ഹിമാ‍ലയൻ വയാഗ്ര: കിലോയ്ക്ക് അൻപത് ലക്ഷത്തിനുമുകളിൽ വിലയുള്ള ലൈംഗികോത്തേജകമരുന്ന്

single-img
18 June 2017

ഇക്കഴിഞ്ഞ വെള്ളിയാഴ്ച്ച, 370 ഗ്രാം ‘ഹിമാലയൻ വയാഗ്ര’യുമായി മഹേന്ദ്ര സിംഗ് എന്നയാളെ ഉത്തരാഖണ്ഡ് പോലീസ് അറസ്റ്റ് ചെയ്ത കാര്യം ദേശീയമാധ്യമങ്ങളിൽ വാർത്തയായിരുന്നു. ഇതിന്റെ പ്രത്യേകമായ ഔഷധഗുണങ്ങൾ കാരണം കിലോയ്ക്ക് ലക്ഷങ്ങളാണു ഇതിന്റെ വില. നാഷണൽ ജിയോഗ്രഫിക്കിന്റെ 2012-ൽ പുറത്തുവന്ന ഒരു റിപ്പോർട്ടിൽ പറയുന്നതു പ്രകാരം ഏറ്റവും ഗുണനിലവാരമുള്ള ഹിമാലയൻ വയാഗ്രയ്ക്ക്  ഒരു പൌണ്ടിനു 50000 ഡോളറാണു അമേരിക്കൻ വിപണിയിലെ വില. അതായത് ഒരു കിലോഗ്രാമിനു ഏകദേശം 70 ലക്ഷം ഇന്ത്യൻ രൂപ !!!

ഒരു ലൈംഗികോത്തേജകമായി ഉപയോഗിക്കപ്പെടുന്ന ഈ വസ്തുവിന്റെ പ്രത്യേകതകൾ എന്തെല്ലാമാണെന്ന് നോക്കാം.

ഹിമാലയൻ വയാഗ്ര അഥവാ യർസ ഗുംബു

തിബറ്റൻ പീഠഭൂമിയിൽ കണ്ടുവരുന്ന യർസ ഗുംബു എന്നു വിളിക്കുന്ന ഫംഗസാണു ആഗോളവിപണിയിൽ രത്നങ്ങളേക്കാൾ വിലയുള്ള ഈ വിശിഷ്ടവസ്തു. ഒഫിയോകോർഡിസെപ്സ്  സിനെപ്സിസ് (Ophiocordyceps sinensis – formerly known as Cordyceps sinensis) എന്ന ശാസ്ത്രീയനാമത്തിൽ അറിയപ്പെടുന്ന ഈ ഫംഗസ് കീടങ്ങളുടേയും ശലഭങ്ങളുടേയും ശരീരത്തിൽ വളരുന്ന ഒരു പരാദജീവിയാണു. നേപ്പാൾ, ടിബറ്റ് എന്നിവിടങ്ങളിലെ ഹിമാലയൻ പർവതനിരകളിൽ സമുദ്രനിരപ്പിൽ നിന്നും പതിനായിരം അടി ഉയരത്തിലാണു ഇവ കാണപ്പെടുന്നത്.

