ഐ എഫ് എഫ് കെ വേദിയിൽ തട്ടമിട്ട് ഫ്ലാഷ്മോബ് നടത്തിയ ജസ്ല മാടശ്ശേരിയ്ക്ക് മഞ്ചേരിയിലെ ആങ്ങളമാരുടെ വക സൈബർ ആക്രമണം; ഊരുവിലക്കാൻ ആഹ്വാനം ചെയ്ത് വാട്സാപ്പ് ചർച്ചകൾ

single-img
12 December 2017

ഐ എഫ് എഫ് കെ വേദിയിൽ തട്ടമിട്ടുകൊണ്ട് ഫ്ലാഷ് മോബ് അവതരിപ്പിച്ച ജസ്ല മാടശ്ശേരി എന്ന മഞ്ചേരി സ്വദേശിനിയായ യുവതിയ്ക്കെതിരേ മഞ്ചേരിയിലെ ആങ്ങളമാരുടെ വകയായി സൈബർ അധിക്ഷേപം. ലൈവ് വീഡിയോകൾ വഴിയും വാട്സാപ്പ് ഗ്രൂപ്പുകളിലെ ചർച്ചകൾ വഴിയായും ഇവർക്കെതിരായും ഇവരുടെ കുടുംബാംഗങ്ങൾക്കെതിരായും സ്വയം പ്രഖ്യാപിത സദാചാര/ദീൻ സംരക്ഷകരുടെ അധിക്ഷേപവും ഭീഷണിയും തുടരുകയാണു.

ഇക്കഴിഞ്ഞ ഞായറാഴ്ച്ച വൈകുന്നേരം തിരുവനന്തപുരം ടാഗോർ തിയറ്ററിലെ ചലച്ചിത്രമേളയുടെ വേദിയിൽ വെച്ചുനടന്ന ഫ്ലാഷ് മോബിൽ പങ്കെടുക്കുകയും മാധ്യമങ്ങളോട് സംസാരിക്കുകയും ചെയ്തതിനാണു ജസ്ലയ്ക്കെതിരേ സദാചാരവാളുമായി ചിലർ രംഗത്തിറങ്ങിയിരിക്കുന്നത്.  മലപ്പുറത്ത് എയിഡ്സ് ബോധവൽക്കരണ ക്യാമ്പയിനിന്റെ ഭാഗമായി തട്ടമിട്ട പെൺകുട്ടികൾ ഫ്ലാഷ് മോബ് കളിച്ചതിനെത്തുടർന്നു അവർക്ക് നേരേയുണ്ടായ സൈബർ ആക്രമണങ്ങൾക്കെതിരായ പ്രതിഷേധം എന്ന നിലയിലാണു ജസ്ലയും കൂട്ടരും ഫ്ലാഷ് മോബ് സംഘടിപ്പിച്ചത്. ഫെയ്സ്ബുക്കിലെ ഫ്രീ തിങ്കർ ഗ്രൂപ്പിന്റെ ആഭിമുഖ്യത്തിലാണു ഈ പരിപാടി സംഘടിപ്പിച്ചത്. പരിപാടിയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിച്ച ജസ്ല ‘പെണ്ണിടങ്ങളെ തിരിച്ചു പിടിക്കാനാ’ണു തങ്ങളുടെ ഈ പരിപാടിയെന്നു വിശദീകരിച്ചിരുന്നു.

എന്നാൽ ജസ്ല ഇസ്ലാം മതത്തെ അവഹേളിച്ചുവെന്നും നാടിനു നാണക്കേടുണ്ടാക്കിയെന്നും ആരോപിച്ചാണു ഇപ്പോൾ ഒരുകൂട്ടം ആങ്ങളമാ‍ർ രംഗത്തെത്തിയിരിക്കുന്നത്. സലിം ബാവ എന്ന തദ്ദേശവാസിയായ യുവാവാണു ഭീഷണിയുമായി ആദ്യം രംഗത്തെത്തിയത്. ഫേസ്ബുക്കിലിട്ട ലൈവ് വീഡിയോയിൽ ഇയാൾ ജസ്ലയോട് മലപ്പുറമെന്നും മഞ്ചേരിയെന്നും പറഞ്ഞതുവരെ താൻ ക്ഷമിച്ചിരിക്കുന്നുവെന്നും അതിനപ്പുറം  കൃത്യമായ സ്ഥലപ്പേരു പറഞ്ഞ് തന്റെ നാടിനെ അപമാനിക്കാൻ തുനിയരുതെന്നുമുള്ള ഭീഷണിയാണു മുഴക്കിയത്. മുൻപൊരിക്കൽ താൻ ഫെമിനിസത്തെക്കുറിച്ച് പോസ്റ്റിട്ടപ്പോൾ അതിനുതാഴെ വന്നു അശ്ലീല കമന്റിട്ടയാളാണു ഈ സലീം ബാവയെന്ന് ജസ്ല പറയുന്നു.

“ഇവരെന്തിനാണു ഞാൻ മതത്തെ അപമാനിച്ചു എന്നു പറയുന്നതെന്ന് മനസ്സിലാകുന്നില്ല. ഞാൻ മതത്തിനെതിരായി ഒരുവാക്കുപോലും പറഞ്ഞിട്ടില്ല. ഞാനും ഒരു ഇസ്ലാം മതവിശ്വാസിയാണു. ഇസ്ലാം മതവിശ്വാസിയായതുകൊണ്ട് ഞാൻ എങ്ങനെയൊക്കെ ജീവിക്കണം എന്ന് വഴിയേ പോകുന്ന ഇവരൊക്കെയാണോ തീരുമാനിക്കേണ്ടത്?” ജസ്ല ചോദിക്കുന്നു.

ജസ്ലയുടെ കുടുംബത്തെ ഊരുവിലക്കണമെന്നും ജസ്ലയുടെ പെരിൽ ഫ്ലക്സ് അടിച്ച് നാട്ടിൽ വെയ്ക്കണമെന്നും ആഹ്വാനം ചെയ്യുന്ന ഓഡിയോ മെസേജുകളും ചർച്ചകളും പ്രദേശത്തെ ചെറുപ്പകാരുടെ വാട്സാപ്പ് ഗ്രൂപ്പുകളിൽ സജീവമാണു. അത്തരമൊരു ഓഡിയോ മെസേജിൽ ‘ഊരുവിലക്ക് പോലെയുള്ള ആചാരങ്ങൾ ഇക്കാലത്ത് ഇല്ലാതായതി’ലുള്ള നിരാശ ഒരു ചെറുപ്പക്കാരൻ പ്രകടിപ്പിക്കുന്നുണ്ട്. ജസ്ല ഇസ്ലാം മതത്തെ അപമാനിച്ചുവെന്നു കാട്ടി ഫ്ലക്സ് പ്രിന്റ് ചെയ്ത് കവലയിൽ വെയ്കാൻ ഒരു പ്രവാസി ധനസഹായവും വാഗ്ദാനം ചെയ്യുന്നുണ്ട്.

സൈബർ ആങ്ങളമാരുടെ പ്രധാനപ്രശ്നം മതമൊ ദീനോ ഒന്നുമല്ലെന്നും ഒരു പെണ്ണ് തന്റേടത്തോടെ സംസാരിച്ചതാണെന്നും ജസ്ല പറയുന്നു.

തന്റെ കുടുംബത്തെയും കുടുംബാംഗങ്ങളേയുമടക്കം അധിക്ഷേപിക്കുന്ന കമന്റുകളുമായി സൈബർ ആക്രമണം തുറ്റരുന്ന ഇവർക്കെതിരായി നിയമപരമായി നീങ്ങുവാനാണു തന്റെ തീരുമാനമെന്നു ജസ്ല,  ഇ വാർത്തയോടു പറഞ്ഞു.കേരള സ്റ്റുഡന്റ്സ് യൂണിയന്റെ മലപ്പുറം ജില്ലാ വൈസ് പ്രസിഡന്റ് കൂടിയായ ജത്സ ഇവർക്കെതിരായി വനിതാ കമ്മീഷനിലും പോലീസിലും പരാതി നൽകും.