മോദി വന്നിറങ്ങിയപ്പോൾ മധുര കറുപ്പ്മയം; കരിങ്കൊടിക്കൊപ്പം കറുത്ത ബലൂണും പറത്തി തമിഴ് മക്കൾ

single-img
27 January 2019

കേരള-തമിഴ്‌നാട് സന്ദര്‍ശനത്തിനായി എത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വ്യാപക പ്രതിഷേധം. മധുരൈ എയിംസ് ആശുപത്രിയുടെ തറക്കല്ലിടല്‍ ചടങ്ങ് നിര്‍വഹിക്കാൻ എത്തിയ പ്രധാനമന്ത്രി മോദിക്കെതിരെ പ്രതിഷേധം അരങ്ങേറിയത്.  പ്രതിഷേധത്തെ തുടർന്ന് നിരവധി നേതാക്കളെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി.

കറുത്ത വസ്ത്രങ്ങളും കൊടികളുമായിട്ടായിരുന്നു പ്രതിഷേധക്കാർ  മധുരയിലെ പാതകളിൽ നിറഞ്ഞത്. ഗോ ബാക്ക് മോദി എന്ന ഹാഷ് ടാഗോടേയാണ് വിവിധ തമിഴ് സംഘടനകളുടെ നേതൃത്വത്തിലുള്ള പ്രതിഷേധം.

വൈക്കോ ഉൾപ്പെടെയുള്ളവരുടെ നേതൃത്വത്തിലായിരുന്നു പ്രധാനമന്ത്രിക്കെതിരെ കരിങ്കൊടി കാട്ടി പ്രതിഷേധം നടത്തിയത്.  പ്രതിഷേധത്തിന് ഭാഗമായി വെെക്കോ കറുത്ത ബലൂണുകളും ആകാശത്തേക്ക് പറത്തി വിട്ടിരുന്നു.

സംസ്ഥാനത്ത് വ്യാപക നാശനഷ്ടമുണ്ടാക്കിയ ഗജ ചുഴലിക്കാറ്റിനെ തുടര്‍ന്ന് തമിഴ് ജനതയെ സഹായിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറായില്ലെന്നാണ് പ്രതിഷേധക്കാരുടെ പ്രധാന ആരോപണം. ഗജ ചുഴലിക്കാറ്റില്‍ മൂന്ന് ലക്ഷത്തോളം പേര്‍ക്ക് വീട് നഷ്ടമാക്കിയിരുന്നു.  കൂടാതെ തൂത്തുക്കുടി സ്‌റ്റെര്‍ലൈറ്റ് വിരുദ്ധ സമരത്തിനിടെ 13 പേര്‍ പോലീസിന്റെ വെടിയേറ്റ് മരിക്കാനിടയായ സംഭവത്തില്‍ പ്രധാനമന്ത്രി മൗനം പാലിച്ചു. കാവേരി ജല തര്‍ക്കത്തില്‍ കേന്ദ്രം കര്‍ണാടകക്ക് അനുകൂലമായ നിലപാടെടുത്തു തുടങ്ങിയ ആരോപണങ്ങളും പ്രതിഷേധക്കാര്‍ ഉയര്‍ത്തുന്നുണ്ട്.