കുടിവെള്ള സംരക്ഷണം: ശുദ്ധജലം ദുരുപയോഗം ചെയ്യുന്നവര്‍ക്ക്‌ പിഴ ചുമത്തി വാട്ടര്‍ അതോറിറ്റി

single-img
8 March 2019

തൃശൂർ: വേനല്‍ കടുത്തതോടെ കുടിവെള്ള വിതരണ സംരക്ഷണത്തിനും കാര്യക്ഷമമായ വിതരണത്തിനും തൃശൂര്‍ വാട്ടര്‍ അതോറിറ്റി നടപടികള്‍ ആരംഭിച്ചു. ശുദ്ധജലം അനധികൃതമായി ഉപയോഗിക്കുന്നവര്‍ക്കെതിരെ പിഴ ചുമത്തിയും കര്‍ശന നടപടികളാണ്‌ വാട്ടര്‍ അതോറിറ്റി കൈക്കൊണ്ടിട്ടുള്ളത്‌. ജലസ്രോതസ്സുകള്‍ മാലിന്യമുക്തമായി സംരക്ഷിക്കുക, പദ്ധതികളുടെ അനുബന്ധ ഘടകങ്ങള്‍ പ്രവര്‍ത്തന സജ്ജമാക്കുക, പകരം സംവിധാനങ്ങളില്‍ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കുക എന്നിങ്ങനെയാണ്‌ കരുതല്‍ നടപടി ക്രമങ്ങള്‍. വാട്ടര്‍ അതോറിറ്റിയുടെ നേതൃത്വത്തില്‍ വിതരണം ചെയ്യുന്ന കുടിവെള്ളം ഗുണഭോക്താക്കളില്‍ എത്തിക്കുന്നതിന്‌ ആന്റി തെഫ്‌റ്റ്‌ സ്‌ക്വാഡ്‌, ബ്ലൂ ബ്രിഗേഡ്‌ യൂണിറ്റുകളും ജില്ലയില്‍ പ്രവര്‍ത്തനക്ഷമമാക്കി. രണ്ടുവിഭാഗങ്ങളും നടത്തിയ പരിശോധനയില്‍ ശുദ്ധജലം നിയമവിരുദ്ധമായി ചോര്‍ത്തി കിണറിലേക്കും കൃഷിയിടം നനക്കുന്നതിനും മറ്റും ഉപയോഗിക്കുന്ന തരത്തിലുള്ള 24 കുറ്റകൃത്യങ്ങള്‍ കണ്ടെത്തി. ഇവയ്‌ക്ക്‌ പിഴ ഉള്‍പ്പെടെയുള്ള നടപടികള്‍ ചുമത്താനും വാട്ടര്‍ അതോറിറ്റിക്കു സാധിച്ചു.

പൊതുടാപ്പുകളില്‍ ഹോസ്‌ ഘടിപ്പിച്ച്‌ പുരയിടം നനയ്‌ക്കുന്നവര്‍ക്ക്‌ 10,000 രൂപയാണ്‌ പിഴ ചുമത്തിയിട്ടുള്ളത്‌. മീറ്ററില്ലാതെ പൊതുപൈപ്പ്‌ ലൈനില്‍ നിന്നും കണക്ഷന്‍ എടുത്തവര്‍ക്കും വിച്ഛേദിച്ച കണക്ഷന്‍ അതോറിറ്റിയുടെ അനുമതിയില്ലാതെ പുന: സ്ഥാപിക്കുന്നവര്‍ക്കെതിരെയും 25,000 രൂപ വരെ പിഴ ചുമത്തിയിട്ടുണ്ട്‌. മുളങ്കുന്നത്തുകാവ്‌, കോലഴി, കൂര്‍ക്കഞ്ചേരി, അരിമ്പൂര്‍ പഞ്ചായത്തുകളിലാണ്‌ കഴിഞ്ഞ ദിവസങ്ങളില്‍ പരിശോധന നടത്തിയത്‌. വരും ദിവസങ്ങളില്‍ മുഴുവന്‍ പ്രദേശങ്ങളിലും പരിശോധന തുടരുമെന്നും വാട്ടര്‍ അതോറിറ്റി അധികൃതര്‍ വ്യക്തമാക്കി.

ഒരാഴ്‌ചക്കകം പിഴയടക്കാത്തവര്‍ക്ക്‌ വാട്ടര്‍ സപ്ലൈ ആന്റ്‌ സീവറേജ്‌ ആക്‌ട്‌ പ്രകാരവും സിവില്‍-ക്രിമിനല്‍ നിയമങ്ങള്‍ പ്രകാരവും കേസ്‌ രജിസ്‌ട്രര്‍ ചെയ്യും. ഉപഭോക്താക്കളുടെ സൗകര്യത്തിനായി ഈ മാസം (മാര്‍ച്ച്‌) അവധി ദിവസങ്ങളുള്‍പ്പെടെ തൃശൂര്‍ വാട്ടര്‍ അതോറിറ്റിയില്‍ വെള്ളക്കരം അടയ്‌ക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്‌. സംസ്ഥാന സര്‍ക്കാരിന്റെ ജലം ജീവാമൃതം എന്ന വരള്‍ച്ച പ്രതിരോധ നടപടികളുടെ ഭാഗമായാണ്‌ വാട്ടര്‍ അതോറിറ്റി നടപടികള്‍ കാര്യക്ഷമവും കര്‍ക്കശവുമാക്കിയിരിക്കുന്നത്‌.