കേരളത്തിന് സഹായഹസ്തവുമായി നടികര്‍ സംഘവും; ദുരിതാശ്വാസ നിധിയിലേക്ക് അഞ്ച് ലക്ഷം: ഡി.എം.കെ ഒരു കോടി നല്‍കും

single-img
12 August 2018

പ്രളയക്കെടുതിയില്‍ ദുരിതം അനുഭവിക്കുന്ന കേരളത്തിന് അന്യസംസ്ഥാനങ്ങളില്‍ നിന്ന് സഹായം പ്രവഹിക്കുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് ആദ്യ ഘട്ടമായി അഞ്ചു ലക്ഷം രൂപ സഹായം നല്‍കാന്‍ തെന്നിന്ത്യന്‍ നടികര്‍സംഘം തീരുമാനിച്ചു.

പ്രസിഡന്റ് എം. നാസറിന്റെ അധ്യക്ഷതയില്‍ ഞായറാഴ്ച ചേര്‍ന്ന പ്രത്യേക പ്രവര്‍ത്തക സമിതി യോഗത്തിലാണ് തീരുമാനം. യോഗത്തില്‍ സംഘത്തിന്റെ ട്രഷറര്‍ കാര്‍ത്തി, കമ്മിറ്റി അംഗങ്ങളായ നടന്‍ പശുപതി, ശ്രീമന്‍, അജയ് രത്‌നം, മനോബാല, നടി നളിനി, സംഗീത, സോണിയ തുടങ്ങിയവര്‍ പങ്കെടുത്തു.

അതേസമയം താരസഹോദരന്‍മാരായ സൂര്യയും കാര്‍ത്തിയും 25 ലക്ഷം രൂപ സംഭാവന ചെയ്തിട്ടുണ്ട്. സൂര്യയുടെ അഗരം ഫൗണ്ടേഷന്റെ പേരിലാണ് സംഭാവന നല്‍കിയത്. നടനും മക്കള്‍ നീതി മയ്യം നേതാവുകൂടിയായ കമല്‍ഹാസനും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപ നല്‍കി.

അതിനിടെ തമിഴ്‌നാട്ടിലെ പ്രധാന രാഷ്ട്രീയ പാര്‍ട്ടിയായ ഡി.എം.കെ ഒരു കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് നല്‍കുമെന്ന് പ്രഖ്യാപിച്ചു.