മലപ്പുറത്ത് യത്തീംഖാനയിലെ രണ്ട് വിദ്യാർത്ഥികൾക്ക് ഡിഫ്‌തീരിയ സ്ഥിതീകരിച്ചതായി റിപ്പോർട്ട്

single-img
24 January 2019

മലപ്പുറത്ത് യത്തീംഖാനയിലെ രണ്ട് വിദ്യാർത്ഥികൾക്ക് ഡിഫ്ത്തീരിയ സ്ഥിതീകരിച്ചതായി റിപ്പോർട്ട്. കൊണ്ടോട്ടി കുഴിമണ്ണയിലെ പതിനാലുകാരനും മഞ്ചേരി നെല്ലിക്കുത്തിലെ പതിമൂന്നുകാരനുമാണ് രോഗം സ്ഥിരീകരിച്ചത്. ഇവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡിഫ്ത്തീരിയ ലക്ഷണങ്ങൾ ഉള്ള മറ്റൊരു വിദ്യാർത്ഥി മ‌ഞ്ചേരി മെഡിക്കൽ കോളേജിൽ നിരീക്ഷണത്തിലാണെന്നും കേരള കൌമുദി റിപ്പോര്‍ട്ട് ചെയ്യുന്നു.

മലപ്പുറം പാപ്പിനിപ്പാറ യത്തീംഖാനയിലെ അന്തേവാസികളും ഇതേസ്ഥാപനം നടത്തുന്ന ജാമിഅ ഹികമിയ്യ ഓർഫനേജ് ഹൈസ്കൂളിലെ എട്ടാംതരം വിദ്യാർത്ഥികളുമാണിവർ.

16-നാണ് പനിയും തൊണ്ടവേദനയും കാരണം രണ്ട് വിദ്യാർത്ഥികളെ മഞ്ചേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. പ്രാഥമിക ചികിത്സ നൽകി തിരിച്ചയച്ചെങ്കിലും അസുഖം കൂടിയതോടെ നടത്തിയ സ്രവപരിശോധനയിൽ രോഗം സ്ഥിരീകരിച്ചു. ഇതോടെ വിദഗ്ദ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. ജില്ലയിൽ രോഗം സ്ഥിരീകരിച്ചിട്ടുണ്ടെന്നും കുട്ടികളുടെ നില തൃപ്തികരമാണെന്നും ഡി.എം.ഒ കെ.സക്കീന മാധ്യമങ്ങളോട് പറഞ്ഞു.

2016ൽ മലപ്പുറത്ത് ഡിഫ്‌തീരിയ പൊട്ടിപ്പുറപ്പെട്ടതോടെ ആരോഗ്യവകുപ്പ് തീവ്രപ്രതിരോധ കുത്തിവയ്പ്പ് കാമ്പയിൻ നടത്തിയിരുന്നു. കടുത്ത എതിർപ്പ് നേരിട്ടെങ്കിലും ബോധവത്കരണത്തെ തുടർന്ന് വലിയ മാറ്റമുണ്ടായിട്ടുണ്ട്. രണ്ട് വയസ് വരെയുള്ള കുട്ടികളിലെ കുത്തിവയ്പ്പ് തോത് 67 ശതമാനമായിരുന്നത് 92 ശതമാനമാണിപ്പോൾ. അതേസമയം മുതിർന്ന കുട്ടികൾക്ക് പ്രതിരോധ കുത്തിവയ്പ്പ് നൽകുന്നതിലെ രക്ഷിതാക്കളുടെ വിമുഖത രോഗസാദ്ധ്യത കുറയ്ക്കുന്നതിൽ വെല്ലുവിളിയാണ്.