കേരളത്തിൻ്റെ സ്വന്തം സൈനികർ ഇനി ഔദ്യോഗിക ഡ്യൂട്ടിയിലേക്ക്; കോസ്റ്റല്‍ വാര്‍ഡന്‍മാരായി തെരഞ്ഞെടുക്കപ്പെട്ട 180 മത്സ്യത്തൊഴിലാളികൾക്ക് മുഖ്യമന്ത്രി ഇന്ന് നിയമന ഉത്തരവ് കൈമാറും

single-img
26 February 2019

തീരദേശ പോലീസ് സേനയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട 180 കോസ്റ്റല്‍ വാര്‍ഡന്‍മാര്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് (ഫെബ്രുവരി 26 ചൊവ്വ) നിയമന ഉത്തരവും യൂണിഫോമും വിതരണം ചെയ്യും.

കടലിലെ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും മറ്റുമായി മത്സ്യത്തൊഴിലാളികള്‍ക്കിടയില്‍ നിന്നാണ് 180 പേരെ തിരഞ്ഞെടുത്ത് കോസ്റ്റല്‍ വാര്‍ഡന്‍മാരായി നിയമിക്കുന്നത്.  ഇവര്‍ക്കായി നാല് മാസത്തെ പരിശീലനം ഫെബ്രുവരി 27 ന് തൃശ്ശൂരിലെ കേരള പോലീസ് അക്കാദമിയില്‍ ആരംഭിക്കും.

വൈകിട്ട്  നാല് മണിക്ക് അമ്പലത്തറ ബി.എം കണ്‍വെന്‍ഷന്‍ സെന്‍ററില്‍ നടക്കുന്ന ചടങ്ങില്‍ ഫിഷറീസ് വകുപ്പ് മന്ത്രി ജെ.മെഴ്സിക്കുട്ടിയമ്മ അധ്യക്ഷയായിരിക്കും.  വി.എസ്. ശിവകുമാര്‍ എം.എല്‍.എ, സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹറ, എ.ഡി.ജി.പി മാരായ അനില്‍കാന്ത്, എസ്.ആനന്ദകൃഷ്ണന്‍, മനോജ് എബ്രഹാം, സിറ്റി പോലീസ് കമ്മീഷണര്‍ എസ്.സുരേന്ദ്രന്‍, കോസ്റ്റല്‍ പോലീസ് ഡി.ഐ.ജി കെ.പി.ഫിലിപ്പ് എന്നിവരും മറ്റ് ജനപ്രതിനിധികളും പങ്കെടുക്കും.