ആദ്യം പൊങ്ങിയത് പ്രധാനമന്ത്രിയുടെ കെെയായിരുന്നു, ഹസ്തദാനം ചെയ്യാൻ; യതീഷ് ചന്ദ്രയുടെ ബൂട്ട് പൊങ്ങുന്നതിന് മുന്‍പ് ബിജെപി പ്രവര്‍ത്തകരുടെ കാല് പൊങ്ങുമെന്ന ശോഭ സുരേന്ദ്രൻ്റെ പഴയ പ്രസ്താവന ചൂണ്ടിക്കാട്ടി സോഷ്യൽ മീഡിയ

single-img
28 January 2019

പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞദിവസം കേരളത്തിൽ വിമാനമിറങ്ങിയപ്പോൾ സ്വീകരിക്കാൻ എത്തിയവരുടെ കൂട്ടത്തിൽ എസ് പി യതീഷ് ചന്ദ്രയും ഉണ്ടായിരുന്നു.   യതീഷ് ചന്ദ്രയ്ക്ക് മോദി ഹസ്തദാനം നൽകുന്ന ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ശബരിമല വിഷയത്തിൽ സംഘപരിവാർ സംഘടനകൾ യതീഷ് ചന്ദ്രക്കെതിരെ രംഗത്തെത്തിയത് ചൂണ്ടിക്കാട്ടിയായിരുന്നു സോഷ്യൽ മീഡിയ ഈ ചിത്രം പ്രചരിപ്പിച്ചത്.

ശബരിമല വിഷയവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനും, എസ് പി യതീഷ് ചന്ദ്രക്കുമെതിരെ രൂക്ഷ വിമർശനവും, ഭീഷണിയും ശോഭ അഴിച്ചു വിട്ടിരുന്നു. അയ്യപ്പന്റെ പൂങ്കാവനത്തിൽ ബൂട്ടിട്ട പൊലീസിനെ അയച്ച് സംഘർഷമുണ്ടാക്കിയ മുഖ്യമന്ത്രിക്ക് അയ്യപ്പന്റെ ശാപം ഏറ്റു കഴിഞ്ഞെന്ന് ശോഭ സുരേന്ദ്രൻ പറഞ്ഞതിനു പിന്നാലെ തന്റെ പ്രകടനം മുഖ്യമന്ത്രിയെ കാണിച്ച് താമ്രപത്രം വാങ്ങാനാണ് എസ്പി യതീഷ് ചന്ദ്ര ശബരിമലയിൽ കാവൽ നിന്നതെന്നും ശോഭാ സുരേന്ദ്രൻ ആരോപിച്ചിരുന്നു.

ബൂട്ടിട്ട യതീഷിന്റെ കാൽ എത്ര ദൂരം പൊന്തുമെന്ന് ഇനി കാണണം. ലാത്തിയേക്കാൾ വലിയ ശക്തി ഞങ്ങൾക്കുണ്ട്. ഞങ്ങൾ മുറപ്രയോഗം നടത്താൻ തീരുമാനിച്ചാൽ കാലു പൊന്തിക്കാനാവില്ലെന്ന് യതീഷ് ചന്ദ്ര ഓർക്കണം. അതുകൊണ്ട് നീതിയും നിയമവും ലംഘിക്കാൻ പൊലീസ് വരരുത്. ഭക്തരെ ബൂട്ടിട്ടു ചവിട്ടുന്ന പൊലീസ് രാജ് തുടർന്നാൽ ശബരിമലയിൽ പണം വരണോയെന്നു നാം ചിന്തിക്കുമെന്നും ശോഭ വ്യക്തമാക്കി.

ശബരിമല സന്ദർശിക്കാനെത്തിയ തന്നെ യതീഷ് ചന്ദ്ര അപമാനിച്ചുവെന്ന് കാട്ടി കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണൻ ലോക്സഭയിൽ അവകാശലംഘനത്തിന് നോട്ടീസ് നൽകിയിരുന്നു.  പ്രസ്തുത വിവാദങ്ങൾ ഉയർന്നു നിൽക്കേയാണ് കഴിഞ്ഞദിവസം പ്രധാനമന്ത്രി കേരളത്തിലെത്തി യതീഷ് ചന്ദ്രയ്ക്ക് കൈ നൽകിയത്. വീണു കിട്ടിയ ആയുധമായി ട്രോളർമാർ ഈ ചിത്രം ഉപയോഗിക്കുകയും ചെയ്തു.