സ്ഥാനാര്‍ത്ഥിക്കു വേണ്ടി വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശശികല വിഭാഗം ഒഴുക്കിയത് 89 കോടി; ആര്‍കെ നഗര്‍ ഉപതെരഞ്ഞെടുപ്പ് മാറ്റിവച്ചേക്കും

ചെന്നൈ: വോട്ടര്‍മാരെ സ്വാധീനിക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ വ്യാപകമായി പണമൊഴുക്കുന്നുണ്ടെന്ന ആരോപണത്തെ തുടര്‍ന്ന് 12 ന് നടത്താനിരുന്ന ആര്‍കെ നഗര്‍ ഉപതെരഞ്ഞെടുപ്പ് മാറ്റിവച്ചേക്കും. ശശികല വിഭാഗം സ്ഥാനാര്‍ഥി ടി.ടി.വി. ദിനകരന് വേണ്ടി കോടികളാണ് ശശികലയുടെ പാര്‍ട്ടിയായ എഐഎഡിഎംകെ ഒഴുക്കിയതെന്ന് ആദായ നികുതി വിഭാഗം കണ്ടെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് വോട്ടെടുപ്പ് മാറ്റിവയ്ക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആലോചിക്കുന്നത്. ആദായനികുതി വകുപ്പിന്റെ റിപ്പോര്‍ട്ട് പരിഗണിച്ച് തിങ്കളാഴ്ച ഈ വിഷയത്തില്‍ കമീഷന്‍ അന്തിമ തീരുമാനമെടുക്കും.

വെള്ളിയാഴ്ച ഇതുമായി ബന്ധപ്പെട്ട് 35 സ്ഥലങ്ങളില്‍ ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തിയിരുന്നു. തമിഴ്‌നാട് ആരോഗ്യമന്ത്രി സി. വിജയ ഭാസ്‌കറിന്റെ വീട്ടിലും റെയ്ഡ് നടന്നിരുന്നു.ഇയാളുടെ വീട്ടില്‍ നിന്നും വോട്ടര്‍മാര്‍ക്ക് പണം എങ്ങനെ നല്‍കണമെന്നത് ഉള്‍പ്പടെയുള്ളതിന്റെ രേഖകള്‍ ആദായ നികുതി വകുപ്പ് പിടിച്ചെടുത്തുവെന്നാണ് വിവരം. മണ്ഡലത്തിലെ 85 ശതമാനം വോട്ടര്‍മാര്‍ക്ക് 4,000 രൂപ വീതം 89 കോടി രൂപ നല്‍കാനായിരുന്നു എ.െഎ.എ.ഡി.എം.കെയുടെ പദ്ധതി.

ശശികല വിഭാഗം ആര്‍കെ നഗറിലെ വോട്ടര്‍മാരെ പണം കൊടുത്തും മറ്റു ഉപഹാരങ്ങള്‍ നല്‍കിയും സ്വാധീനിക്കുന്നതായി നേരത്തെ പനീര്‍ശെല്‍വം വിഭാഗവും ആരോപിച്ചിരുന്നു.