കോടീശ്വരൻ പരിപാടിയിലെ സുരേഷ് ഗോപിയുടെ വാഗ്ദാനം തട്ടിപ്പായിരുന്നുവെന്ന് വെളിപ്പെടുത്തി യുവതി; വർഷം രണ്ടു കഴിഞ്ഞിട്ടും സഹായം എത്തിയില്ല

single-img
2 February 2019

ബിജെപി രാജ്യസഭാ എം പിയും നടനുമായ സുരേഷ് ഗോപി ചാനല്‍ റിയാലിറ്റി ഷോയ്ക്കിടെ നടത്തിയ വാഗ്ദാനം രണ്ട് വര്‍ഷമായിട്ടും പാലിച്ചിട്ടില്ലെന്ന് വ്യക്തമാക്കി യുവതി. സുരേഷ്ഗോപി അവതരിപ്പിച്ച ഏഷ്യാനെറ്റ് ചാനലിലെ കോടീശ്വരന്‍ പരിപാടിയില്‍ മത്സരാര്‍ത്ഥിയായിരുന്ന സൗമില നജീമാണ് സുരേഷ് ഗോപി വാക്ക് പാലിക്കാതെ പറ്റിച്ചത് ചൂണ്ടിക്കാട്ടി രംഗത്തെത്തിയത്.

സൗമിലയ്ക്ക് വീടുവെയ്ക്കാനായി മാര്‍ച്ച് മാസത്തിലെ ശമ്പളം നല്‍കുമെന്ന് സുരേഷ്ഗോപി 2017ല്‍ പരിപാടിയ്ക്കിടെ പ്രഖ്യാപിക്കുകയായിരുന്നു. കോടീശ്വരന്‍ റിയാലിറ്റി ഷോയുടെ പ്രേക്ഷകര്‍ ഇതിന് സാക്ഷ്യം വഹിക്കുകയും ചെയ്തു. പാലിക്കപ്പെടാതെ പോയ ആ വാക്കുകള്‍ക്ക് രണ്ടാം വാര്‍ഷികമാണെന്ന് സൗമില നജീം ഫേസ്ബുക്കില്‍ കുറിച്ചു. വാഗ്ദാനങ്ങളില്‍ വശംവദരാകരുതെന്ന് ഉപദേശവും സൗമില മറ്റുള്ളവര്‍ക്ക് നല്‍കുന്നുണ്ട്.

പണം കിട്ടാന്‍ വേണ്ടിയല്ല. എല്ലാവരേയും അറിയിക്കാന്‍ വേണ്ടി മാത്രമാണ് ഇത് പറയുന്നതെന്നും സൗമില പറഞ്ഞു. സൗമിലയുടെ ഫേസ്ബുക്ക് പോസ്റ്റില്‍ പ്രതികരണവുമായി ഏറെ പേര്‍ രംഗത്തെത്തി.

അവതാരകനായ സുരേഷ് ഗോപിയുടെ സഹായ പ്രഖ്യാപനങ്ങള്‍ കോടീശ്വരന്‍ പരിപാടിയിലെ പ്രധാന ഹൈലൈറ്റുകളില്‍ ഒന്നായിരുന്നു. മോശം സാമ്പത്തികാവസ്ഥയില്‍ നിന്ന് വരുന്ന ഒട്ടേറെ പേര്‍ വലിയ സമ്മാനത്തുക പ്രതീക്ഷിച്ച് പരിപാടിയില്‍ പങ്കെടുത്തിരുന്നു. മിക്കവരും പണം ലഭിച്ചാല്‍ തങ്ങള്‍ എന്തു ചെയ്യുമെന്ന കാര്യം അവതാരകനോട് പങ്കുവെയ്ക്കും. പ്രതീക്ഷിച്ച പണം നേടാനാകാതെ നിരാശരാകുന്ന മത്സരാര്‍ത്ഥികള്‍ക്കാണ് ബിജെപി എംപി സഹായങ്ങള്‍ വാഗ്ദാനം ചെയ്യുക. സ്വന്തം നിലയില്‍ നടന്‍ പ്രഖ്യാപിച്ച എല്ലാ സഹായ വാഗ്ദാനങ്ങളും പാലിക്കപ്പെടുന്നുണ്ടെന്നാണ് പ്രേക്ഷകർ കരുതിയിരുന്നത്.

https://www.facebook.com/soumila.najim.18/posts/795862050806234