യർസ ഗുംബു എന്നവാക്കിനു തിബറ്റൻ ഭാഷയിൽ ‘വേനൽപ്പുല്ല്’, ‘ശൈത്യപ്പുഴു‘ എന്നൊക്കെയാണു അർത്ഥം. ഗോസ്റ്റ് മോത്ത് (പ്രേതശലഭം) എന്നുവിളിക്കപ്പെടുന്ന ഒരു ശലഭത്തിന്റെ ലാർവ്വയിലാണു ഈ ഫംഗസ് വളരുന്നത്. ജീവനുള്ള ലാർവ്വയിൽ വളരുന്ന ഈ ഫംഗസ് ലാർവ്വയെ കൊന്നശേഷം അതിനെ ഒരുതരം ‘മമ്മി’യാക്കി മാറ്റുന്നു. മമ്മിയാക്കപ്പെട്ട ലാർവ്വയുടെ തലഭാഗത്തുനിന്നും കഷ്ടിച്ച് ഒരു സെന്റീമീറ്റർ നീളമുള്ള സ്ട്രോമ എന്നുവിളിക്കുന്ന ശരീരഭാഗമായി ഒരു കൊമ്പുപോലെ ഈ ഫംഗസ് പുറത്തേയ്ക്ക് വളർന്നുവരുകയും ചെയ്യും. കാലക്രമേണ ഈ പുഴുവിന്റെ മമ്മി മണ്ണിനടിയിൽ ആകുകയും ഫംഗസിന്റെ സ്ട്രോമ മാത്രം മണ്ണിനുമുകളിൽ കാണപ്പെടുകയും ചെയ്യും. ഇത്തരത്തിൽ ഫംഗസ് വളർന്നു നിൽക്കുന്ന പുഴുക്കളുടെ മമ്മി ശേഖരിച്ചാണു വിപണിയിലെത്തിക്കുന്നത്. ഇംഗ്ലീഷിൽ ഇതിനെ കാറ്റർപില്ലർ ഫംഗസ് എന്നാണു വിളിക്കുന്നത്.

പതിനഞ്ചാം നൂറ്റാണ്ടിൽ എഴുതപ്പെട്ട ‘ലൈംഗികോത്തേജക ഗുണങ്ങളുടെ മഹാസമുദ്രം‘ (An Ocean of Aphrodisiacal Qualities) എന്നഗ്രന്ഥത്തിലാണു യർസ ഗുംബുവിനെക്കുറിച്ചുള്ള ആദ്യത്തെ ആധികാരിക പരാമർശമുള്ളത്. ഈ ‘അന്യൂനമായ നിധി’ കഴിക്കുന്നവർക്ക് അസാധ്യമായ നേട്ടങ്ങൾ ലഭിക്കുമെന്നാണു ഈ ഗ്രന്ഥം യർസ ഗംബുവിനെക്കുറിച്ചു പറയുന്നത്. ‘ഇതൊരൽപ്പം ഒരു കപ്പ് ചായയിലോ സൂപ്പിലോ ഇട്ടു തിളപ്പിച്ചുകുടിച്ചാൽ നിങ്ങളുടെ എല്ലാ രോഗങ്ങളും പമ്പകടക്കും’ എന്നും ഗ്രന്ഥം പറയുന്നു. ന്യാംന്യി ദോർജെ (1439-1475) എന്നയാളാണു ഈ ഗ്രന്ഥം എഴുതിയത്.

യർസു ഗുംബു വൃത്തിയാക്കുന്ന ഒരു തിബറ്റൻ സ്ത്രീ

നിരവധി ചൈനീസ് പാരമ്പര്യ വൈദ്യ ഗ്രന്ഥങ്ങലിലും ഇതിനെക്കുറിച്ചു പരാമർശമുണ്ട്. ചൈനീസ്-തിബറ്റൻ പാരമ്പര്യ വൈദ്യശാസ്ത്രങ്ങൾ യർസ ഗുംബുവിനെ ഒരു ടോണിക്കായും ലൈംഗികോത്തേജക ഔഷധമായുമായാണു കണക്കാക്കിപ്പോരുന്നത്. ഉദ്ദാരണക്കുറവ്, സ്ത്രീകളിലെ ലൈംഗികതാൽപ്പര്യക്കുറവ്, പലതരം ട്യൂമറുകളും ക്യാൻസറുകളും, ആസ്ത്മ, പ്രമേഹം, മഞ്ഞപ്പിത്തം, കരൾ-കിഡ്നി രോഗങ്ങൾ എന്നിവയ്ക്ക് മരുന്നായി യർസ ഗുംബുവിനെ ഉപയോഗിക്കാമെന്നു പാരമ്പര്യവൈദ്യന്മാർ അവകാശപ്പെടുന്നു.

