സംസ്ഥാന സർക്കാരിന്റെ ഓണം വാരാഘോഷത്തിനു നാളെ തിരശീല വീഴും

single-img
8 September 2017

തിരുവനന്തപുരം: സംസ്ഥാന ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന ഓണം വാരാഘോഷത്തിന്‍െറ സമാപനം കുറിച്ചുള്ള സാംസ്കാരികഘോഷയാത്ര ശനിയാഴ്ച (നാളെ) വൈകീട്ട് അഞ്ചിന് വെള്ളയമ്പലത്തു നിന്നും ആരംഭിച്ച് കിഴക്കേകോട്ടയില്‍ അവസാനിക്കും.

തലസ്ഥാന നഗരിയെ താളലയ വിസ്മയങ്ങിലാറാടിച്ച് കൊണ്ട് 1000 ൽ പരം കലാകാരൻമാർ അവതരിപ്പിക്കുന്ന ഭാരതത്തിന്റേയും കേരളത്തിന്റേയും സാംസ്കാരിക കലാ രൂപങ്ങളുടെ അകമ്പടിയോടെ 100 ഓളം ഫ്ലോട്ടുകളും അണിനിരക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ അറിയിച്ചു. ശനിയാഴ്ച വൈകിട്ട് 5 മണിക്ക് വെള്ളയമ്പലത്ത് മുഖ്യമന്ത്രി പിണറായി വിജയൻ ഫ്ലാഗ് ഓഫ് ചെയ്യുന്നതോടെ ഘോഷയാത്ര ആരംഭിക്കും തദവസരത്തിൽ
വാദ്യോപകരണമായ കൊമ്പ് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ മുഖ്യ കലാകാരന് കൈമാറി കൊണ്ട് സാംസ്കാരിക ഘോഷയാത്രയുടെ താളമേളങ്ങൾക്ക് തുടക്കം കുറിക്കും.

മുത്തുക്കുടയേന്തിയ കേരളീയ വേഷം ധരിച്ച 100 പുരുഷൻമാർ അശ്വാരൂഡസേനക്ക് പിന്നിലായി അണിനിരക്കും. അവരോടൊപ്പം മോഹിനിയാട്ട നർത്തകിമാർ, ഓലക്കുടയുമായി അണി നിരക്കും. തുടർന്ന് അണിമുറിയാതെ വേലകളി, ആലവട്ടം, വെഞ്ചാമരം, എന്നീ ദൃശ്യരൂപങ്ങൾ ചലനാത്മകമാകും. കേരളീയ കലാരൂപങ്ങളായ തെയ്യം, കഥകളി, പടയണി, പുലിക്കളി, നീലക്കാവടി, പൂക്കാവടി, ചിന്ത് കാവടി, അമ്മൻകൊട, എന്നിവയും തനതു മേളങ്ങൾക്കൊപ്പം ആടി തിമിർക്കും. മേളങ്ങളിൽ പഞ്ചവാദ്യം, ചെണ്ടമേളം, ശിങ്കാരിമേളം, ബാന്റു മേളം തുടങ്ങി പെരുമ്പറ മേളം വരെ താള വിസ്മയങ്ങൾ തീർക്കും. മൂവായിരത്തോളം കലാകാരന്മാര്‍ ഘോഷയാത്രയിൽ അണിനിരക്കും.

കേരളത്തില്‍ അങ്ങോളമിങ്ങോളമുള്ള ഉത്സവ- സാംസ്കാരിക പരിപാടികളെ ബന്ധപ്പെടുത്തിയുള്ള കലാരൂപങ്ങളും പരമ്പരാഗത താളമേളങ്ങളും ഇത്തവണത്തെ പ്രത്യേകതയാണ്. ഒപ്പനയും, മാർഗംകളിയും ദഫ് മുട്ടും തിരുവാതിരക്കളിയും കോൽക്കളിയും കേരളത്തിന്റെ മതമൈത്രി സംസ്കര പ്രതീകമായി നൃത്തം വെക്കും. മയൂര നൃത്തം, പരുന്താട്ടം, ഗരുഡൻ പറവ, അർജ്ജുന നൃത്തം തുടങ്ങി കുമ്മാട്ടിക്കളി വരെയുള്ള നാല് ഡസനോളം വൈവിധ്യമാർന്ന കേരളീയ കലാരൂപങ്ങൾ അണിനിരക്കും. കാണികളിൽ കൗതുകം ഉയർത്തുന്ന പൊയ്ക്കാൻ കളി, ബൊമ്മകളി, ചവിട്ടുനാടകം, പരിചമുട്ടുകളി, പന്തം വീശൽ, വള്ളുവനാടൻ കലാരൂപങ്ങൾ എന്നിവയും ഘോഷയാത്രക്ക് മിഴിവേകും. ഇതോടൊപ്പം ഇതര സംസ്ഥാന കലാരൂപങ്ങളേയും ആസ്വദിക്കുവാനുള്ള അവസരമാകും.

