അധോലോക കുറ്റവാളി രവി പുജാരി സെനഗലില്‍ അറസ്റ്റിൽ

single-img
1 February 2019

കൊച്ചി ബ്യൂട്ടി പാര്‍ലര്‍ വെടിവെപ്പിന് പിന്നില്‍ പ്രവര്‍ത്തിച്ചയാളെന്ന് കരുതുന്ന മുംബൈ അധോലോക കുറ്റവാളി രവി പുജാരി സെനഗലില്‍ അറസ്റ്റിലായി. വാർത്താ ഏജന്‍സികളാണ്  ഇക്കാര്യം റിപ്പോര്‍ട്ടുചെയ്തിരിക്കുന്നത്. 15 വര്‍ഷമായി പോലീസ് തേടുന്നയാളാണ് രവി പൂജാരി.

പുജാരിയുടെ അറസ്റ്റ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. അറസ്റ്റ് സ്ഥിരീകരിച്ചാല്‍ പുജാരിയെ വിട്ടുനല്‍കണമെന്നാവശ്യപ്പെട്ട് ഇന്ത്യ സെനഗല്‍ അധികൃതരെ സമീപിക്കും. ഒട്ടേറെ കേസുകളില്‍ പ്രതിയാണ് ഇയാള്‍.  ഇയാള്‍ക്കെതിരേ ബെംഗളൂരു പോലീസ് റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്.

കൊച്ചിയിലെ പനമ്പിള്ളിനഗറില്‍ നടി ലീനാ മരിയാ പോളിന്റെ ബ്യൂട്ടിപാര്‍ലറില്‍ വെടിവെപ്പ് നടത്തിയതിനുപിന്നില്‍ രവി പുജാരിയാണെന്ന് പോലീസ് അടുത്തിടെ നിഗമനത്തിലെത്തിയിരുന്നു. ലീന മരിയ പോളിന്റെ ബ്യൂട്ടി പാര്‍ലറിനു സമീപം വെടിയുതിര്‍ത്തവര്‍ അവിടെയിട്ടിട്ടു പോയ കടലാസില്‍ ഹിന്ദിയില്‍ രവി പൂജാരി എന്ന് എഴുതിയിരുന്നു.

രാജ്യത്തിന്റെ വിവിധഭാഗങ്ങളിലായി ഒട്ടേറെ കവര്‍ച്ച, കൊലപാതക കേസുകളില്‍ പ്രതിയാണ് പുജാരി. ആന്റണി ഫെര്‍ണാണ്ടസ് എന്ന പേരിലുള്ള വ്യാജ പാസ്‌പോര്‍ട്ട് ഉപയോഗിച്ചാണ് പുജാരി സെനഗലില്‍ കഴിഞ്ഞിരുന്നതെന്ന് സെനഗല്‍ പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സെനഗലില്‍ എത്തുന്നതിനുമുമ്പ് ബുര്‍ക്കിനാ ഫാസോയിലായിരുന്നു പുജാരിയുടെ ഒളിവുജീവിതം.

പുജാരിയെ വിട്ടുനല്‍കാന്‍ സെനഗല്‍ പോലീസ് അനുകൂല നിലപാടെടുത്തുവെന്നും പ്രത്യേക വിമാനത്തില്‍ ഇയാളെ ഇന്ത്യയിലെത്തിക്കുമെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.

പിന്നീട് മാധ്യമ സ്ഥാപനങ്ങളിലേക്കടക്കം ഫോണ്‍ വിളിച്ച് വെടിവെപ്പിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുകയും ലീന മരിയ പോള്‍ ഉള്‍പ്പെട്ട പണം തട്ടിപ്പിന് പിന്നില്‍ പ്രവര്‍ത്തിച്ചയാളെ കൊലപ്പെടുത്തുമെന്ന് ഭീഷണി മുഴക്കുകയും ചെയ്തിരുന്നു.