ഇതിൽ ചില അവകാശവാദങ്ങൾക്ക് അടിസ്ഥാനവുമുണ്ട്. ഉദാഹരണത്തിനു ചിലതരം ശ്വാസകോശ ക്യാൻസറുകളെ (non–small cell lung cancer -NSCLC) ഭേദമാക്കുന്നതിനു ഈ ഫംഗസിൽ അടങ്ങിയിട്ടുള്ള പോളിസാക്കറൈഡുകൾക്ക് കഴിവുള്ളതായി ചൈനയിലെ ഡോക്ടർമാർ നടത്തിയ ഒരു പഠനത്തിൽ തെളിയിച്ചിട്ടുണ്ട്.

പ്രത്യേകം ഓർമ്മിക്കുക യർസ ഗുംബു കഴിച്ചാൽ ഈ ക്യാൻസർ മാറും എന്നല്ല പഠനങ്ങൾ തെളിയിച്ചത്, മറിച്ച് ഇതിലടങ്ങിയിട്ടുള്ള ചില പോളിസാക്കറൈഡുകൾക്ക്  സിസ്പ്ലാറ്റിൻ എന്ന കീമോ തെറാപ്പിയ്ക്ക് ഉപയോഗിക്കുന്ന മരുന്നിന്റെ സൈറ്റോടോക്സിസിറ്റി( ആവശ്യമില്ലാത്ത കോശങ്ങളെ നശിപ്പിക്കാനുള്ള കഴിവ്) വർദ്ധിപ്പിക്കാൻ കഴിയും എന്നാണു. ഇതിൽ ഇനിയും പഠനങ്ങൾ നടക്കേണ്ടിയിരിക്കുന്നു. ( അതായത് മഞ്ഞളിൽ ഏതെങ്കിലും തരം ക്യാൻസർ സെല്ലുകളെ പ്രതിരോധിക്കുന്ന രാസവസ്തു ഉണ്ടെന്ന് കരുതി എല്ലാ ക്യാൻസർ രോഗികൾക്കും ദിവസവും നൂ‍റുഗ്രാം മഞ്ഞൾ കലക്കിക്കൊടുത്താ‍ൽ അസുഖം മാറില്ല ).

ഇതുപോലെതന്നെ പ്രതിരോധകോശങ്ങളായ ഫാഗോസൈറ്റുകളെ ഉദ്ദീപിപ്പിക്കാനും കരളിന്റെ പ്രവർത്തനം സാധാരണഗതിയിലാക്കാനുമുള്ള കഴിവ് ഈ ഫംഗസിലടങ്ങിയിരിക്കുന്ന പോളിസാക്കറൈഡുകൾക്കുണ്ടെന്ന് ചൈനയിൽ നടന്നിട്ടുള്ള വിവിധ പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. അതുപോലെ നിരവധി ആന്റി ഡിപ്രസന്റുകൾ ഈ ഫംഗസിലുള്ളതുകൊണ്ടുതന്നെ ഇതിനു വിഷാദം കുറയ്ക്കുവാനും ഉന്മേഷം നൽകുവാനും സാധിക്കും. നിരവധി ആന്റി ബയോട്ടിക്ക് രാസവസ്തുക്കളും ഇതിൽ അടങ്ങിയിട്ടുള്ളതായി പഠനങ്ങൾ തെളിയിക്കുന്നു.

