സെഞ്ച്വറിയുമായി രോഹിത് കസറി; ദക്ഷിണാഫ്രിക്കക്ക് ലക്ഷ്യം 275 റണ്‍സ്

single-img
13 February 2018


പോര്‍ട്ട് എലിസബത്ത്: തുടര്‍ച്ചയായ വീഴ്ചകളില്‍ കേട്ടിരുന്ന പഴികള്‍ക്ക് സെഞ്ച്വറിയിലൂടെ രോഹിത് ശര്‍മയുടെ മറുപടി. ദക്ഷിണാഫ്രിക്കക്കെതിരായ അഞ്ചാം ഏകദിനത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്ക് വേണ്ടി 115 റണ്‍സാണ് രോഹിത് നേടിയത്. എന്നാല്‍, രോഹിതിന്‍െറ വിക്കറ്റ് വീണതിന് ശേഷം വന്‍ സ്കോറിലേക്ക് കുതിക്കാനാകാതെ ക്ഷീണിച്ച ഇന്ത്യ 275 റണ്‍സാണ് ദക്ഷിണാഫ്രിക്കയ്ക്ക് മുന്നില്‍ വച്ചത്. 126 പന്തില്‍ 11 ഫോറും നാല് സിക്സും പറത്തിയാണ് രോഹിത് 115 റണ്‍സെടുത്തത്. മറ്റാര്‍ക്കും 40 റണ്‍സിലേക്ക് പോലും എത്താനായില്ല. ക്യാപ്റ്റന്‍ വിരാട് കോലി 36 റണ്‍സെടുത്ത് റണ്ണൗട്ടായി. ശിഖര്‍ ധവാന്‍(34), ശ്രേയസ് അയ്യര്‍(30) എന്നിവരാണ് മറ്റ് വലിയ സ്കോറര്‍മാര്‍. നിശ്ചിത 50 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ 274 റണ്‍സെടുത്തത്.

ഇന്ത്യന്‍ സ്കോര്‍ 236 റണ്‍സിലിരിക്കെ രോഹിതിനെ വീഴ്ത്തി ലുംഗി എന്‍ഗിഡിയാണ് ഇന്ത്യയെ പിന്നോട്ടടിച്ചത്. തൊട്ടടുത്ത പന്തില്‍ ഹാര്‍ദിക് പാണ്ഡ്യ പൂജ്യത്തിന് പുറത്തായി. ഒരു ഓവറിനപ്പുറം ശ്രേയസ് അയ്യറും എന്‍ഗിഡിക്ക് മുന്നില്‍ വീണു. മഹേന്ദ്ര സിങ് ധോണിയും(13) ഭുവനേശ്വര്‍ കുമാറും ചേര്‍ന്ന് ഇന്ത്യന്‍ സ്കോര്‍ 250 കടത്തി. എന്നാല്‍, 49ാം ഓവറില്‍ ധോണിയെ മര്‍ക്രാമിന്‍െറ കൈയിലെത്തിച്ച് എന്‍ഗിഡി വീണ്ടും ദക്ഷിണാഫ്രിക്കയെ തുണച്ചു. പുറത്താകാതെ നിന്ന ഭുവനേശ്വര്‍ 19 റണ്‍സ് നേടി. ഒമ്പത് ഓവറില്‍ 51 റണ്‍സ് മാത്രം വിട്ടുകൊടുത്താണ് എന്‍ഗിഡി നാല് വിക്കറ്റെടുത്തത്.