സര്‍ക്കാര്‍ ഓണാഘോഷപരിപാടികള്‍ക്ക് ഔദ്യോഗിക തുടക്കം

single-img
2 September 2017

തിരുവനന്തപുരം: സംസ്ഥാനസര്‍ക്കാര്‍ സംഘടിപ്പിക്കുന്ന ഓണാഘോഷ പരിപാടികള്‍ക്ക് ഔദ്യോഗികമായി തുടക്കം കുറിച്ചു കൊണ്ട് ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വെള്ളിയാഴ്ച കനകക്കുന്ന് കൊട്ടാരവളപ്പില്‍ ഓണപ്പതാകയുയര്‍ത്തി. കേരളസര്‍ക്കാര്‍ സംസ്ഥാനമെമ്പാടുമായി സംഘടിപ്പിക്കുന്ന ഓണാഘോഷങ്ങള്‍ക്കു തുടക്കം കുറിക്കുന്നതായി മന്ത്രി പറഞ്ഞു. ജാതിമതഭേദമന്യേ മനുഷ്യരെല്ലാം ഒന്നുപോലെ ജീവിച്ചിരുന്ന കാലത്തെ സ്വപ്‌നം കാണാന്‍ മലയാളിയ്ക്കു കഴിയട്ടെയെന്നു മന്ത്രി ആശംസിച്ചു. സി ദിവാകരന്‍ എംഎല്‍എ ചടങ്ങില്‍ സന്നിഹിതനയിരുന്നു.

തുടര്‍ന്ന് വൈദ്യുതി വകുപ്പ് മന്ത്രി എം എം മണി നഗരത്തിലെ വൈദ്യുതാലങ്കാരങ്ങളുടെ സ്വിച്ച് ഓണ്‍ കര്‍മ്മം നിര്‍വ്വഹിച്ചു. മുന്‍വര്‍ഷങ്ങളില്‍ നിന്നു വ്യത്യസ്തമായി നഗരത്തിലെ സ്വകാര്യസ്ഥാപനങ്ങളുടെ വര്‍ദ്ധിച്ച പങ്കാളിത്തമാണ് ഈ വര്‍ഷത്തെ വൈദ്യുതാലങ്കാരങ്ങളുടെ പ്രത്യേകത.

തുടര്‍ന്ന് ഓണാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന ഫുഡ് ഫെസ്റ്റിവലിന്റെ ഉദ്ഘാടനം കെടിഡിസി ചെയര്‍മാന്‍ വിജയകുമാര്‍ നിര്‍വ്വഹിച്ചു.

തിരുവനന്തപുരം മേയര്‍ വി കെ പ്രശാന്ത് ഓണാഘോഷപരിപാടികള്‍ക്കായി കനകക്കുന്ന് കൊട്ടാരത്തില്‍ തുറന്ന ടൂറിസ്റ്റ് ഇന്‍ഫോര്‍മേഷന്‍ സെന്റര്‍ ഉദ്ഘാടനം ചെയ്തു. വിനോദസഞ്ചാരികള്‍ക്കൊപ്പം നഗരത്തിലെ 20 വേദികളിലായി നടത്തുന്ന ഓണാഘോഷപരിപാടികള്‍ ആസ്വദിക്കാനായി നഗരത്തിലെത്തുന്ന പൊതുജനങ്ങള്‍ക്കു കൂടി സഹായകമാകുന്ന തരത്തിലായിരിക്കും ടൂറിസ്റ്റ് ഇന്‍ഫോര്‍മേഷന്‍ സെന്റര്‍ പ്രവര്‍ത്തിക്കുക.