ആസം, രാജസ്ഥാൻ, ഹരിയാന, ജമ്മു കശ്മീർ, പശ്ചിമ ബംഗാൾ, ആന്ധ്രപ്രദേശ്, തെലുങ്കാനാ, കർണാടക, ഗുജറാത്ത്, തമിഴ്നാട്, എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ള സംഘങ്ങൾ അണിനിരക്കും. 180 ഓളം കലാകാരൻമാരാകും ഇതിൻ അണിനിരക്കുക. കാണികൾക്ക് കലാരൂപങ്ങൾ വ്യക്തമാകുന്ന വിധം മുന്നിലും പിന്നിലും വെളിച്ച ക്രമീകത്തങ്ങളും ഫ്ലോട്ടുകളുടേയും കലാരൂപങ്ങളുടേയും സംക്ഷുക്ത വിവരണങ്ങളും ഉണ്ടാകും. വിവിധ വകുപ്പുകളുടേയും ഇതര സ്ഥാപനങ്ങളുടേയും വിഷയാധിഷ്ഠിത ഫ്ലോട്ടുകൾ ഉൾപ്പെടെ 200ൽപരം ദൃശ്യ-ശ്രവ്യ കലാരൂപങ്ങൾ ഘോഷയാത്രക്ക് മിഴിവേകും.

സംസ്ഥാന സർക്കാരിന്റെ പ്രധാനപ്പെട്ട നാല് മിഷനുകൾ ഉൾപ്പെടുന്ന ഫ്ലോട്ടുകൾ, എല്ലാവർക്കും സാമൂഹ്യ സുരക്ഷ എല്ലാവര്‍ക്കും ഭവനം, എല്ലാവര്‍ക്കും വൈദ്യുതി, നാടാകെ ജൈവപച്ചക്കറി, ക്ഷേമപെന്‍ഷന്‍, സാമ്പത്തിക ഭദ്രത, വളരു കേരളം, പരിസ്ഥിതി സംരക്ഷണം എന്നീ വിഷയങ്ങള്‍ ബന്ധപ്പെട്ട വകുപ്പുകളുടെ ഫ്‌ളോട്ടുകളായി അണിനിരക്കും.. ഉത്തരവാദിത്വ ടൂറിസം, ഗ്രീന്‍ പ്രോട്ടോകോള്‍, ലഹരി- മയക്കുമരുുകള്‍ ക്കെതിരെയുള്ള ബോധവത്കരണം, പ്രകൃതിസംരക്ഷണം, എന്റെ മാലിന്യം എന്റെ ഉത്തരവാദിത്വം, റിന്യൂവബിള്‍ എനര്‍ജി എീ വിഷയങ്ങളും ഫ്ലോട്ടുകളില്‍ ചിലതില്‍ ചിത്രീകരിക്കും.

ആനുകാലിക പ്രാധാന്യമുള്ളതും കഴിയുന്നത്ര കൃത്രിമത്വം ഒഴിവാക്കിയുള്ളതുമായ ഫ്ളോട്ടുകളാണ് തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്. ഗ്രീൻ പ്രോട്ടോക്കോൾ മുറുകെ പിടിച്ചാണ് ഘോഷയാത്രയും വിഭാവനം ചെയ്തിരിക്കുന്നത്.

സംസ്ഥാനത്തിന്റെ ടൂറിസം രംഗത്തെ മുഖമുദ്രയാകുന്ന ചടയമംഗലത്തെ ജഡായു പാറയുടെ ആവിഷ്കാരമാണ് ടൂറിസം വകുപ്പിന്റെ ഫ്ലോട്ടിൽ. ലോകത്തിലെ തന്നെ ഏറ്റവും വലിയ പക്ഷിശിൽപമെന്ന ഖ്യാതി ഇതിനകം നേടിയ ജഡായു പാറയിലെ ശിൽപം ഡിസംബർ മാസം പൊതുജനങ്ങൾക്ക് തുറന്ന് കൊടുക്കും. അതിന് മുൻപ് ലോകത്തെ ഇതിന്റെ പ്രത്യേക അറിയിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഫ്ലോട്ട് തയ്യാറാക്കിയിരിക്കുന്നത്

കേരളീയ പൈതൃകവും, സിനിമയും സാഹിത്യവും, സ്ത്രീശാക്തീകരണവും സ്ത്രീ സുരക്ഷയും, ആരോഗ്യശീലങ്ങളും, ശാസ്ത്ര സാങ്കേതിക വിദ്യയും, വിവിധ തരത്തിലുള്ള ജീവ സുരക്ഷാ സന്ദേശങ്ങളും ഫ്ലോട്ടുകളുടെ വിഷയങ്ങളായി അവതരിപ്പിക്കപ്പെടും. കാണികളില്‍ വിജ്ഞാനവും വിസ്മയവും കൗതുകമുണര്‍ത്തു ഈ സാംസ്‌കാരിക ഘോഷയാത്ര ഒരു പോയിന്റ് കടക്കാന്‍ ഉദ്ദേശം ഒന്നര മണിക്കൂര്‍ വേണ്ടി വരുമെന്ന് കണക്കാക്കുന്നതായും മന്ത്രി അറിയിച്ചു. 34 ലക്ഷം രൂപയാണ്ഘോഷയാത്രക്ക് ചിലവാക്കുന്നത്.

