മോദിയുടെ കാവിവാഴ്ചയിൽ പശുവിന്റെ പേരിൽ നടന്ന കൊലകളുടെയും അക്രമങ്ങളുടെയും സമഗ്രമായ പട്ടിക

single-img
30 June 2017

വടക്കേ ഇന്ത്യയിൽ പശുവിന്റെ പേരിലുള്ള കലാപങ്ങൾ വല്ലപ്പോഴും നടക്കാറുണ്ടെങ്കിലും അതൊരു സജീവമായ പ്രചാരണപ്രവർത്തനമായി മാറിയത് 2014 മെയ് 26-നു നരേന്ദ്ര ദാമോദർദാസ് മോഡി ഇന്ത്യയുടെ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിനുശേഷമാണു.

ഈ കാലയളവിൽ രാജ്യത്തു പ്രവർത്തിച്ചുവരുന്ന അനധികൃത ഗോരക്ഷാ സൈന്യങ്ങളുടെ എണ്ണം പതിന്മടങ്ങായി വർദ്ധിക്കുകയുണ്ടായി. രാജസ്ഥാൻ പോലെയുള്ള സംസ്ഥാനങ്ങളിൽ കൌമാരപ്രായക്കാർക്കടക്കം ബജ്രംഗ് ദൾ പോലെയുള്ള സംഘടനകൾ ആയുധപരിശീലനം നൽകി വരുന്നു. കേന്ദ്രസർക്കാരിന്റേയും സംസ്ഥാന സർക്കാരുകളുടെയും പിന്തുണയോടെയാണു ഇത്തരം തീവ്രവാദസംഘങ്ങൾ വളരുന്നത്.

 ജനസംഖ്യ, സാമൂഹിക വിഷയങ്ങൾ എന്നിവയിൽ നിക്ഷപക്ഷമായി പഠനം നടത്തുന്ന ലോകപ്രശസ്ത അമേരിക്കൻ സംഘടനയായ പ്യൂ റിസർച്ച് സെന്റർ പുറത്തുവിട്ട കണക്കുകൾ പ്രകാരം ഇന്ത്യ മതവിദ്വേഷം അടക്കമുള്ള സാമൂഹിക വിദ്വേഷങ്ങളുടെ കാര്യത്തിൽ നാലാം സ്ഥാനത്താണു.  ഐസിസ് അടക്കമുള്ള മതമൌലികവാദസംഘടനകൾ ശക്തമായ ഇറാക്കാണ് ഇന്ത്യയ്ക്ക് തൊട്ടുമുന്നിൽ മൂന്നാം സ്ഥാനത്ത്. സിറിയയാണു ഒന്നാം സ്ഥാനത്ത്.

കേന്ദ്രസർക്കാർ നേരിട്ട് ക്രമസമാധാനപരിപാലനം നടത്തുന്ന ഡൽഹിയിൽ മാത്രം ഇരുനൂറിലധികം ഗോരക്ഷാസംഘങ്ങൾ പ്രവർത്തിക്കുന്നുണ്ട്. 

നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാർ കേന്ദ്രത്തിൽ അധികാരത്തിൽ വന്നതിനു ശേഷം പതിനേഴിലധികം കൊലപാതകങ്ങളും നാൽപ്പതിലധികം ആക്രമണങ്ങളുമാണു പശുവിന്റെ പേരിൽ വിവിധ തീവ്രവാദ സംഘടനകൾ നടത്തിയത്. സുരക്ഷിതമെന്നു നാം കരുതുന്ന കേരളത്തിൽ വരെ ആർ എസ് എസ് പ്രവർത്തകർ പശുവിന്റെ പേരിൽ ആക്രമണങ്ങൾ നടത്തി.

ഗോരക്ഷാ ദളിന്റെ പഞ്ചാബ് ഘടകം നേതാവ് സതീഷ് കുമാർ

നരേന്ദ്രമോദി അധികാരത്തിൽ വന്നതിനു ശേഷം രാജ്യമൊട്ടാകെ പശുവിന്റെ പേരിൽ നടന്ന ആൾക്കൂട്ടഹത്യകളുടെയും ആക്രമണങ്ങളുടെയും സമയ രേഖാ പ്രകാരമുള്ള പട്ടിക ചുവടെച്ചേർക്കുന്നു. ഇതുവരെയുള്ള ലഭ്യമായ എല്ലാ കണക്കുകളും ചേർത്താണ് ഈ പട്ടിക തയ്യാറാക്കിയതെങ്കിലും ഇനിയും ഈ പട്ടികയിൽ ഉൾപ്പെടുത്താൻ സാധിക്കാത്ത സംഭവങ്ങൾ ഉണ്ടായിരിക്കാം. പതിനേഴു കൊലപാതകങ്ങളും നാൽപ്പത്തിയൊന്ന് ഇതര ആക്രമണങ്ങളും ഈ പട്ടികയിലുണ്ട്.