മറ്റൊരു പ്രധാന കണ്ടെത്തൽ അമേരിക്കയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്തിന്റെ കീഴിൽ നടന്ന ഗവേഷണത്തിലേതാണു. ക്യാൻസർ ചികിത്സയ്ക്കായി കീമോതെറാപ്പിയും റേഡിയേഷനും ചെയ്യുമ്പോഴുണ്ടാകുന്ന വളരെ സാധാരണമായ ഒരു പാർശ്വഫലമാണു ശ്വേതരക്താണുക്കൾ ക്രമാതീതമായി കുറഞ്ഞുപോകുക എന്നത്. ലൂക്കോപ്പീനിയ എന്നാണു വൈദ്യശാസ്ത്രം ഈ അവസ്ഥയെ വിളിക്കുന്നത്. ശരീരത്തിന്റെ പ്രതിരോധശേഷികുറഞ്ഞു രോഗി മരണപ്പെടാൻ വരെ ഇതു കാരണമായേക്കാം. വൈറൽപ്പനി പോലെയുള്ള രോഗങ്ങൾ കാരണവും ഈ അവസ്ഥ ഉണ്ടാകാം. ഇത്തരത്തിൽ ഉണ്ടാകുന്ന ലൂക്കോപ്പീനിയയെ ഫലപ്രദമായി പ്രതിരോധിക്കാൻ യർസ ഗുംബു അഥവാ Cordyceps sinensis എന്ന ഫംഗസിന്റെ സത്തിനു സാധിക്കും എന്നാണു ഗവേഷണഫലം. കീമോ തെറാപ്പ്യ്ക്കുപയോഗിക്കുന്ന ടാക്സോൾ എന്ന മരുന്നു കുത്തിവെച്ച് ലൂക്കോപ്പീനിയ ഉണ്ടാക്കിയ എലികളിൽ നടത്തിയ പരീക്ഷണമാണു ഇതു തെളിയിച്ചത്.

ലൈംഗിക ഉത്തേജകമരുന്നായാണു പ്രധാനമായും യർസു ഗുംബു അറിയപ്പെടുന്നത്. ലൈംഗിക ഹോർമോണുകളായ ഈസ്ട്രജൻ, ടെസ്റ്റോസ്റ്റിറോൺ എന്നിവയുടെ ഉത്പാദനത്തെ ഉദ്ദീപിപ്പിക്കാൻ ഈ ഫംഗസിന്റെ സത്തിനു കഴിയുന്നതായി നാഷണൽ തായ്‌വാൻ യൂണിവേഴ്സിറ്റിയുടെ ഒരുപഠനത്തീൾ കണ്ടെത്തിയിട്ടുണ്ടെങ്കിൽ അതിലെ വിവരങ്ങൾ പൂർണ്ണമായ ഒരു നിഗമനത്തിലെത്താൻ പര്യാപ്തമായ വിധത്തിൽ വ്യക്തമല്ല. ലൈംഗികതാൽപ്പര്യം കുറഞ്ഞ സ്ത്രീകളും പുരുഷന്മാരുമടങ്ങിയ ഒരു ഗ്രൂപ്പിൽ നടത്തിയ പരീക്ഷണത്തിൽ ഇവരുടെ ലൈംഗികതാൽപ്പര്യത്തിൽ 66 ശതമാനത്തോളം വർദ്ധനവുണ്ടാക്കാൻ യർസു ഗുംബുവിന്റെ സത്തിനുകഴിഞ്ഞതായും പഠനഫലങ്ങളുണ്ട്. ഈ മരുന്നിനു അത്ലറ്റുകളുടെ കായികശേഷി വർദ്ധിപ്പിക്കാനുള്ള കഴിവുള്ളതായും ചിലപഠനങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്.

മുകളിൽപ്പറഞ്ഞ പഠനങ്ങളിൽ ചിലതെങ്കിലും സാമ്പിൾ സർവ്വേ പഠനങ്ങളാണു. ഈ വിഷയങ്ങളിൽ പൂർണ്ണമായ പഠനഫലങ്ങൾ ഉണ്ടാകാതെ ഇവയെ പൂർണ്ണ അർത്ഥത്തിൽ നിഗമനങ്ങളായി എടുക്കുക സാധ്യമല്ല.

