ഹരിതഭംഗിയില്‍ സാംസ്‌കാരികഘോഷയാത്ര: ഓണാഘോഷ പരിപാടികള്‍ക്ക് സമാപനം

single-img
10 September 2017

ഓണം വാരാഘോഷത്തിന് വര്‍ണാഭമായ സമാപനം. വര്‍ണ വിസ്മയങ്ങളും താളമേളങ്ങളും അണിനിരന്ന സാംസ്‌കാരിക ഘോഷയാത്രയോടെയായിരുന്നു ഒരാഴ്ചനീണ്ട ഓണാഘോഷങ്ങള്‍ക്ക് തിരശ്ശീല വീണത്.

തിരുവനന്തപുരം: സംസ്ഥാന ടൂറിസം വകുപ്പ് സംഘടിപ്പിച്ച ഓണം വാരാഘോഷത്തിന് വര്‍ണാഭമായ സമാപനം. മഴക്കാറ് പോലും മാറി നിന്ന അന്തരീക്ഷത്തില്‍ കനത്ത സുരക്ഷാവലയത്തിലാണ് ഘോഷയാത്ര സമാപിച്ചത്. വര്‍ണ വിസ്മയങ്ങളും താളമേളങ്ങളും അണിനിരന്ന സാംസ്‌കാരിക ഘോഷയാത്രയോടെയായിരുന്നു ഒരാഴ്ചനീണ്ട ഓണാഘോഷങ്ങള്‍ക്ക് തിരശ്ശീല വീണത്. ഉച്ചയോടെ നഗരവീഥികള്‍ കയ്യടക്കി ജനക്കൂട്ടമൊഴുകിയെത്തി. അഞ്ചു മണിയോടെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഘോഷയാത്ര ഫ്‌ളാഗ് ഓഫ് ചെയ്തു.

ടൂറിസംമന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വാദ്യോപകരണമായ ‘കൊമ്പ്’ മുഖ്യകലാകാരന് കൈമാറിയതോടെ മേളപ്പെരുക്കം ആരംഭിച്ചു.

ആദ്യം കേരള പോലീസിന്റെ അശ്വാരൂഢസേന. പിന്നില്‍ കേരളീയ വേഷം ധരിച്ച് മുത്തുക്കുടയേന്തിയ 100 പുരുഷന്‍മാര്‍ അണിനിരന്നു. അവരോടൊപ്പം മോഹിനിയാട്ട നര്‍ത്തകിമാര്‍ ഓലക്കുടയുമായി, തുടര്‍ന്ന് അണിമുറിയാതെ വേലകളി, ആലവട്ടം, വെഞ്ചാമരം, അതിനും പിന്നിലായി കേരളീയ കലാരൂപങ്ങളായ തെയ്യം, കഥകളി, വേലകളി, പടയണി എന്നിവയോടൊപ്പം തനതുമേളങ്ങളുടെ അകമ്പടിയില്‍ പുലികളി, നീലക്കാവടി, പൂക്കാവടി, ചിന്ത് കാവടി, അമ്മന്‍കൊട എന്നിവ ആടിത്തിമിര്‍ത്തതോടെ ഘോഷയാത്രയുടെ ആരവം കാണികളിലേയ്ക്കും പടര്‍ന്നു. കേരളത്തനിമ ചോരാതെ പഞ്ചവാദ്യം, ചെണ്ടമേളം, ശിങ്കാരിമേളം, ബാന്റു മേളം തുടങ്ങി പെരുമ്പറ മേളം വരെ താളവിസ്മയങ്ങള്‍ തീര്‍ത്തു. മൂവായിരത്തോളം കലാകാരന്മാരാണ് ഘോഷയാത്രയെ വര്‍ണാഭമാക്കിയത്.

കേരളത്തില്‍ അങ്ങോളമിങ്ങോളമുള്ള ഉത്സവ സാംസ്‌കാരിക പരിപാടികളെ ബന്ധപ്പെടുത്തിയുള്ള കലാരൂപങ്ങളും പരമ്പരാഗത താളമേളങ്ങളും ഇത്തവണത്തെ ഘോഷയാത്രയുടെ പ്രത്യേകതയായി.

ഒപ്പനയും, മാര്‍ഗംകളിയും ദഫ് മുട്ടും തിരുവാതിരക്കളിയും കോല്‍ക്കളിയും കേരളത്തിന്റെ മതമൈത്രി സംസ്‌കര പ്രതീകമായി നൃത്തം വെച്ചു.

