ചെറിയൊരു കാര്‍ഡ്‌ബോര്‍ഡ് പെട്ടിയും രണ്ട് എക്‌സ്‌ഹോസ്റ്റ് ഫാനും; വെറും ആയിരം രൂപയ്ക്കകത്തുള്ള മുടക്കില്‍ ആതിരയും റെനിറ്റോയും നിര്‍മ്മിച്ചത് ഒര്‍ജിനലിനെ വെല്ലുന്ന എസി യന്ത്രം

വേനല്‍ ആരംഭിച്ചതേയുള്ളൂ. എന്നാല്‍ കനത്ത ചൂടില്‍ വെന്തുരുകുകയാണ് നാടും നഗരവും. കേരളത്തിന്റെ നാട്ടിന്‍പുറങ്ങള്‍ പോലും ചൂട് കാരണം നില്‍ക്കക്കള്ളിയില്ലാത്ത അവസ്ഥയിലായിരിക്കുകയാണ്. നാലാള്‍ കൂടുന്നിടത്തൊക്കെ ഇപ്പോഴത്തെ ചര്‍ച്ചാവിഷയം എങ്ങിനെ ചൂടില്‍ നിന്നു രക്ഷ നേടാം എന്നുള്ളതു മാത്രവും.

സാധാരണയായി വീടുകളില്‍ ചൂടു കുറയ്ക്കാനായി നാം ചെയ്യുന്നത് എയര്‍ കണ്ടീഷണര്‍ വാങ്ങിക്കുക എന്നതാണ്. പക്ഷേ എസി വാങ്ങിച്ചാല്‍ മാത്രം മതിയോ? അത് പ്രവര്‍ത്തിപ്പിക്കുമ്പോഴുണ്ടാകുന്ന ഭീമമായ കരണ്ട് ചാര്‍ജ്ജും കൂടെ നോക്കുമ്പോള്‍ പലരും അതില്‍ നിന്നും പിന്‍മാറുകയാണ് പതിവ്. എന്നാല്‍ എയര്‍ കണ്ടീഷന്‍ ചെയ്ത വീട് സാധാരണക്കാരെ സംബന്ധിച്ചിടത്തോളം അപ്രാപ്യമാണെന്നു പറഞ്ഞ് തള്ളിക്കളയാന്‍ കഴിയില്ല എന്ന സത്യമാണ് രണ്ടു കൊച്ചുകുട്ടികള്‍ തെളിയിക്കുന്നത്. വളരെ കുറഞ്ഞ ചെലവില്‍ വീടുകളില്‍ നിന്നും ചൂടിനെ അകറ്റാന്‍ ഇവരുടെ ഈ കൊച്ച്ു ഉപകരണത്തിനു കഴിയും.

മണ്ണാര്‍ക്കാട് കുണ്ടൂര്‍ക്കുന്ന് വിപിഎയുപി സ്‌കൂള്‍ വിദ്യാര്‍ഥികളായ ആതിരയും റെനിറ്റോ നോബിളുമാണ് ഏവര്‍ക്കും പ്രാപ്യമായ എസി യന്ത്രത്തിലൂടെ അഭിനന്ദങ്ങള്‍ ഏറ്റുവാങ്ങുന്നത്. വീട്ടുകാരുടെ പോക്കറ്റുകാലിയാക്കാതെ എങ്ങനെ ചൂടില്‍ നിന്നു രക്ഷ നേടാമെന്ന് തലപുകഞ്ഞാലോചിച്ച ഈ കുട്ടികള്‍, ഒടുവില്‍ വളരെ ചെലവു കുറഞ്ഞ രീതിയിലുള്ള എയര്‍കണ്ടീഷണന്‍ തന്നെ നിര്‍മ്മിക്കുകയായിരുന്നു. നിര്‍മ്മിക്കുക മാത്രമല്ല, പ്രസ്തുത ഉപകരണം രണ്ടു പേരുടെയും വീടുകളില്‍ സുഗമമായി പ്രവര്‍ത്തിപ്പിച്ചു വരികയും ചെയ്യുന്നു.

കുളിര്‍മ്മ എന്നാണ് ഇവര്‍ ഈ യന്ത്രത്തിനു പേരിട്ടിരിക്കുന്നത്. യാതൊരുവിധ പ്രൊഫഷനല്‍ സാങ്കേതിക വിദ്യയുമില്ലാതെ വികസിപ്പിച്ചെടുത്ത ഇതിന്റെ നിര്‍മമ്മാണവും പ്രവര്‍ത്തനരീതിയും വളരെ എളുപ്പവുമാണ്. നമ്മുടെ വീടുകളില്‍ ഉപയോഗശൂന്യമായി കിടക്കുന്ന വസ്തുക്കള്‍ മാത്രമാണ് ഇതിന്റെ നിര്‍മ്മാണത്തിനായി ഉപയോഗിച്ചിരിക്കുന്നത്.ഒരു പ്ലേവുഡ് പെട്ടിയും രണ്ടു എഹോസ്റ്റ് ഫാനുകളും തണുത്ത വെള്ളം നിറച്ച കുപ്പികളുമാണ് യന്ത്രത്തിന്റെ ഭാഗങ്ങള്‍.