എന്തായാലും 1970-കളിൽ കിലോയ്ക്ക് നൂറു രൂപപോലും വിലയില്ലാതിരുന്ന യർസു ഗുംബുവിന്റെ വില പിന്നീടുള്ള ദശകങ്ങളിൽ ക്രമാതീതമായി വർദ്ധിച്ചു. തൊണ്ണൂറുകളിൽ മത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്ച്ചവെച്ച ചില ചൈനീസ് ഓട്ടക്കാർ തങ്ങളുടെ ഭക്ഷണത്തിൽ ഈ യർസു ഗുംബു ഉണ്ടെന്നു പ്രഖ്യാപിച്ചതോടെയാണു ഇതിന്റെ വില കുതിച്ചുയരാൻ തുടങ്ങിയത്. 2001-ലാണു നേപ്പാൾ ഔദ്യോഗികമായി ഇതിന്റെ വ്യാപാരം നിയമവിധേയമാക്കിയത്. തുടർന്നുള്ള ഒരു ദശകക്കാലയളവിൽ ഇതിന്റെ വിലയിലുണ്ടായ വർദ്ധനവ് 2300 ശതമാനമാണു.

മലകളുടെ വശത്തു തറയിലൂടെ ഇഴഞ്ഞുനീങ്ങി യർസു ഗുംബു ശേഖരിക്കുന്ന ഗ്രാമവാസികൾ

ലൈംഗികോത്തേജകം എന്ന ബ്രാൻഡായിരിക്കാം ഒരുപക്ഷേ ഇതിന്റെ ഡിമാൻഡ് ഉയർത്തിയത്. അതോടൊപ്പം യർസു ഗുംബുവിന്റെ ഉപയോഗം ഒരുതരം സ്റ്റാറ്റസിന്റേയും പൊങ്ങച്ചത്തിന്റെയും കൂടി പ്രതീകമായി മാറി. ചൈനയിലേയും അമേരിക്കയിലേയുമൊക്കെ സമ്പന്നരുടെ ഡിന്നർ പാർട്ടികളിൽ യർസു ഗുംബു ചേർത്ത ചായയോ സൂപ്പോ താറാവു റോസ്റ്റോ ഒക്കെ വിളമ്പുന്നത് ഒരു ആഡംബരമായി മാറി. എന്തായാലും ഈ ഫംഗസ് മരുന്നിന്റെ വില ഒരുകിലോയ്ക്ക് പത്തുലക്ഷം മുതൽ അൻപതു ലക്ഷം വരെയായി ഉയർന്നു.

നേപ്പാളിലേയും തിബറ്റിലേയും ഗ്രാമവാസികളുടെ പ്രധാനവരുമാനമാർഗ്ഗമായി ഈ അദ്ഭുതമരുന്നു മാറിയത് കഴിഞ്ഞദശകത്തിലാണു. 2004-ലെ കണക്കനുസരിച്ച് പ്രദേശവാസികളുടെ മൊത്തവരുമാനത്തിന്റെ 40 ശതമാനം യർസു ഗുംബുവിന്റെ വ്യാപാരത്തിൽ നിന്നായിരുന്നു. ആളുകൾ തറയിലിഴഞ്ഞുനടന്നു ഫംഗസ് ബാധിച്ച ലാർവ്വയെ തപ്പാൻ തുടങ്ങി. യർസു ഗുംബുവിന്റെ പേരിൽ ഗ്രാമവാസികൾ തമ്മിൽ സംഘർഷങ്ങൾ പതിവായി. 2011-ൽ താഴ്വാരത്തിലുള്ള ഗോർഖ ജില്ലയിൽ നിന്നും യർസു ഗുംബു ശേഖരിക്കാൻ വന്നവരെ നാർ ഗ്രാമത്തിലുള്ള ജനക്കൂട്ടം ആക്രമിച്ചു. ആക്രമണത്തിൽ ഏഴുപേരാണു കൊല്ലപ്പെട്ടത്. നേപ്പാളിൽ ആഭ്യന്തരയുദ്ധം നടക്കുന്ന കാലത്ത് മാവോയിസ്റ്റുകളുടെ ഒരു പ്രധാന വരുമാനമാർഗ്ഗമായിരുന്നു യർസു ഗുംബുവിന്റെ കച്ചവടം.