മയൂര നൃത്തം, പരുന്താട്ടം, ഗരുഡന്‍ പറവ, അര്‍ജ്ജുന നൃത്തം തുടങ്ങി കുമ്മാട്ടിക്കളി വരെയുള്ള നാല് ഡസനോളം വൈവിധ്യമാര്‍ന്ന കേരളീയ കലാരൂപങ്ങളും ഘോഷയാത്രയുടെ പൊലിമയേകി. വര്‍ണാഭമാക്കി. കാണികളില്‍ കൗതുകം ഉയര്‍ത്തുന്ന പൊയ്ക്കാന്‍ കളി, ബൊമ്മകളി, ചവിട്ടുനാടകം, പരിചമുട്ടുകളി, പന്തം വീശല്‍, വള്ളുവനാടന്‍ കലാരൂപങ്ങള്‍ എന്നിവയും ഘോഷയാത്രക്ക് മിഴിവേകി.

ഇതോടൊപ്പം ഇതര സംസ്ഥാനങ്ങളായ അസം, രാജസ്ഥാന്‍, ഹരിയാന, ജമ്മു കശ്മീര്‍, പശ്ചിമ ബംഗാള്‍, ആന്ധ്രപ്രദേശ്, തെലുങ്കാന, കര്‍ണാടക, ഗുജറാത്ത്, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള കലാകാരന്മാരുടെ പ്രകടനങ്ങളും വര്‍ണാഭമായി.

ജിഎസ്ടി, ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന്റെ ജോലി സംരക്ഷണം, തിരുവനന്തപുരം നഗരസഭ സ്മാര്‍ട് സ്വപ്നത്തിലേയ്ക്ക്, തലസ്ഥാനം തുടങ്ങി സമകാലിക വിഷയങ്ങളെ ബന്ധപ്പെടുത്തി തയ്യാറാക്കിയ നിശ്ചലദൃശ്യാവിഷ്‌കാരങ്ങള്‍ മികച്ച നിലവാരം പുലര്‍ത്തി. സംസ്ഥാനത്തിന്റെ ടൂറിസം രംഗത്തിന്റെ മുഖമുദ്രയാകുന്ന ചടയമംഗലത്തെ ജഡായുപാറയുടെ ആവിഷ്‌കാരമാണ് സംസ്ഥാന ടൂറിസം വകുപ്പ് ആവിഷ്‌കരിച്ചത്.

ആനുകാലികപ്രാധാന്യമുള്ളതും കഴിയുന്നത്ര കൃത്രിമത്വം ഒഴിവാക്കിയുള്ളതുമായ ഫ്‌ളോട്ടുകളാണ് ഘോഷയാത്രയില്‍ അണിനിരന്നത്. ഗ്രീന്‍ പ്രോട്ടോക്കോള്‍ മുറുകെ പിടിച്ചായിരുന്നു ഘോഷയാത്രയില്‍ ഫ്‌ളോട്ടുകള്‍ തയ്യാറാക്കിയത്.

സംസ്ഥാന സര്‍ക്കാരിന്റെ പ്രധാനപ്പെട്ട നാല് മിഷനുകള്‍ ഉള്‍പ്പെടുന്ന ഫ്‌ളോട്ടുകള്‍ എല്ലാവര്‍ക്കും സാമൂഹ്യ സുരക്ഷ എല്ലാവര്‍ക്കും ഭവനം, എല്ലാവര്‍ക്കും വൈദ്യുതി, നാടാകെ ജൈവപച്ചക്കറി, ക്ഷേമപെന്‍ഷന്‍, സാമ്പത്തിക ഭദ്രത, വളരൂ കേരളം, പരിസ്ഥിതി സംരക്ഷണം എന്നീ വിഷയങ്ങളെ ആസ്പദമാക്കി തയ്യാറാക്കിയ ഫ്‌ളോട്ടുകള്‍ ശ്രദ്ധയാകര്‍ഷിച്ചു. ഉത്തരവാദിത്വടൂറിസം, ഗ്രീന്‍ പ്രോട്ടോകോള്‍, ലഹരി മയക്കുമരുന്നുകള്‍ക്കെതിരെയുള്ള ബോധവത്കരണം, പ്രകൃതിസംരക്ഷണം, എന്റെ മാലിന്യം എന്റെ ഉത്തരവാദിത്വം, റിന്യൂവബിള്‍ എനര്‍ജി എന്നീ വിഷയങ്ങളിലെ ഫ്‌ളോട്ടുകളും കൈയടി നേടി.

