ഫാഷന്‍ ലോകത്തിന്റെ സമവാക്യങ്ങള്‍ തിരുത്തിക്കുറിക്കാനൊരുങ്ങി ഒരു 97കാരി
ഫാഷന്‍ ലോകത്തിന്റെ സമവാക്യങ്ങള്‍ തിരുത്തിക്കുറിക്കാനൊരുങ്ങി ഒരു 97കാരി. ഐറിസ് അപ്ഫല്‍ എന്ന 97കാരി ഇനി റാമ്പിന്റെ ചരിത്രം തിരുത്തിയെഴുതും. ഇത്രയും പ്രായമുള്ള മോഡലിനെ ആരെങ്കിലും ജോലിയ്ക്ക് വിളിക്കുമോയെന്നാവാം അടുത്ത സംശം. എന്നാല്‍, അപ്ഫലിനെ കരാറിലെടുത്ത് ഞെട്ടിച്ചിരിക്കുകയാണ് ലോകത്തിലെ ഏറ്റവും മികച്ച മാനേജ്‌മെന്റ് ഏജന്‍സികളില്‍ ഒന്നായ ഐഎംജി.
ചെറുപ്പവും ചുറുചുറുക്കും മാത്രം മാനദണ്ഡമാകുന്ന ഫാഷന്‍ ലോകത്ത് അപ്ഫല്‍ ഒരു അത്ഭുതമാകുന്നതും ഇതേ പ്രായം കൊണ്ടാണ്. ലോകത്തിലെ ഏറ്റവും ശ്രദ്ധിക്കപ്പെടുന്ന ഐഎംജി ഇനി അപ്ഫലിനെ റാമ്പില്‍ ഇറക്കും. പരസ്യങ്ങള്‍, എന്‍ഡോഴ്‌സ്‌മെന്റുകള്‍ എന്നിവയില്‍ ഐഎംജിയ്ക്ക് വേണ്ടി ഇനി അപ്‌ഫെലും പ്രവര്‍ത്തിക്കും.
മോഡലിംഗ് രംഗത്തെ തന്റെ വിജയം ബാക്കിയുള്ളവര്‍ക്കും വലിയ പ്രചോദനമാകണമെന്നാണ് അപ്ഫല്‍ കരുതുന്നത്. പ്രായമായ സ്ത്രീകള്‍ കൂടുതല്‍ ഈ രംഗത്തേക്ക് വരണമെന്നാണ് അവര്‍ ആഗ്രഹിക്കുന്നത്.
ഇന്റീരിയര്‍ ഡിസൈനറായി കരിയര്‍ ആരംഭിച്ച അപ്ഫല്‍ ‘ഓള്‍ഡ് വേള്‍ഡ് വീവേഴ്‌സ്’ എന്ന വസ്ത്ര വ്യാപാര സ്ഥാപനത്തിന്റെ പ്രവര്‍ത്തക കൂടിയാണ്. ജോര്‍ജ്ജ് ബുഷ്, ക്ലിന്റന്‍ ട്രുമന്‍ തുടങ്ങിയവരുടെ ഭരണ കാലത്ത് വൈറ്റ് ഹൗസിലെ ഡിസൈന്‍ പ്രൊജക്ടുകള്‍ പലതും അപ്ഫല്‍ ചെയ്തിട്ടുണ്ട്. കൂടാതെ, ബാര്‍ബി ഡോള്‍ നിര്‍മ്മാണ ചരിത്രത്തിലെ ഏറ്റവും പ്രായം കൂടിയ രൂപവും അപ്ഫലിന്റേതാണ്.