പോർക്കളമായി ഡാർജീലിംഗ്: ഗോർഖാലാൻഡ് പ്രക്ഷോഭത്തിൽ നാലുമരണം

single-img
18 June 2017

പശ്ചിമ ബംഗാളിലെ ഡാർജീലിംഗിൽ പത്തുദിവസമായി തുടർന്നു വരുന്ന പ്രക്ഷോഭം ഇന്നലെ അക്രമാസക്തമായതിനെത്തുടർന്ന് ഗോർഖാലാൻഡ് വാദികളും പോലീസുമായുള്ള ഏറ്റുമുട്ടലിൽ നാലുമരണം. ഗോർഖാലാൻഡ് പ്രത്യേക സംസ്ഥാനമാക്കണം എന്നു വാദിക്കുന്ന ഗോർഖ ജനമുക്തി മോർച്ചയുടെ നാലു പ്രവർത്തകരാണു പോലീസ് വെടിവെയ്പ്പിൽ കൊല്ലപ്പെട്ടതെന്ന് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ പോലീസ് വെടിവെച്ചിട്ടില്ലെന്നാണു പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജ്ജിയുടെ വാദം.

സ്കൂളുകളിൽ ബംഗാളി ഭാഷ നിർബ്ബന്ധമാക്കിക്കൊണ്ടുള്ള സംസ്ഥാനസർക്കാരിന്റെ ഉത്തരവിൽ പ്രതിഷേധിച്ചാണു ഡാർജീലിംഗിൽ ഈ മാ‍സം എട്ടാം തീയതി മുതൽ പ്രക്ഷോഭം നടക്കുന്നത്. ഡാർജീലിംഗിലെ നേപ്പാളി സംസാരിക്കുന്ന ഗോർഖ വിഭാഗക്കാരുടെ മേൽ ബംഗാളി അടിച്ചേൽപ്പിക്കാനുള്ള ശ്രമമാണിതെന്നാരോപിച്ചായിരുന്നു പ്രതിഷേധപ്രകടനങ്ങൾ അരങ്ങേറിയത്. ഇന്നലെ രാവിലെ മുതൽ പ്രക്ഷോഭം അക്രമാസക്തമാകുകയായിരുന്നു. ബംഗാളി ഭാഷ സ്കൂളുകളിൽ നിർബ്ബന്ധമാക്കിയെങ്കിലും ഡാർജീലിംഗിൽ ഇതു ഐച്ഛികവിഷയമാണെന്ന് സർക്കാർ വിശദീകരിക്കുന്നു.

വിവിധയിടങ്ങളിലായി നടന്ന സംഘർഷങ്ങളിൽ 35-ലധികം പോലീസുകാർക്കും പരിക്കേറ്റിട്ടുണ്ട്. ഇന്ത്യാ റിസർവ്വ് ബറ്റാലിയനീ അസിസ്റ്റന്റ് കമാൻഡന്റ് ആയ കിരൻ തമാംഗിനെ പ്രക്ഷോഭകർ ‘കുക്രി’ പയോഗിച്ചു പിന്നിൽ നിന്നും കുത്തിവീഴ്ത്തി. ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹം അപകടനില തരണം ചെയ്യുന്നതേയുള്ളൂ. പ്രക്ഷോഭകർ നിരവധി പോലീസ് വാഹനങ്ങൾ കത്തിക്കുകയും ഇഷ്ടികകളും കല്ലുകളും പോലീസിനു നേരേ വലിച്ചെറിയുകയും ചെയ്തു.

ഗോർഖാ ജനമുക്തി മോർച്ചയുടെ ഓഫീസ് സ്ഥിതി ചെയ്യുന്ന സിംഗമാരിയിലാണു സംഘർഷമുണ്ടായത്.

പോലീസ് വെടിവെച്ചില്ലെന്ന മമതാ ബാനർജ്ജിയുടെ വാദത്തെ ഗോർഖലാൻഡ് നേതാക്കൾ തള്ളിക്കളഞ്ഞു. തങ്ങളുടെ പ്രവർത്തകരുടെ ദേഹത്ത് നിന്നു ലഭിച്ച പോലീസ് ബുള്ളറ്റുകൾ തെളിവായി സമർപ്പിക്കാൻ തയ്യാറാണെന്ന് അവർ വാദിച്ചു. സംഭവത്തിൽ ജുഡിഷ്യൽ അന്വേഷണം വേണമെന്നു ഗോർഖാ ജനമുക്തി മോർച്ചയുടെ അസിസ്റ്റന്റ് സെക്രട്ടറി ബിനയ് തമാംഗ് ആവശ്യപ്പെട്ടു.

പോലീസ് വെടിവെച്ചില്ലെന്ന വാദം നിലനിൽക്കുന്നതല്ലെന്ന് സംഭവത്തിന്റെ വീഡിയോ ഫൂട്ടേജുകളും വ്യക്തമാക്കുന്നുണ്ട്. കണ്ണീർ വാതക ഷെല്ലുകൾ തീർത്ത പുകപടലങ്ങൾക്കിടയിലൂടെ സെമി ഓട്ടോമാറ്റിക് തോക്കുകളുപയോഗിച്ചു പോലീസ് വെടിവെയ്ക്കുന്നത് കാണുവാൻ സാധിക്കും.

പോലീസ് വെടിവെയ്പ്പിൽ പ്രതിഷേധിച്ച് ജി ജെ എം പ്രവർത്തകർ ഇന്നും പ്രതിഷേധ റാലി നടത്തി. കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങളും വഹിച്ചുകൊണ്ടുള്ള മൌനജാഥ ഡാർജീലിംഗിലെ ചൌക്ക് ബസാറിലാണു നടന്നത്.

പ്രദേശവാസികളുടെ പ്രക്ഷോഭത്തിനു നേർക്ക് സംസ്ഥാന സർക്കാരും കേന്ദ്രസർക്കാരും ഒരുപോലെ നിഷേധസമീപനമാണു സ്വീകരിക്കുന്നതെന്നു ഗോർഖാ ജനമുക്തി മോർച്ച എം എൽ ഏ അമർ സിംഗ് റായി പത്രസമ്മേളനത്തിൽ ആരോപിച്ചു.

എന്നാൽ പ്രക്ഷോഭകാരികൾക്ക് തീവ്രവാദബന്ധങ്ങളുണ്ടെന്ന് ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജ്ജി ആരോപിച്ചു. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ പ്രവർത്തിക്കുന്ന അധോലോക-നിരോധിത സംഘടനകൾ ഈ പ്രക്ഷോഭത്തിനു പിന്നിലുണ്ടെന്നാണു മമതയുടെ ആരോപണം.