2016-ൽ ചൈന ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ (CFDA) യർസു ഗുംബുവിന്റെ വിൽപ്പനയ്ക്കും അതിൽനിന്നുള്ള മരുന്നുകളുടെ നിർമ്മാണത്തിനും നിയന്ത്രണങ്ങളേർപ്പെടുത്തി. പ്രസ്തുത ഫംഗസിൽ പലതരം ഘനലോഹങ്ങളും (മഗ്നീഷ്യം, സിങ്ക്, കോപ്പർ, അയൺ തുടങ്ങിയവ), ശരീരത്തിനു വളരെയധികം ദോഷകരമായ ലെഡ്, കാഡ്മിയം, ആഴ്സനിക് എന്നിവയും അടങ്ങിയിട്ടുള്ളതായി അണ്ടെത്തിയതിനെത്തുടർന്നായിരുന്നു ഇത്.  പക്ഷേ ലോകം മുഴുവൻ രത്നങ്ങളേക്കാൾ വിലപിടിപ്പുള്ള വസ്തുവായി യർസു ഗുംബു ഇപ്പോഴും വിൽക്കപ്പെടുന്നു.

ഉപസംഹാരം

ഇതെഴുതിയ ലേഖകൻ ലാടവൈദ്യം, അദ്ഭുതമരുന്ന്, ദിവ്യാൽഭുതങ്ങൾ എന്നിവയിൽ വിശ്വസിക്കുന്നില്ല. ഒറ്റപ്പെട്ട രോഗശമനങ്ങൾ അപൂർണ്ണമായ പഠനങ്ങൾ എന്നിവയിലൂടെ ഒരു വസ്തുവിനെ ഒരു രോഗത്തിനുള്ള പ്രതിവിധിയായി നിർദ്ദേശിക്കുന്നതോ ഉപയോഗിക്കുന്നതോ തികഞ്ഞ വിഡ്ഢിത്തമാണെന്നാണു ലേഖകന്റെ അഭിപ്രായം. ആധുനിക വൈദ്യശാസ്ത്രം നിർദ്ദേശിക്കുന്ന ചികിത്സാരീതികൾ പിന്തുടരണമെന്ന് ലേഖകൻ നിർദ്ദേശിക്കുന്നു.

വാൽക്കഷണം

ഈ ലേഖനം വായിച്ച ശേഷം, ‘യർസു ഗുംബു കൊടുത്തു ഞാൻ രോഗികളുടെ ക്യാൻസറും എയിഡ്സും മാറ്റാറുണ്ട്’ എന്നുപറഞ്ഞുകൊണ്ട് മോഹനൻ വൈദ്യരോ ജേക്കബ് വടക്കാഞ്ചേരിയോ രംഗത്തുവന്നാൽ അത്തരം വിഡ്ഢിത്തരങ്ങൾക്ക് ലേഖകൻ ഉത്തരവാദിയല്ല. ഹിമാലയത്തിൽ ഞങ്ങളുടെ സർക്കാർ ആളെവിട്ടു തെരയുന്ന മൃതസഞ്ജീവനി ഈ പറയുന്ന യർസു ഗുംബുവാണു എന്നവകാശപ്പെട്ട് സംഘപരിവാർ ഇതിനെ ഒരു വാട്സാപ്പ് മെസേജ് ആക്കിമാറ്റിയാൽ അതു ഈ ലേഖനത്തിന്റെ ഒരു ട്രാജഡിയായി കണക്കാക്കുക.