പെട്ടിക്കു പകരം തെര്‍മോക്കോള്‍ പാത്രമോ കട്ടി കൂടിയ പ്ലാസ്‌റിക് പാത്രമോ ഉപയോഗിക്കാം. താപത്തെ കടത്തി വിടാത്ത കുചാലക സവിശേഷതയുള്ള പെട്ടിയാണ് കൂടുതല്‍ നല്ലത്. പെട്ടിയുടെ മുകള്‍ ഭാഗത്ത് ദ്വാരമിട്ട് 25 വാട്ടിന്റെ രണ്ട് ഫാനുകള്‍ ഉറപ്പിക്കുന്നു.പെട്ടിയുടെ വശങ്ങളിലും ദ്വാരങ്ങള്‍ ഇട്ടിട്ടുണ്ട്. ഉള്‍ വശങ്ങള്‍ തെര്‍മോക്കോള്‍ കൊണ്ട് ഒട്ടിച്ചിട്ടുമുണ്ട്.പ്ലാസ്റ്റിക് കുപ്പികളില്‍ തണുത്ത വെള്ളം നിറച്ചുവയ്ക്കുന്നു. വെള്ളത്തിനു പകരം കുപ്പികളില്‍ ഐസ് ആണു നിറച്ചതെങ്കില്‍ മുറിക്കുള്ളില്‍ നല്ല തണുപ്പായിരിക്കും അനുഭവപ്പെടുക.

പെട്ടി അടച്ചു സ്വിച്ച് ഓണാക്കിയാല്‍ ഫാനുകള്‍ പ്രവര്‍ത്തിക്കും. പുറത്തു നിന്നുള്ള വായു ഉള്ളിലേക്ക് കടക്കും. കുപ്പികളില്‍ തണുത്ത വെള്ളം ബാഷ്പീകരിക്കപ്പെടാനുള്ള താപം വായുവില്‍ നിന്നും വലിച്ചെടുക്കും. ഈ വായു വശത്തെ ദ്വാരങ്ങളില്‍ കൂടി പുറത്ത് വരുമ്പോള്‍ നല്ല തണുപ്പ് അനുഭവപ്പെടും .റൂമിലെ ചൂട് നാല് ഡിഗ്രി വരെ കുറക്കാന്‍ ഈ സംവിധാനം ധാരാളമെന്നാണ് ഇവരുടെ അവകാശവാദം. .പെട്ടിക്കുള്ളില്‍ തുളസി ഇലകളോ രാമച്ചമോ ഒക്കെ ഉപയോഗിച്ചാല്‍ ഔഷധ ഗുണമുള്ള കാറ്റാകും ലഭിക്കുകയെന്നും ഇവര്‍ പറയുന്നു.

ഐസ് ഉപയോഗിക്കുകയാണെങ്കില്‍ തെര്‍മ്മോക്കോള്‍ പെട്ടിയാണ് നല്ലത്. കാരണം പെട്ടിക്കുള്ളിലേക്കു ചൂട് കടത്തതിനാല്‍ ഏറെ നേരം ഉരുകാതെ ഇരിക്കും . നിര്‍മ്മാണച്ചിലവാകട്ടെ വെറും ആയിരം രൂപയോളം മാത്രമാണ്. കറന്റ് ബില്ലിനെ പേടിക്കുകയേ വേണ്ട എന്നു്ഌും മെയിന്റനന്‍സ് ചെലവ് വട്ട പൂജ്യമാണെന്നുള്ളതും ഈ യന്ത്രം സാധാരണക്കാര്‍ക്കുകൂടി പ്രാപ്യമാക്കുകയാണ്.

വളരെ വിലകൊടുത്ത് നമ്മള്‍ വാങ്ങിക്കുന്ന സാധാരണ എസികള്‍ ചിലവേറുന്നതിനൊപ്പം നിരവധി ആരോഗ്യപരിസ്ഥിത്ഥിതി പ്രശ്‌നങ്ങളും ഉണ്ടാക്കുന്നുണ്ട്. എന്നാല്‍ ആര്‍ക്കും എളുപ്പത്തില്‍ നിര്‍മ്മിച്ചെടുക്കാവുന്ന ‘കുളിര്‍മ്മ’ എസി യാതൊരുവിധ പാര്‍ശ്വഫലങ്ങളും ഉണ്ടാക്കുന്നില്ല. മാത്രമല്ല തികച്ചും പരിസ്ഥിതി സൗഹാര്‍ദപരമായ ഇത് മറ്റു എയര്‍ കണ്ടീഷനുകള്‍ പുറത്ത് വിടുന്ന ക്ലോറോ ഫ്‌ലൂറോ കാര്‍ബണ്‍ പോലെയുള്ള ദോഷ വാതകങ്ങളുടെ പ്രശ്‌നവും ഉണ്ടാകുന്നില്ല .

ആതിരയുടെയും നോബിളിന്റെയും ‘കുളിര്‍മ്മ’ എസിയുടെ പ്രത്യേകതകള്‍ നേരിട്ടറിയാന്‍ നിരവധി പേരാണ് ഇവരുടെ വീടുകളില്‍ ദിനംപ്രതി എത്തിക്കൊണ്ടിരിക്കുന്നത്. സംസ്ഥാനതലത്തില്‍ സംഘടിപ്പിക്കപ്പെട്ട ഇന്‍സ്‌പെയര്‍ മേളയിലും കുളിര്‍മ എസി അവതരിപ്പിച്ച് ഇവര്‍ കയ്യടി നേടിയിരുന്നു. ശാസ്ത്ര അദ്ധ്യാപകന്‍ കൂടിയായ ശിവപ്രസാദ്, സാക്ഷരത മിഷന്‍ പ്രവര്‍ത്തകയായ സൗമ്യ എന്നിവരുടെ മകളാണ് അഞ്ചാം ക്ലാസ് വിദ്യാര്‍ഥിയായ ആതിര. ഇംഗ്ലീഷ് അദ്ധ്യാപകന്‍ നോബിള്‍, ടോംഷിബി നോബിള്‍ എന്നിവരുടെ മകനാണ് ഏഴാം ക്ലാസ് വിദ്യാര്‍ത്ഥി റെനിറ്റോ നോബിള്‍.