 


      1. മേയ് 2015-  രാജസ്ഥാനിലെ നാഗോറിലെ ബിർലോക്ക ഗ്രാമത്തിൽ ഇറച്ചിവെട്ടുകട നടത്തിയിരുന്ന അബ്ദുൾ ഗഫ്ഫാർ ഖുറേഷിയെ ആൾക്കൂട്ടം ഇരുമ്പുവടികളും കമ്പുകളും ഉപയോഗിച്ച് അടിച്ചുകൊന്നു.
      2. മേയ് 2015- മധ്യപ്രദേശിലെ ദാമോഹിനടുത്ത് ഗുല്ലി എന്നുവിളിക്കുന്ന ഫുൽചരൺ കാലികളെ കടത്തുന്ന തൊഴിലിൽ ഏർപ്പെട്ടിരുന്ന തന്റെ രണ്ടു സുഹൃത്തുക്കളെ കോടാലികൊണ്ട് വെട്ടിക്കൊന്നു. ഫുൽചരൺ പോലീസിനോട് നടത്തിയ കുറ്റസമ്മതത്തെത്തുടർന്ന് ഗുല്ല സോമ ബഞ്ചാരൻ, ഗണേഷ് ഭിലാല എന്നിവരുടെ മൃതദേഹങ്ങൾ വനത്തിനുള്ളിൽ നിന്നും പോലീസ് കണ്ടെടുക്കുകയായിരുന്നു
      3. ഓഗസ്റ്റ് 2015-  ഉത്തർപ്രദേശിലെ ദാദ്രിയ്ക്കടുത്തുള്ള കൈമ്രാല ഗ്രാമത്തിൽ കന്നുകാലികളെ കടത്തുന്നുവെന്നാരോപിച്ചു  ആരിഫ്, അനഫ്,നാസിം എന്നീ മൂന്നു മുസ്ലീം യുവാക്കളെ ഗ്രാമവാസികൾ തല്ലിക്കൊല്ലുകയും അവരുടെ ട്രക്ക് കത്തിക്കുകയും ചെയ്തു.
      4. സെപ്റ്റംബർ 2015-  ഉത്തർപ്രദേശിലെ ദാദ്രിക്കടുത്തുള്ള ബിഷാറഗ്രാമത്തിൽ മുഹമ്മദ് അഖ്ലാക്ക് എന്ന 50 വയസ്സുകാരനെ ആൾക്കൂട്ടം ബീഫ് ഫ്രിഡ്ജിൽ സൂക്ഷിച്ചുവെന്നാരോപിച്ച് കമ്പുകളും കട്ടകളുമുപയോഗിച്ച് മർദ്ദിച്ചുകൊന്നു. ഇദ്ദേഹത്തിന്റെ 20 വയസ്സുള്ള മകനു ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റു. അഖ്ലാക്കിന്റെ വീട്ടിൽ ബീഫ് ഉണ്ടെന്നു അഖ്ലാക്ക് പശുവിനെ കൊന്നെന്നും  പ്രദേശത്തുള്ള അമ്പലത്തിൽ നിന്നും മൈക്കിലൂടെ വിളിച്ചു പറഞ്ഞതാണു ആൾക്കൂട്ടത്തെ അക്രമത്തിലേയ്ക്ക് നയിച്ചത്.
      5. ഒക്ടോബർ 2015- ജമ്മു കശ്മീരിലെ ഉധംപൂർ ജില്ലയിൽ കൽക്കരിയുമായി പോകുകയായിരുന്ന ട്രക്ക് ഹിന്ദു തീവ്രവാദികൾ ആക്രമിച്ചു. ട്രക്കിൽ പശുവിനെ കടത്തുകയാണെന്നാരോപിച്ചായിരുന്നു ആക്രമണം. ആക്രമണകാരികൾ ട്രക്കിലേയ്ക്ക് പെട്രോൾ ബോംബുകൾ എറിയുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ ട്രക്ക് ഡ്രൈവർ സഹീദ് റസൂൽ ഭട്ട് (18 വയസ്സ്) പത്തുദിവസത്തിനു ശേഷം മരിച്ചു.
      6. ഒക്ടോബർ 2015- ഹിമാചൽ പ്രദേശിലെ ഷിംലയ്ക്കടുത്തുള്ള സരാഹാൻ ഗ്രാമത്തിൽ കന്നുകാലികളെ കൊണ്ടുപോകുകയായിരുന്ന ട്രക്ക് ആക്രമിച്ച ആൾക്കൂട്ടം നൊമാൻ എന്ന 20-കാരനെ അടിച്ചുകൊന്നു. ഉത്തർപ്രദേശ് സ്വദേശിയായിരുന്നു നൊമാൻ.
      7. ഡിസംബർ 2015- ഹരിയാനയിലെ കർണാലിനടുത്തുള്ള ഭാനുഖേരി ഗ്രാമത്തിൽ 25 വയസ്സുള്ള ഖുഷ്നൂറിനെ ഗോരക്ഷാ സേനക്കാർ വെടിവെച്ചുകൊന്നു.
      8. മാർച്ച് 2016 – ഝാർഖണ്ഡിൽ മുസ്ലീം കന്നുകാലി വ്യാപാരിയായ 35 വയസ്സുകാരൻ മൊഹമ്മദ് മസ്ലൂം അൻസാരിയേയും കൂടെയുണ്ടായിരുന്ന 12 വയസ്സുകാരൻ ഇനായത്തുള്ള ഖാനെയും ഗോരക്ഷാസമിതിക്കാർ തല്ലിക്കൊന്നു മരക്കൊമ്പിൽ കെട്ടിത്തൂക്കി. ഇവരുടെ കൈകൾ പുറകിലേയ്ക്ക് ചേർത്ത് കെട്ടിയിരുന്നു.
