന്നതിൽ എൻഐഎ പരാജയപ്പെട്ടിരിക്കുകയാണ് എന്നും അദ്ദേഹം പറയുന്നു.

മലേഗാവ് സ്ഫോടനക്കേസിൽ മൃദുസമീപനം കാണിക്കണമെന്നാവശ്യപ്പെട്ട് പബ്ലിക് പ്രോസിക്യൂട്ടർക്ക് എൻഐഎയുടെ ഭാഗത്തുനിന്നും സമ്മർദ്ദം ഉണ്ടായിരുന്നു എന്നും അദ്ദേഹം ആരോപിച്ചു. മലേഗാവ് സ്ഫോടനക്കേസിലെ സീനിയർ പബ്ലിക് പ്രോസിക്യൂട്ടർ ആയിരുന്നു രോഹിണി സലിയൻ 2015-ൽ ഇന്ത്യൻ എക്സ്പ്രസിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങളെ ഉദ്ധരിച്ച് ആയിരുന്നു റായി ഇപ്രകാരം പറഞ്ഞത്.

ഇത്രയും പ്രതികൾ കുറ്റവിമുക്തരാക്കിയത് എങ്ങനെ എന്നതിന് എൻഐഎ മറുപടി പറയേണ്ടതുണ്ട്. എൻഐഎ ശേഖരിച്ച തെളിവുകൾ കോടതിയിൽ നിലനിന്നില്ല. എൻഐഎ അന്വേഷണം അട്ടിമറിക്കുകയാണ് ചെയ്തത്. പ്രതികളെ വെറുതെ വിട്ടതിനെതിരെ
എൻഐഎ അപ്പീലിന് പോകാത്തതും അതുകൊണ്ടാണെന്നും റായി ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു.