നാരദാ സ്റ്റിംഗിലുൾപ്പെട്ട രാജ്യസഭാ എം പി മുകുൾ റോയ് തൃണമൂൽ കോൺഗ്രസ്സിൽ നിന്നും രാജി വെച്ചു

single-img
25 September 2017

തൃണമൂൽ കോൺഗ്രസ്സിന്റെ മുതിർന്ന നേതാവും രാജ്യസഭാ എം പിയുമായ മുകുൾ റോയ് പാർട്ടിയിൽ നിന്നും രാജിവെയ്ക്കാൻ തീരുമാനിച്ചു. ബംഗാൾ രാഷ്ട്രീയത്തെ ഇളക്കിമറിച്ച നാരദാ സ്റ്റിംഗ് ഓപ്പറേഷൻ വിവാദത്തിൽ പണം വാങ്ങിയതായി ആരോപിക്കപ്പെട്ട നേതാക്കളിൽ ഒരാളാണു മുകുൾ റോയ്. പാർട്ടിയിൽ നിന്നു ഉടൻ രാജിവെയ്ക്കുമെന്ന് പ്രഖ്യാപിച്ച മുകുൾ റോയ്, രാജ്യസഭാ എം പി സ്ഥാനവും ഒഴിയാനാണു തന്റെ തീരുമാനമെന്ന് മാധ്യമങ്ങളോട് പറഞ്ഞു.

ദുർഗ്ഗാ പൂജ കഴിഞ്ഞാലുടൻ രാജി വെയ്ക്കുമെന്നാണു മുകുൾ റോയിയുടെ പ്രഖ്യാപനം. കൊൽക്കത്തയിൽ വെച്ച് നടത്തിയ പത്രസമ്മേളനത്തിലാണു മുകുൾ റോയി ഇക്കാര്യം അറിയിച്ചത്.

മുകുൾ റോയ് കഴിഞ്ഞ മാസം ഡൽഹിയിൽ വെച്ച് ചില മുതിർന്ന ബിജെപി നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയതായി വാർത്തകളുണ്ടായിരുന്നു. മുകുൾ റോയി മുതിർന്ന ബിജെപിയുമായി അടുക്കുകയാണെന്നും ടി എം സിയിൽ നിന്നും രാജിവെയ്ക്കുമെന്നുമുള്ള അഭ്യൂഹങ്ങൾ പരക്കുന്നതിനിടെയാണു അദ്ദേഹം തന്റെ രാജി പ്രഖ്യാപനം നടത്തിയതു.

നാരദാ സ്റ്റിംഗ് ഓപ്പറേഷൻ വീഡിയോയിൽ മുകുൾ റോയി ഇരുപതു ലക്ഷം രൂപ തന്റെ ഓഫീസിൽ കൊണ്ടുവരാൻ ആവശ്യപ്പെടുന്ന ദൃശ്യങ്ങൾ ഉണ്ടായിരുന്നു. നാരദാ സ്റ്റിംഗ് ഓപ്പറേഷനിൽ ഉൾപ്പെട്ട സുവേന്ദു അധികാരിയും തൃണമൂൽ കോൺഗ്രസ്സിൽ നിന്നും രാജിവെച്ച് ചേരാൻ സാധ്യതയുണ്ടെന്നാണു ബംഗാളിൽ നിന്നും ലഭ്യമാകുന്ന വിവരം. ഒരു മുതിർന്ന കോൺഗ്രസ്സ് നേതാവ് ബിജെപിയിൽ ചേരാൻ സാധ്യതയുണ്ടെന്ന് ബംഗാളിലെ പ്രതിപക്ഷ പാർട്ടികളുമായി അടുത്ത വൃത്തങ്ങളിലുള്ള ഒരാൾ ഇ വാർത്തയോട് പറഞ്ഞു.

കോൺഗ്രസ്സ് സംസ്ഥാന പ്രസിഡന്റ് ആധിർ രഞ്ജൻ ചൌധരിയെപ്പോലുള്ളവർ ബിജെപിയിലേയ്ക്ക് വരുന്നതിനെ സ്വാഗതം ചെയ്യുന്നതായി ബിജെപി സംസ്ഥാൻ നേതാവ് ദിലീപ് ഘോഷ് ഈ കഴിഞ്ഞ മേയ് മാസത്തിൽ പ്രഖ്യാപിച്ചിരുന്നു.

നാരദാ സ്റ്റിംഗ് ഓപ്പറേഷൻ നടത്താനുള്ള പണം നൽകിയത് തൃണമൂൽ കോങ്രസ്സിന്റെ രാജ്യസഭാ എം പിയും ആൽക്കെമിസ്റ്റ് ഗ്രൂപ്പിന്റെ ഉടമയുമായ കെ ഡി സിംഗ് ആണെന്ന് സ്റ്റിംഗ് ഓപ്പറേഷൻ നടത്തിയ മാധ്യമപ്രവർത്തകൻ മാത്യു സാമുവൽ സി ബി ഐയ്ക്ക് മൊഴി നൽകിയിരുന്നു. കെ ഡി സിംഗും ബി ജെ പിയുമായി അടുത്ത ബന്ധമുണ്ടെന്നും ആരോപണങ്ങളുണ്ട്. കെ ഡി സിംഗിനു രാജ്യസഭയിലേയ്ക്ക് ടിക്കറ്റ് നൽകിയത് തന്റെ പാർട്ടി കാണിച്ച അബദ്ധമായിരുന്നുവെന്ന ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജ്ജിയുടെ പ്രസ്താവനയും ശ്രദ്ധേയമാണു. ബിജെപിയ്ക്ക് വേണ്ടിയാകാം കെ ഡി സിംഗ് ഇത്തരമൊരു സ്റ്റിംഗ് ഓപ്പറേഷൻ സംഘടിപ്പിച്ചതെന്നും മമതാ ബാനർജ്ജി ആരോപിച്ചിരുന്നു.