      9.  മാർച്ച് 2016-  ഉത്തർപ്രദേശിലെ സഹാറൻപൂരിനടുത്തുള്ള നായ് മാജ്ര സ്വദേശിയായ 27 വയസ്സുകാരൻ മുസ്തൈൻ അബ്ബാസ്, ഹരിയാനയിലെ കുരുക്ഷേത്രയിൽ നിന്നും കാർഷികാവശ്യത്തിനായി കാളകളെ വാങ്ങിക്കൊണ്ടുവരുന്നവഴിയ്ക്ക് ഗോരക്ഷാ പ്രവർത്തകരുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. പോലീസും ഗോരക്ഷാപ്രവർത്തകരും ചേർന്നു ഷാഹ്ബാദ്-ഡെൽഹി റോഡിൽ ഇവരുടെ മഹീന്ദ്ര പിക്കപ്പ് തടഞ്ഞശേഷം വെടിവെയ്ക്കുകയായിരുന്നു. കൂടെയുള്ളവർ ഓടിരക്ഷപെട്ടെങ്കിലും മുസ്തൈൻ അബ്ബാസ് വെടിയേറ്റുവീണു. ഇദ്ദേഹത്തിന്റെ ശവശരീരം കുത്തിക്കീറിയ നിലയിൽ ഒരുമാസത്തിനു ശേഷം കണ്ടെടുത്തു.
      10. മേയ് 2016- പശ്ചിമ ബംഗാളിലെ 24 പർഗണാസ് ജില്ലയിൽ 24 വയസ്സുള്ള ഐ ടി ഐ വിദ്യാർത്ഥി കൌശിക് പുർക്കൈതിനെ കന്നുകാലി കള്ളക്കടത്തുകാരനെന്നാരോപിച്ച് ഗ്രാമീണർ തല്ലിക്കൊന്നു.
      11. ഓഗസ്റ്റ് 2016- ഹരിയാനയിലെ മേവാതിൽ ഒരു മുസ്ലീം ഭവനത്തിനുള്ളിലേയ്ക്ക് അതിക്രമിച്ചു കടന്ന നാലംഗ സംഘം ഒരു കുടുംബത്തിലെ രണ്ടു പേരെ കൊലപ്പെടുത്തുകയും രണ്ടു യുവതികളെ ബലാത്സംഗം ചെയ്യുകയും ചെയ്തു. ‘നിങ്ങൾ ബീഫ് കഴിക്കുന്നവരല്ലേ ?’ എന്നു ചോദിച്ചുകൊണ്ടായിരുന്നു ആക്രമണമെന്ന് ഒരു ഇര പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു.
      12. ഓഗസ്റ്റ് 2016- കർണ്ണാടകയിലെ കർക്കല ജില്ലയിലെ ഹെബ്രിയിൽ ബിജെപി പ്രവർത്തകനു പിന്നോക്ക വിഭാഗക്കാരനുമായ 29 വയസ്സുള്ള പ്രവീൺ പൂജാരിയെ പശുക്കളുമായി ഒരു വാഹനത്തിൽ പോകുന്നതിനിടെ ഹിന്ദു ജാഗരൺ വേദികെ എന്ന സംഘടനയുടെ പ്രവർത്തകർ ആക്രമിച്ചു കൊലപ്പെടുത്തി.
      13. സെപ്റ്റംബർ 2016- അഹമ്മദാബാദിലെ എസ് ജി ഹൈവേയിലൂടെ കാറിൽ കന്നുകുട്ടികളുമായി വരികയായിരുന്ന മുഹമ്മദ് അയൂബിനെ ഗോരക്ഷകർ ആക്രമിച്ച് കൊലപ്പെടുത്തി.
      14. ഏപ്രിൽ 2017- ആസാമിലെ നഗാവോൺ ജില്ലയിൽ അബു ഹനീഫ റിയാസ്സുദ്ദീൻ അലി എന്നീ രണ്ടു യുവാക്കളെ പശുവിനെ മോഷ്ടിച്ചുവെന്നാരോപിച്ച് ക്രൂരമായി മർദ്ദിച്ചുകൊന്നു.
      15. ഏപ്രിൽ 2017- രാജസ്ഥാനിലെ ആൽവാറിൽ കന്നുകാലിയെ വാങ്ങി വീട്ടിലേയ്ക്കു പോകുകയായിരുന്ന പെഹ്ലു ഖാൻ എന്ന കർഷകനെ ബജ്രംഗ് ദളിന്റെ കീഴിലുള്ള ഗോരക്ഷാ സൈന്യം മർദ്ദിച്ചുകൊലപ്പെടുത്തി.
      16. ജൂൺ 2017- ഡൽഹിയിൽ നിന്നും പെരുന്നാളിനുള്ള സാധനങ്ങളും വാങ്ങി ഹരിയാനയിലെ ഗ്രാമത്തിലേയ്ക്ക് പോകുകയായിരുന്ന ജുനൈദ് ഖാൻ എന്ന 16 വയസ്സുകാരനെ ബീഫ് കയ്യിലുണ്ടെന്നാരോപിച്ച് ട്രെയിനിലിട്ട് തല്ലിയും കുത്തിയും കൊലപ്പെടുത്തി.
      17. ജൂൺ 2017- ഝാർഖണ്ഡിലെ രാംഗഢ് ജില്ലയിൽ മാരുതി വാനിനുള്ളിൽ ബീഫ് കടത്തുന്നുവെന്നാരോപിച്ച് അലിമുദ്ദീൻ എന്നു വിളിക്കുന്ന അസ്ഗർ അൻസാരിയെ ഗോരക്ഷകരുടെ നേതൃത്വത്തിലുള്ള ജനക്കൂട്ടം അടിച്ചുകൊന്നു. അതിനുശേഷം ഇയാളുടെ കാർ കത്തിച്ചു.

പശുവിന്റെ പേരിൽ മുസ്ലീങ്ങൾക്കും ദളിതർക്കും മറ്റുള്ള വിഭാഗങ്ങൾക്കും നേരേ നടന്നിട്ടുള്ള കൊലപാതകമല്ലാത്ത ആക്രമണങ്ങൾ പ്രത്യേകം മറ്റൊരു പട്ടികയായി ചുവടെ ചേർക്കുന്നു:


രാജസ്ഥാനിലെ താരാനഗറിൽ ഒരു ട്രക്ക് തടഞ്ഞു പരിശോധന നടത്തുന്ന ഗോരക്ഷകർ | ഫോട്ടോ : എ എഫ് പി

      1. ഓഗസ്റ്റ് 2014- ഡൽഹി ഹരിയാന അതിർത്തിയിലുള്ള കപാഷേരയിൽ പോത്തിറച്ചി കച്ചവടം നടത്തിയിരുന്ന 25-കാരനായ മൊഹമ്മദ് ഇസ്രാർ, 40-കാരനായ അഫ്താബ് എന്നിവരെ അക്രമാസക്തരായ ജനക്കൂട്ടം വളഞ്ഞിട്ടു മർദ്ദിച്ചു. ഇവർ പശുവിറച്ചി വിൽക്കുന്നുവെന്നരോപിച്ചായിരുന്നു മർദ്ദനം. പതിനായിരം രൂപയോളം വിലവരുന്ന ഇറച്ചി ആസിഡൊഴിച്ച് നശിപ്പിക്കുകയും ചെയ്തു.
      2. ഓഗസ്റ്റ് 2014- കർണ്ണാടകയിലെ മാഗ്ലൂരിൽ കന്നുകാലികളുമായി പോകുകയായിരുന്ന പിക്കപ്പ് വാനിനെ പിന്തുടർന്ന ഗോരക്ഷാ പ്രവർത്തകർ പിക്കപ്പിലുണ്ടായിരുന്ന അബ്ദുൽ സമീർ, സാദിക്ക്, ഷൌക്കത്തലി എന്നീ യുവാക്കളെ മർദ്ദിച്ചവശരാക്കി.
      3. ഓഗസ്റ്റ് 2015 – ഡൽഹിയിൽ മയൂർ വിഹാറിനടുത്തുള്ള ചില്ല വില്ലേജിൽ ഇറച്ചികൊണ്ടുപോയ നാലു ട്രക്കുകൾ ആക്രമിക്കപ്പെട്ടു. പ്രദേശവാസികൾ സംഘടിച്ചെത്തി ട്രക്ക് ഡ്രൈവർമാരെ ആക്രമിക്കുകയായിരുന്നു.

        ഹിന്ദുസേനയുടെ കരി ഓയിൽ ആക്രമണത്തിനു വിധേയനായ എഞ്ചിനീയർ റാഷിദ്

      4. ഒക്ടോബർ 2015-  കശ്മീരിലെ ബീഫ് നിരോധനബില്ലിൽ പ്രതിഷേധിച്ച് എം എൽ ഏ ഹോസ്റ്റലിൽ ബീഫ് പാർട്ടി നടത്തിയ സ്വതന്ത്ര എം എൽ എ എഞ്ചിനീയർ റാഷിദിനെ ബിജെപി എം എൽ ഏമാർ നിയമസഭയിലിട്ട് മർദ്ദിച്ചു
      5. ഒക്ടോബർ 2015- നിയമസഭയിൽ തന്നെ ബിജെപി എം എൽ ഏമാർ ആക്രമിച്ചതിൽ പ്രതിഷേധിച്ച് ഡൽഹിയിൽ മാധ്യമങ്ങളെ അഭിസംബോധന ചെയ്ത ശേഷം പ്രസ്സ് ക്ലബ്ബിൽ നിന്നും പുറത്തുവരുമ്പോൾ എഞ്ചിനീയർ റാഷിദിന്റെ മുഖത്ത് ഹിന്ദുസേന പ്രവർത്തകർ കരി ഓയിലും മഷിയും ഒഴിച്ചു. കരിഓയിൽ പുരണ്ട മുഖവുമായി  വൈകിട്ട് ചാനൽ ചർച്ചയിൽ പങ്കെടുത്തുകൊണ്ടാണു എഞ്ചിനീയർ റാഷിദ് പ്രതിഷേധിച്ചത്.
      6. ഒക്ടോബർ 2015-  കേരള ഹൌസ് ക്യാന്റീനിൽ നിയമാനുസൃതമായി ബീഫ് വിഭവങ്ങൾ വിളമ്പുന്നതിനെ ചോദ്യം ചെയ്ത് ഡൽഹി പോലീസും ഹിന്ദു സേന എന്ന തീവ്രവാദ സംഘടനയുടെ പ്രവർത്തകരും ചേർന്ന് സംയുക്തമായി ക്യാന്റീനിൽ പരിശോധന നടത്തി.
      7. ഒക്ടോബർ 2015- ഉത്തർപ്രദേശിലെ മെയിൻപുരിയ്ക്കടുത്ത് നഗാരിയ ഗ്രാമത്തിൽ ചത്തപശുവിന്റെ തോലുരിക്കുകയായിരുന്ന റഫീക്ക്, ഹബീബ് എന്നീ യുവാക്കളെ ഗോരക്ഷകരുടെ നേതൃത്വത്തിലുള്ള 300-ലധികം പേർ വരുന്ന ആൾക്കൂട്ടം മർദ്ദിച്ചവശരാക്കി. സ്ഥലത്തെത്തിയ പോലീസുകാരെ മർദ്ദിച്ച് കനാലിലേയ്ക്ക് വലിച്ചെറിഞ്ഞ ആൾക്കൂട്ടം പോലീസ് വാഹനങ്ങളും നിരവധി കടകളും കത്തിക്കുകയും ചെയ്തു.

        കേരള ഹൌസിലുണ്ടായ റെയിഡിൽ പ്രതിഷേധിച്ച് കേരളത്തിൽ നിന്നുള്ള എം പിമാർ നടത്തിയ പ്രതിഷേധം

      8. ഒക്ടോബർ 2015- കർണ്ണാടകയിലെ ഉടുപ്പി ജില്ലയിലുള്ള കർക്കലയിൽ കന്നുകാലികളുമായി പോകുകയായിരുന്ന ഇബ്രാഹിം പദുബിദ്രിയെ ബജ്രംഗ്ദൾ തീവ്രവാദികൾ മർദ്ദിച്ചവശനാക്കി വഴിയിലുപേക്ഷിച്ചു.
      9. ഡിസംബർ 2015- ഹരിയാനയിലെ പൽവാലിൽ, മേവാതിൽ നിന്നും അലിഗഢിലേയ്ക്ക് മാട്ടിറച്ചിയുമായി പോകുകയായിരുന്ന ലോറി ഗോരക്ഷാ സേനക്കാർ ആക്രമിച്ചു. തുടർന്നുണ്ടായ സംഘർഷത്തിൽ പോലീസുകാരടക്കം പത്തുപേർക്ക് പരിക്കേറ്റു.
      10. ജനുവരി 2016- മദ്ധ്യപ്രദേശിലെ ഹർദ ജില്ലയിലുള്ള ഖിർകിയ റെയിൽവേ സ്റ്റേഷനിൽ വെച്ച് ട്രെയിനിൽ യാത്ര ചെയ്യുകയായിരുന്ന മുഹമ്മദ് ഹുസൈനേയും ഭാര്യ നസീമ ബാനോയേയും ഗോരക്ഷാ സമിതിക്കാർ മർദ്ദിച്ചു. ബീഫ് ഉണ്ടോയെന്നു പരിശോധിക്കാൻ ബാഗ് തുറക്കാൻ സമ്മതിക്കാതെയിരുന്നതാണു മർദ്ദനത്തിനുള്ള കാരണം.
      11.  മാർച്ച് 2016 – പഞ്ചാബിലെ രൂപ്നഗർ ജില്ലയിൽ മാട്ടിറച്ചിയുമായി പോകുകയായിരുന്ന ട്രക്ക് ആക്രമിച്ച ഗോരക്ഷാസമിതിക്കാർ ഡ്രൈവർ ബൽക്കാർ സിംഗിനെ മർദ്ദിച്ചു.
      12. മേയ് 2016 – രാജസ്ഥാനിലെ പ്രതാപ് ഗഢ് ജില്ലയിലെ ഛോട്ടി സാദ്രി ഗ്രാമത്തിൽ കന്നുകാലികളുമായിപ്പോയ മൂന്നു ട്രക്കുകൾ 150-ലധികം പേർ വരുന്ന ആൾക്കൂട്ടം ആക്രമിച്ചു. ഒരു ട്രക്ക് അഗ്നിക്കിരയാക്കി. ട്രക്ക് ഡ്രൈവർമാരെ നാട്ടുകാർ മർദ്ദിക്കുമ്പോൾ പോലീസുകാരും ഒപ്പം കൂടി. ഒരു ട്രക്ക് ഡ്രൈവറെ നഗ്നനായി തെരുവിലൂടെ നടത്തിച്ചു.
      13.  മേയ് 2016- ഹരിയാനയിലെ സോഹ്നയിൽ മാട്ടിറച്ചിയുമായി പോകുകയായിരുന്ന വസീം എന്ന യുവാവിനെ ഗോരക്ഷാസമിതി പ്രവർത്തകർ വളഞ്ഞിട്ട് മർദ്ദിച്ചു.
      14. ജൂൺ 2016- ഗുഡ്ഗാവിനടുത്ത് കാറിൽ മാട്ടിറച്ചിയുമായി ഡൽഹിയിൽ നിന്നും ഹരിയാനയിലെ മേവാതിലേയ്ക്ക് പോകുകയായിരുന്ന റിസ്വാൻ, മുഖ്ത്യാർ എന്നീ യുവാക്കളെ ഗോരക്ഷാ പ്രവർത്തകർ നിർബ്ബന്ധിച്ചു ചാണകം തീറ്റിച്ചു.
      15. ജൂൺ 2016- ഉത്തർപ്രദേശിലെ ഫിറോസാബാദിൽ കന്നുകാലികളുമായി പോകുകയായിരുന്ന മിനി ട്രക്ക് കനാലിലേയ്ക്ക് മറിഞ്ഞ് 11 പശുക്കൾ ചത്തതിൽ പ്രതിഷേധിച്ച് ഗ്രാമവാസികൾ പോലീസുകാരെ ആക്രമിച്ചു.
      16. ജൂലായ് 2016- കർണ്ണാടകയിലെ കൊപ്പയിൽ വീടിനുള്ളിൽ ബീഫ് ഉണ്ടെന്നാരോപിച്ച് ബജ്രംഗ്ദൾ പ്രവർത്തകർ ദളിത് കുടുംബത്തെ ആക്രമിച്ചു. 40-ലധികം അക്രമികൾ ബൽരാജ് എന്നയാളുടെ വീട്ടിൽക്കയറി വടികളുപയോഗിച്ച് ആക്രമിക്കുകയായിരുന്നു.
      17. ജൂലായ് 2016- ഗുജറാത്തിലെ ഉനയിൽ ചത്ത പശുവിന്റെ തോലുരിഞ്ഞുകൊണ്ടിരിക്കുകയായിരുന്ന ദളിത് യുവാക്കളെ ഗോരക്ഷാ സമിതിക്കാർ നഗ്നരാക്കി കാറിൽ കെട്ടിയിട്ട് മർദ്ദിച്ചു. ഇതു രാജ്യവ്യാപകമായ പ്രക്ഷോഭങ്ങൾക്ക് കാരണമായി.
      18. ജൂലായ് 2016- പഞ്ചാബിലെ മുക്ത്സാർ ജില്ലയിൽ കന്നുകാലികളെ കശാപ്പ് ചെയ്തെന്നാരോപിച്ച് രമേഷ് കുമാർ, രാകേഷ് കുമാർ എന്നീ യുവാക്കളെ ഗോരക്ഷാ പ്രവർത്തകർ മർദ്ദിച്ച് പോലീസിലേൽപ്പിച്ചു.
      19. ജൂലായ് 2016- ഗുജറാത്തിലെ നവസാരിയിൽ ഗിരിഷ് സോസ എന്ന ദളിത് യുവാവിനെ ബീഫ് കൈവശം വച്ചെന്നാരോപിച്ച് ഗോരക്ഷാ സമിതിക്കാർ ക്രൂരമായി മർദ്ദിച്ചു.
      20. ജൂലായ് 2016- മദ്ധ്യപ്രദേശിലെ മാൻഡ്സോറിൽ ബീഫ് കൈവശം വച്ചെന്നാരോപിച്ച് ഗോരക്ഷാ സമിതിക്കാർ ഷമീം, സൽമ എന്നീ രണ്ട് മുസ്ലീം സ്ത്രീകളെ ക്രൂരമായി മർദ്ദിച്ചു.
      21. ഓഗസ്റ്റ് 2016- ആന്ധ്രാപ്രദേശിലെ അമലാപുരത്ത് നൂറിലധികം പേർ വരുന്ന ആൾക്കൂട്ടം, ദളിത് വിഭാഗത്തിൽപ്പെട്ട മൊക്കാതി എലിസ, ലാസർ എന്നിവരെ ചത്ത പശുവിന്റെ തോലുരിഞ്ഞതിന്റെ പേരിൽ ക്രൂരമായി മർദ്ദിച്ചു.
      22. സെപ്റ്റംബർ 2016- ബംഗളൂരുവിനടുത്തുള്ള ബന്നർഘട്ടയിൽ ഈദിന് കാളകളെ അറുത്ത നാസിർ അഹ്മദിന്റെ ഫാർം ഹൌസിനു നേരേ ഗോരക്ഷാ പ്രവർത്തകർ ആക്രമണം നടത്തി.
      23. സെപ്റ്റംബർ 2016- ഡൽഹിയുടെ അതിർത്തിയിലുള്ള കിരാരി വില്ലേജിൽ പോത്തിനെ കശാപ്പു ചെയ്തതിന്റെ അവശിഷ്ടങ്ങൾ കളയാൻ പോയ ഹാഫിസ് അബ്ദുൽ ഖാലിദ്, അലി ഹസൻ എന്നിവരെ ഗോരക്ഷാ പ്രവർത്തകർ ക്രൂരമായി മർദ്ദിച്ചു.
      24. ഒക്ടോബർ 2016 – രാജസ്ഥാനിലെ രാജ് സാമണ്ഡിനടുത്തുള്ള റേൽമാഗ്രയിൽ കന്നുകാലിച്ചന്തയിൽ നിന്നും കാളകളെയും വാങ്ങി മടങ്ങുകയായിരുന്ന ബഞ്ചാര എന്ന ഗോത്രവിഭാഗത്തിൽപ്പെട്ടവരുടെ സംഘത്തെ ബജ്രംഗ ദൾ- ശിവസേന പ്രവർത്തകർ ആക്രമിച്ചു. മൂന്നുപേർക്ക് ഗുരുതരമായി പരിക്കേറ്റു. ഒരു നാടോടി ഗോത്രവിഭാഗമാണു ബഞ്ചാര.
      25. മാർച്ച് 2017 – രാജസ്ഥാനിലെ ജയ്പ്പൂരിലുള്ള ഹയത്ത് റബ്ബാനി ഹോട്ടൽ ഗോരക്ഷകർ ആറുമണിക്കൂറോളം പൂട്ടിയിട്ടു. ഹോട്ടലിൽ ബീഫ് വിളമ്പുന്നുവെന്നാരോപിച്ചായിരുന്നു ഇങ്ങനെ ചെയ്തത്.
      26. ഏപ്രിൽ 2017- ഝാർഖണ്ഡിലെ ഗിരിധിയ്ക്കടുത്തുള്ള ബെംഗാബാദിൽ കന്നുകാലികളുമായിപ്പോകുകയായിരുന്ന മൂന്നു ട്രക്കുകൾ ഗോരക്ഷകർ തടഞ്ഞ് ആക്രമിച്ചു. ഡ്രൈവർമാർ ഓടി രക്ഷപ്പെട്ടു. അക്രമാസക്തരായ ആൾക്കൂട്ടം സ്ഥലത്തെത്തിയ പോലീസുകാരെയും ആക്രമിച്ചു. ബിജെപി എം എൽ ഏ ആയ ജയ് പ്രകാശ് വർമ്മയാണു ആൾക്കൂട്ടത്തിനു നേതൃത്വം നൽകിയതെന്ന് പോലീസ് ആരോപിച്ചു.
