കേന്ദ്രസർക്കാരിന്റെ അവഗണന: ജന്തർ മന്ദിറിൽ സമരം ചെയ്യുന്ന തമിഴ് കർഷകർ മൂത്രം കുടിച്ചും അമേദ്യം ഭക്ഷിച്ചും പ്രതിഷേധിച്ചു

single-img
22 April 2017

ഡൽഹി: മുപ്പത്തിയെട്ടു ദിവസമായി ജന്തർ മന്ദിറിൽ തുടർന്നുവരുന്ന സമരത്തോടുള്ള കേന്ദ്രസർക്കാരിന്റെ അവഗണനയിൽ മനം നൊന്ത തമിഴ്നാട്ടിൽ നിന്നുള്ള കർഷകർ മൂത്രം കുടിച്ചും അമേദ്യം ഭക്ഷിച്ചും പ്രതിഷേധിച്ചു.

വരൾച്ചാ ദുരിതാശ്വാസം ലഭ്യമാക്കുക, കാർഷിക കടങ്ങൾ എന്നീ ആവശ്യങ്ങളുന്നയിച്ച് രാജ്യതലസ്ഥാനത്ത് കഴിഞ്ഞ മാസം 14-ആം തീയതിമുതൽ ഇവർ സമരം ചെയ്യുകയാണു. പലതരത്തിലുള്ള പ്രതികാത്മക പ്രതിഷേധസമരങ്ങൾ നടത്തിയിട്ടും കണ്ണുതുറക്കാത്ത കേന്ദ്രസർക്കാരിന്റെ നിഷേധാത്മകനിലപാടിൽ മനം മടുത്താണു പുതിയ സമരരീതി.

അവരവരുടെ മൂത്രം കുപ്പിയിൽ ശേഖരിച്ചശേഷം പരസ്യമായി കുടിച്ചുകാണിച്ചാണു കർഷകർ പ്രതിഷേധിച്ചത്.

തമിഴ്നാട്ടിലെ കുടിവെള്ളത്തിന്റെ അഭാവം പ്രതീകാത്മകമായി ചിത്രീകരിക്കാനും കൂടിയാണു ഇത്തരമൊരു സമരമാർഗം സ്വീകരിച്ചതെന്ന് കർഷകർ പറയുന്നു.

“തമിഴ്നാട്ടിൽ ഞങ്ങൾക്ക് കുടിക്കാൻ വെള്ളമില്ല. എന്നാൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഞങ്ങളുടെ ദാഹം കണ്ടില്ലെന്നു നടിക്കുകയാണു. അതുകൊണ്ട് ഞങ്ങൾ സ്വന്തം മൂത്രം കൊണ്ട് ദാഹം ശമിപ്പിക്കാൻ തീരുമാനിച്ചു,” പി അയ്യക്കണ്ണ് പറയുന്നു. നാഷണൽ സൌത്ത് ഇന്ത്യൻ റിവേഴ്സ് ലിങ്കിംഗ് ഫാർമേഴ്സ് അസ്സോസിയേഷന്റെ സംസ്ഥാന പ്രസിഡന്റായ അയ്യക്കണ്ണാണു ഈ കർഷകസമരം നയിക്കുന്നത്.

വരൾച്ചാ ദുരിതാശ്വാസത്തിനായി സംസ്ഥാനത്തിനു 40000 കോടിരൂപാ അനുവദിക്കണമെന്നാവശ്യപ്പെട്ടാണു തമിഴ്നാട്ടിൽ നിന്നുള്ള കർഷകർ ജന്തർ മന്ദിറിൽ സമരം ചെയ്യുന്നത്. കാർഷികകടങ്ങൾ എഴുത്തിത്തള്ളുക, കാവേരി നദീജലപ്രശ്നം സർക്കാർ ഇടപെട്ട് പരിഹരിക്കുക എന്നീ ആവശ്യങ്ങളും ഈ സമരത്തിലൂടെ അവർ ഉന്നയിക്കുന്നുണ്ട്.

സമരസ്ഥലത്തു പരസ്യമായി തുണിയുരിഞ്ഞ് നഗ്നത പ്രദർശിപ്പിച്ചും തലയോട്ടികൾ പ്രദർശിപ്പിച്ചും പ്രതീകാത്മക ശവസംസ്കാരം നടത്തിയുമൊക്കെയാണു കർഷകർ മാധ്യമങ്ങളുടേയും സർക്കാരിറ്റേയും ശ്രദ്ധയാകർഷിക്കാൻ ശ്രമിക്കുന്നത്. ഈ തലയോട്ടികൾ ആത്മഹത്യ ചെയ്ത കർഷകരുടെയാണെന്നാണു ഇവർ അവകാശപ്പെട്ടത്.