തീക്കട്ടയില്‍ ഉറുമ്പരിച്ചു; എ.സി.പിയുടെ പേരില്‍ വ്യാജ വാട്സാപ്പ് സന്ദേശം പ്രചരിപ്പിച്ചവരെ തേടി പോലീസ്

single-img
7 February 2018


കൊച്ചി: നാടെങ്ങും കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ എത്തുന്നവരെ കുറിച്ചുള്ള ആശങ്കകളാണ്. എരിതീയില്‍ എണ്ണപകരാന്‍ നൂറുകണക്കിന് വാട്സാപ്പ് സന്ദേശങ്ങളാണ് പാറി നടക്കുന്നത്. വീടുകളിലെ കറുത്ത സ്റ്റിക്കറുകളും അപരിചിതരുടെ സാന്നിധ്യവും കുട്ടികളെ കാണാതായ പഴയതും പുതിയതും യഥാര്‍ഥവും വ്യാജവുമൊക്കെയായ വാര്‍ത്തകളും എല്ലാം ഫോര്‍വേഡ് ചെയ്യപ്പെടുകയാണ്. സത്യമേത് കള്ളമേത് എന്ന് ചിന്തിക്കാതെ ഫോര്‍വേഡ് ചെയ്യപ്പെടാന്‍ ഒൗദ്യോഗിക ഭാഷ്യം എന്ന് കൂടി ചേര്‍ത്താല്‍ മതി. അത്തരം ഒരു വോയിസ് മെസേജില്‍ കൊച്ചി സിറ്റി എ.സി.പി ലാല്‍ജി എന്ത് പറയുന്നു എന്ന് കേള്‍ക്കാനാണ് പറയുന്നത്. കറുത്ത സ്റ്റിക്കറും തട്ടിക്കൊണ്ടുപോകലുമെല്ലാം ശരിയാണെന്ന് പറയുന്ന ആ മെസേജ് കേട്ടവരൊക്കെ കൂടുതല്‍ പേടിച്ചു എന്ന് പറഞ്ഞാല്‍ മതി. എന്നാല്‍, സംഭവം തീക്കട്ടയില്‍ ഉറുമ്പരിച്ചതാണ്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് പ്രചരിച്ച് തുടങ്ങിയ ആ മെസേജില്‍ ‘സംസാരിക്കുന്ന’ ഉദ്യോഗസ്ഥനായ എ.സി.പി ലാല്‍ജി തന്‍െറ പേരിലെ ആ സന്ദേശക്കാരനെ തേടിയിറങ്ങിയിരിക്കുകയാണ്. ലാല്‍ജിയുടെ ശബ്ദവുമായി സാമ്യമുള്ളത് കൊണ്ട് സന്ദേശം സത്യമാണെന്നാണ് പലരും കരുതിയത്. എന്നാല്‍, ആ വ്യാജനെ പിടികൂടണമെന്നാവശ്യപ്പെട്ട് അദേഹം ഇപ്പോള്‍ പരാതി നല്‍കിയിരിക്കുകയാണ്. കൊച്ചി സെന്‍ട്രല്‍ പോലീസിനാണ് പരാതി നല്‍കിയത്. തനിക്ക് ഇതുമായി ബന്ധമില്ളെന്ന് വിശദീകരിച്ച് മാധ്യമങ്ങള്‍ക്ക് മുന്നിലും എ.സി.പി എത്തി. പൊതുജനങ്ങളെ പരിഭ്രാന്തരാക്കുന്ന രീതിയില്‍ വ്യാജസന്ദേശം പ്രചരിപ്പിച്ചു എന്നാണ് കേസ്. അന്വേഷണത്തില്‍ ചിലരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അറസ്റ്റ് ഉടന്‍ ഉണ്ടാകുമെന്നുമാണ് റിപ്പോര്‍ട്ട്.