      27. ഏപ്രിൽ 2017- കർണ്ണാടകയിലെ ഉടുപ്പിയ്ക്കടുത്ത് കൊരാഗ ആദിവാസി വിഭാഗത്തിൽപ്പെട്ട ശകുന്തള എന്ന സ്ത്രീയുടെ വീട്ടിൽ അതിക്രമിച്ചുകയറിയ ഗോരക്ഷകർ, ഇവരുടെ കുടുംബത്തിലുള്ള ഹരീഷ്, മഹേഷ്, ശ്രീകാന്ത് എന്നിവരെ ആക്രമിച്ചു.
      28. ഏപ്രിൽ 2017- കേരളത്തിൽ എറണാകുളം ജില്ലയിലെ കരുമാലൂരിൽ ഈസ്റ്റര്‍ ദിനത്തിന്റെ തലേന്ന്, ഇറച്ചി ആവശ്യത്തിനായി കന്നുകാലിയെ കശാപ്പ് ചെയ്യുമ്പോൾ കാരുകുന്ന് കല്ലറയ്ക്കല്‍ ജോസിന്റെ വീട്ടിലെത്തിയ പത്തുപേരടങ്ങിയ ആർ എസ് എസ് സംഘം തങ്ങള്‍ ഗോസംരക്ഷകരാണെന്നും പശുവിനെക്കൊല്ലാന്‍ അനുവദിക്കില്ലെന്നും പറഞ്ഞശേഷം സ്ഥലത്തുണ്ടായിരുന്നവരെ ഭീഷണിപ്പെടുത്തുകയും വിരട്ടിയോടിക്കുകയും  ഇറച്ചിയില്‍ മണ്ണുവാരിയിടുകയും ചെയ്തു.
      29. ഏപ്രിൽ 2017- ബീഹാറിലെ സഹർസയിൽ പശുവിനെ മാറ്റാൻ വാഹനത്തിന്റെ ഹോൺ മുഴക്കിയ പിക്ക് അപ്പ് ഡ്രൈവറുടെ കണ്ണ് അടിച്ചു പൊട്ടിച്ചു.
      30. ഏപ്രിൽ 2017- ജമ്മു കാശ്മീരിലെ റെയാസിയിൽ നാടോടി മുസ്ലീം വിഭാഗത്തിൽപ്പെട്ട അഞ്ചുപേരെ ഗോരക്ഷകർ ആക്രമിച്ചു.ഒരു 9 വയസ്സുകാരിയും ഇരകളിൽപ്പെടും.  ആട്ടിടയന്മാരായ ഇവർ കന്നുകാലികളെ തെളിച്ചുകൊണ്ടുപോകുമ്പോഴായിരുന്നു ആക്രമണം.
      31. ഏപ്രിൽ 2017- ഡൽഹിയിലെ കൽക്കാജിയിൽ കന്നുകാലികളുമായി പോകുകയായിരുന്ന വാഹനം തടഞ്ഞ്, മഥുര സ്വദേശികളായ റിസ്വാൻ, കമീൽ, ആഷു എന്നിവരെ ആക്രമിച്ചു. പീപ്പിൾ ഫോർ അനിമൽസ് എന്ന സംഘടനയുടെ പ്രവർത്തകരാണു ആക്രമണം നടത്തിയത്.
      32. മേയ് 2017- തമിഴ്നാട്ടിലെ ചെന്നൈ ഐ ഐ ടി ക്യാമ്പസിൽ, മലയാളിയായ പി എച്ച് ഡി വിദ്യാർത്ഥി ആർ സൂരജിനെ  ബീഫ് ഫെസ്റ്റിൽ പങ്കെടുത്തതിന്റെ പേരിൽ മനീഷ് കുമാർ സിംഗ് എന്ന സഹപാഠി ക്രൂരമായി ആക്രമിച്ചു പരിക്കേൽപ്പിച്ചു.
      33. മേയ് 2017- ഒഡീഷയിലെ ഭുവനേശ്വറിൽ 20-ലധികം പേർ വരുന്ന ബജ്രംഗ്ദൾ സംഘം കൊച്ചുവേളി – ഗുവാഹത്തി എക്സ്പ്രസ്സിന്റെ പാഴ്സൽ വാൻ റെയിഡ് ചെയ്യുകയും രണ്ടുപേരെ ആക്രമിക്കുകയും ചെയ്തു . ട്രെയിനിൽ കന്നുകാലികളെ കടത്തുന്നുവെന്നാരോപിച്ചായിരുന്നു റെയിഡ്.
      34. മേയ് 2017-  മദ്ധ്യപ്രദേശിലെ ഉജ്ജൈനിൽ പശുവിന്റെ വാൽ മുറിച്ചെന്നാരോപിച്ച് അപ്പുദാ മാൾവ്യ എന്നയാളെ ഗോരക്ഷകർ ക്രൂരമായി മർദ്ദിച്ചു.