ഓണം സമാപന ഘോഷയാത്ര വീക്ഷിക്കാന്‍ മുഖ്യമന്ത്രിയും കുടുംബവും മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രന്‍, കെ രാജുവും കുടുംബവും, മന്ത്രി കെ കെ ശൈലജ, എം എല്‍ എ മാരായ സി.ദിവാകരന്‍, ഡി.കെ മുരളി, ബി സത്യന്‍, സി.കെ ഹരീന്ദ്രന്‍, കെ. മുരളീധരന്‍, ഒ രാജഗോപാല്‍, തിരുവനന്തപുരം മേയര്‍ വി. കെ പ്രശാന്ത്, ഡെപ്യൂട്ടി മേയര്‍ രാഖി രവികുമാര്‍, ജില്ലാ പഞ്ചായത്ത് പ്രിസിഡന്റ് വി.കെ മധു, ടൂറിസം സെക്രട്ടറി വേണു വി. ഐ എ എസ്, ജില്ലാ കളക്ടര്‍ ഡോ. വാസുകി, കേരള ടൂറിസം ഡയറക്ടര്‍ പി ബാലകിരണ്‍ ഐഎഎസ്, അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ജാഫര്‍ മാലിക് ഐ എ എസ്, ഡി ജി പി ലോക് നാഥ് ബഹ്‌റ, എഡിജിപിമാരായ ബി സന്ധ്യ. ശ്രീലേഖ എന്നിവരും എത്തിയിരുന്നു.

വെള്ളയമ്പലത്തുതുടങ്ങിയ ഘോഷയാത്ര കിഴക്കേ കോട്ടയില്‍ ആണ് ഘോഷയാത്ര സമാപിച്ചത്. ഓണം വാരാഘോഷത്തിന് കൊട്ടിക്കലാശവുമായി നിശാഗന്ധിയില്‍ നടി ശോഭന അവതരിപ്പിച്ച നൃത്തം കാണികള്‍ക്ക് ദൃശ്യവിരുന്നായി.

സുരക്ഷാക്രമീകരണങ്ങള്‍ക്കായി കുറ്റമറ്റ സംവിധാനങ്ങളാണ് പൊലീസ് ഒരുക്കിയിരുന്നത്. ഘോഷയാത്രാപാതയിലും മറ്റു വേദികളിലും മഫ്തി പൊലീസിന്റെ സാന്നിദ്ധ്യം കൂടാതെ വനിതാ പോലീസും പിങ്ക് പൊലീസും ക്രമസമാധാനവും പൊതജനങ്ങളുടെ സുരക്ഷയും ഉറപ്പാക്കി. ക്രമസമാധാന സേനയും ഘോഷയാത്ര നടന്ന മേഖലകളില്‍ സജീവമായിരുന്നു.

കടുത്ത സാമ്പത്തിക അച്ചടക്കം പാലിച്ചിട്ടും ഏറെ വര്‍ണാഭമായ രീതിയിലായിരുന്നു ഇക്കുറി ഓണാഘാഷം സംഘടിപ്പിച്ചിരിക്കുന്നത്. 34 ലക്ഷം രൂപയായിരുന്നു ഇത്തവണ ഓണാഘോഷത്തിനായി ചെലവഴിച്ചത്.

ഘോഷയാത്രയോട് അനുബന്ധിച്ച് കവടിയാര്‍, വെള്ളയമ്പലം, കെല്‍ട്രോണ്‍, കോര്‍പ്പറേഷന്‍, പാളയം, യൂണിവേഴ്‌സിറ്റി കോളേജ്, സ്റ്റാച്യു, ആയുര്‍വേദ കോളേജ് ജംഗ്ഷന്‍, ഈസ്റ്റ് ഫോര്‍ട്ട് എന്നിവിടങ്ങളില്‍ ആമ്പുലന്‍സ് സര്‍വ്വീസ് ഏര്‍പ്പെടുത്തിയിരുന്നത് ആശ്വാസകരമായി. കൂടാതെ ഫയര്‍ഫോഴ്‌സിന്റ 9 യൂണിറ്റുകളും അത്യാവശ്യ ഘട്ടങ്ങളെ സഹായിക്കാന്‍ ഏര്‍പ്പെടുത്തിയിരുന്നു. ഘോഷയാത്രക്കെത്തുന്ന കാണികള്‍ക്കായി എസ് ബി ഐ ലൈഫ് ഇന്‍ഷറന്‍സ് കുടിവെള്ള സൗകര്യവും ഏര്‍പ്പെടുത്തിയിരുന്നു

നഗരത്തില്‍ 30 കേന്ദ്രങ്ങളിലായാണ് ആഘോഷപരിപാടി നടന്നത്. വിവിധ കലാപരിപാടികള്‍ കാണുന്നതിന് വന്‍ ജനത്തിരക്കായിരുന്നു അനുഭവപ്പെട്ടത്. കലാപരിപാടികള്‍ കാണുന്നതിന് ജനം ഒഴുകിയെത്തിയതോടെ വൈകുന്നേരങ്ങളില്‍ നഗരം വീര്‍പ്പുമുട്ടി.