റോഡരികില്‍ അപകടാവസ്ഥയില്‍ നിന്ന ഒരു മരം മുറിച്ചു മാറ്റിയതിനു പകരം നൂറു വൃക്ഷത്തൈകള്‍ നട്ടു വെഞ്ഞാറമൂട് പൊലീസ്; പരിപാലനവും സംരക്ഷണവും തങ്ങളുടെ കടമയാക്കി ഏറ്റെടുത്ത് ഒരു പൊലീസ് മാതൃക

single-img
15 April 2017

ഒരു മരം മിറച്ചു മാറ്റിയതിനു പകരം നൂറു മരം വച്ചുപിടിപ്പിച്ച് തിരുവനന്തപുരം ജില്ലയിലെ വെഞ്ഞാറമൂട് പൊലീസിന്റെ അനുകരണീയ മാതൃക. മരം നടുക മാത്രമല്ല അതിന്റെ സംരക്ഷണവും പരിപാലനവും ഏറ്റെടുത്തുകൊണ്ടും അവര്‍ വ്യതസ്തരായി. വെഞ്ഞാറമൂട്- പുത്തന്‍പാലം റോഡില്‍ അപകടാവസ്ഥയില്‍ നിന്ന പുളിമരമാണ് നാട്ടുകാരുടെ നിവേദനങ്ങള്‍ക്കൊടുവില്‍ മുറിച്ചു മാറ്റിയത്.

പുത്തന്‍പാലം റോഡില്‍ മണലിമുക്കിനു സമീപം നിന്ന വന്‍ പുളിമരം നാട്ടുകാരുടെയും വിവിധ സംഘടനകളുടെയും ആവശ്യപ്രകാരം പിഡബ്ല്യുഡി അധികൃതര്‍ ലേലത്തിനു വച്ചിരുന്നു. എന്നാല്‍ കൂടിയ നിരക്കില്‍ മരം ലേലത്തിനെടുക്കാന്‍ ആളില്ലാതാവുകയും ലേലം മുടങ്ങുകയും ചെയ്തു.

തുടര്‍ന്നാണ് മാണിക്കല്‍ റസിഡന്റ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ വെഞ്ഞാറമൂട് ജനമൈത്രി പൊലീസുമായി ബന്ധപ്പെടുന്നത്. പൊിലീസിന്റെ സഹകരണത്തോടെ മരം ലേലത്തില്‍ പിടിച്ചു മുറിച്ചുമാറ്റുകയും ചെയ്തു. ഇതിനു പകരമായാണു പൊലീസിന്റെ നേതൃത്വത്തില്‍ 100 മരങ്ങള്‍ നട്ടുപിടിപ്പിക്കാന്‍ തീരുമാനിച്ചത്.

മരം മുറിച്ചുമാറ്റിയതിനു സമീപത്തായി തന്നെ പുതിയൊരു പുളിമരത്തെ നട്ടുകൊണ്ട് വെഞ്ഞാറമൂട് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സി എസ് ദീപു പദ്ധതി ഉദ്ദഘാടനം ചെയ്തു. നട്ട തൈകളുടെ പരിപാലനവും സംരക്ഷണവും പൊലീസ് ത്െന്ന ഏറ്റെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. ജനമൈത്രി പൊലീസ് കോഓര്‍ഡിനേറ്റര്‍ ഷെരീര്‍, വില്ലേജ് ഓഫീസര്‍ രാജേഷ്, റസിഡന്റ്‌സ് അസോസിയേഷന്‍ ഭാരണവാഹികള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.