      35. മേയ് 2017-  ഉത്തർപ്രദേശിലെ അലിഗഢിൽ ഒരു സ്വകാര്യ ഡയറിയിൽ അതിക്രമിച്ചുകടന്ന ഗോരക്ഷകർ ഡയറി ഉടമസ്ഥനായ കാലു ബെഘൽ സഹായികളായ സോൻവീർ, വിനോദ്, ഛോട്ടു, ബുന്തി, ഇമ്രാൻ എന്നിവരെ മർദ്ദിച്ചു. പാൽ ചുരത്തുന്നത് നിർത്തിയ എരുമയെ അറവുകാരനായ ഇമ്രാനെ ഉപയോഗിച്ച് കശാപ്പ് ചെയ്തു വിൽക്കാൻ ശ്രമിക്കുന്നതിനിടെയായിരുന്നു ആക്രമണം.
      36. മേയ് 2017- ഉത്തർപ്രദേശിലെ നോയിഡയ്ക്കടുത്തുള്ള ജേവാറിൽ കന്നുകാലികളെ വാങ്ങി വീട്ടിലേയ്ക്ക് പോകുകയായിരുന്ന ജാബർ സിംഗ്, ഭൂപ് സിംഗ് എന്നിവരെ ഗോരക്ഷാ പ്രവർത്തകർ മർദ്ദിച്ചു.
      37. മേയ് 2017-  മഹാരാഷ്ട്രയിലെ വാഷിം ജില്ലയിലെ രജോറ ഗ്രാമത്തിൽ മാട്ടിറച്ചി കൈവശം വെച്ചുവെന്നാരോപിച്ച് മൂന്നു മുസ്ലീം യുവാക്കളെ ഗോരക്ഷകർ തടഞ്ഞുവെച്ച് മർദ്ദിച്ചു.
      38.  ജൂൺ 2017- ഝാർഖണ്ഡിലെ ധൻബാദിൽ ഇഫ്താർ പാർട്ടിയ്ക്ക് ബീഫ് കൊണ്ടുപോയി എന്നാരോപിച്ച് ഐനുൽ അൻസാരി എന്ന യുവാവിനെ ഗോരക്ഷകർ ക്രൂരമായി മർദ്ദിച്ചു.
      39. ജൂൺ 2017- രാജസ്ഥാനിലെ ജയ്സാൽമീറിൽ നിന്നും തമിഴ്നാട്ടിലേയ്ക്കു പശുക്കളെ കൊണ്ടു പോകുകയായിരുന്ന തമിഴ്നാട് സർക്കാരിന്റെ വാഹനത്തിനു നേരെ ബാർമീറിൽ വെച്ച് ഗോരക്ഷകരുടെ സംഘം ആക്രമണം നടത്തി. ദേശീയ കന്നുകാലി പ്രജനന പദ്ധതിയുടെ ഭാഗമായി തദ്ദേശീയ കന്നുകാലി ഇനങ്ങളെ ശേഖരിക്കാനാണു തമിഴ്നാട് സർക്കാർ ജയ്സാൽമീറിൽ നിന്നും കന്നുകാലികളെ വാങ്ങിയത്. അക്രമികൾ തമിഴ്നാട് സർക്കാർ ഉദ്യോഗസ്ഥരെ ആക്രമിക്കുകയും ട്രക്ക് കത്തിക്കാൻ ശ്രമിക്കുകയും ചെയ്തു.
      40. ജൂൺ 2017- ഉത്തർപ്രദേശിലെ ഏത്തയിൽ ഗോരക്ഷകർ മൂന്നുപേരെ കന്നുകാലി മോഷ്ടാക്കളെന്നാരോപിച്ച് നഗ്നരാക്കി മരത്തിൽ കെട്ടിയിട്ട് ക്രൂരമായി മർദ്ദിച്ചു.
      41. ജൂൺ 2017- ഝാർഖണ്ഡിലെ ഗിരിധിയിൽ വീടിന്റെ പരിസരത്ത് ചത്ത പശുവിനെ കണ്ടതിനെത്തുടർന്ന് ഉസ്മാൻ അൻസാരി എന്നയാളെ ഇരുന്നൂ‍ൂറിലധികം വരുന്ന ആൾക്കൂട്ടം മർദ്ദിച്ചവശനാക്കി. പോലീസെത്തിയാണു ഇദ്ദേഹത്തെ രക്ഷിച്ചത്. ജനക്കൂട്ടം പോലീസിനു നേരേ കല്ലെറിഞ്ഞതിനെത്തുടർന്ന് 50 പോലീസുകാർക്ക് പരിക്കേറ്റു. പിന്നീട് ഉസ്മാൻ അൻസാരിയുടെ വീട് അക്രമികൾ കത്തിക്കുകയും ചെയ്തു.

റിപ്പോർട്ട് ചെയ്യപ്പെട്ട മിക്കവാറും എല്ലാ അക്രമങ്ങളും ഈ പട്ടികയിൽ ഉൾപ്പെടുത്താൻ ശ്രമിച്ചിട്ടുണ്ട്. എന്നാൽ റിപ്പോർട്ട് ചെയ്യപ്പെടാത്ത സംഭവങ്ങളുടെ എണ്ണം ഇതിന്റെ ഇരട്ടിയിലധികമാകാനാണു സാധ്യത. എന്തായാലും ഒരു സിറിയയിലേയ്ക്കോ അഫ്ഘാനിസ്താനിലേയ്ക്കോ ഇന്ത്യയിൽ നിന്നും അധികം ദൂരമില്ലെന്ന് ഈ അക്രമങ്ങളുടെ എണ്ണവും സ്വഭാവവും പരിശോധിച്ചാൽ മനസ്സിലാക്കാം.