ഇനം തിരിച്ച് ഒന്നും രണ്ടും സ്ഥാനക്കാര്‍ക്ക് ടൂറിസം വകുപ്പ് പ്രത്യേക പാരിതോഷികങ്ങള്‍ സമ്മാനിക്കും. വൈകുന്നേരം 7 മണിക്ക് നിശാഗന്ധിയിൽ വെച്ച് നടക്കുന്ന സമാപന ചടങ്ങിൽ ജേതാക്കളാകുന്ന ഫ്ലോട്ടുകൾക്കും. അത്തപൂക്കള, തിരുവാതിരക്കളി മത്സര വിജയികൾക്കുള്ള സമ്മാനങ്ങളും വിതരണം ചെയ്യും.

യൂനിവേഴ്സിറ്റി കോളജിന് മുന്നില്‍ ഘോഷയാത്ര വീക്ഷിക്കുന്നതിന് ഒരുക്കിയിട്ടുള്ള വി.വി.ഐ.പി പവിലിയന് മുന്നിലും പബ്ളിക് ലൈബ്രറിയുടെ മുന്‍വശത്തെ വി.ഐ.പി പവിലിയന് മുന്നിലും മ്യൂസിയം ഗേറ്റിന് സമീപത്തെ പ്രത്യേക സ്റ്റേജിലും കലാരൂപങ്ങൾ അവതരിപ്പിക്കും മുഖ്യമന്ത്രി പിണറായി വിജയനും. മന്ത്രിമാരും, വിശിഷ്ട വ്യക്തികളും ഘോഷയാത്ര വീക്ഷിക്കാൻ എത്തുമെന്നും പ്രതീക്ഷിക്കുന്നതായി മന്ത്രി പറഞ്ഞു.

ഉച്ചയ്ക്ക് ശേഷം നഗരത്തില്‍ ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കുമെങ്കിലും കാണികളായെത്തുവര്‍ക്ക് ഘോഷയാത്രയില്‍ പങ്കെടുക്കുതിന് സൗകര്യപ്രദമാം വിധം യാത്രാസൗകര്യങ്ങള്‍ ഒരുക്കും.

ഘോഷയാത്രയോട് അനുബന്ധിച്ച് കവടിയാർ, വെള്ളയമ്പലം, കെൽട്രോൺ, കോപ്പറേഷൻ, പാളയം, യൂണിവേഴ്സിറ്റി കോളേജ്, സ്റ്റാച്യു. , ആയുർവേദ കോളേജ് ജംഗ്ഷൻ, ഈസ്റ്റ് ഫോർട്ട് എന്നിവിടങ്ങളിൽ ആമ്പുലൻസ് സർവ്വീസ് ഏർപ്പെടുത്തിയിട്ടുണ്ട്.കൂടാതെ ഫയർഫോഴ്സിന്റ 9 യൂണിറ്റുകളും അത്യാവശ്യ ഘട്ടങ്ങളെ സഹായിക്കാൻ ഏർപ്പെടുത്തിയിട്ടുണ്ട്. ഘോഷയാത്രക്കെത്തുന്ന കാണികൾക്കായി എസ് ബി ഐ ലൈഫ് ഇൻഷറൻസ് കുടിവെള്ള സൗകര്യവും ഏർപ്പെടുത്തിയിട്ടണ്ടെന്നും മന്ത്രി പറഞ്ഞു.

ഘോഷയാത്രയ്ക്ക് സുരക്ഷ ഒരുക്കാൻ 1200 പൊലീസ് ഉദ്യോഗസ്ഥരെ നിയമിക്കുമെന്ന് സിറ്റി പൊലീസ് കമ്മീഷണർ പ്രകാശ് പറഞ്ഞു. 2 സി സി പി 17 എ.സി.പി 40 ഇൻസ്പെക്ടർമാർ | 120 എസ്.ഐമാർ ഇതിന് നേതൃത്വം നൽകും. ഘോഷയാത്രക്ക് 4 ഡിവിഷനുകളായി തിരിച്ച് 4 എ.സി മാർക്ക് ചുമതല നൽകും. ട്രാഫിക്കും 4 എസിമാരുടെ നേതൃത്വത്തിൽ ഏകോപ്പിപ്പിക്കും. ഘോഷയാത്രക്കിടെ എന്തെങ്കിലും തടസം സൃഷ്ടിക്കുന്ന വാഹനങ്ങളെ മാറ്റാൻ 4 റിക്കവറി വാഹനങ്ങളെ ഉപയോഗിക്കുമെന്നും കമ്മീഷണർ പറഞ്ഞു.

വാർത്താ സമ്മേളനത്തിൽ ഡി കെ മുരളി എം.എൽ.എ ടൂറിസം ഡയറക്ടർ പി.ബാലകിരൺ, അസി.ഡയറക്ടർ ജാഫർ മാലിക്, കെ.ടി.ഡി.സി എം.ഡി ആർ രാഹുൽ, ഡിഎംഒ ജോസ് ജി ഡിക്രൂസ് തുടങ്ങിയവർ പങ്കെടുത്തു