അനിവാര്യമായ മരണത്തെ ഓര്‍മ്മിപ്പിച്ച് വിപ്ലവനായകന്റെ അവസാനത്തെ പ്രസംഗം; നമ്മളെല്ലാം മരിക്കും, പക്ഷെ നമ്മള്‍ സൃഷ്ടിച്ച കമ്യൂണിസം എന്നും നിലനില്‍ക്കും

single-img
26 November 2016

castro-editorial-imageഇക്കഴിഞ്ഞ ഏപ്രിലില്‍ ക്യൂബന്‍ വിപ്ലവ ഇതിഹാസം ഫിഡല്‍ കാസ്‌ട്രോ അവസാനമായി ഒരു പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ടപ്പോള്‍ അദ്ദേഹം സംസാരിച്ചത് അനിവാര്യമായ മരണത്തെക്കുറിച്ചായിരുന്നു. ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് അധികാരം ഒഴിഞ്ഞതിന് ശേഷം അപൂര്‍വമായി മാത്രം പൊതുവേദികളില്‍ പ്രത്യക്ഷപ്പെട്ടിരുന്ന അദ്ദേഹം അടുത്തകാലത്ത് നടത്തിയ ഏറ്റവും ദൈര്‍ഘ്യമേറിയ പ്രസംഗമായിരുന്നു അത്.

ഹവാന കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന കമ്യൂണിസ്റ്റ് പാര്‍ട്ടി കോണ്‍ഗ്രസിലെ ആ പ്രസംഗം അദ്ദേഹത്തിന്റെ വിടവാങ്ങല്‍ പ്രസംഗമായാണ് ഇന്ന് അദ്ദേഹത്തിന്റെ മരണം സംഭവിച്ചതോടെ ചരിത്രപുസ്തകങ്ങളില്‍ രേഖപ്പെടുക. തനിക്ക് താമസിയാതെ 90 വയസ്സ് പൂര്‍ത്തിയാകുമെന്നും ഒരുപക്ഷെ, ഇത് ഈ മുറിയില്‍ വച്ചുള്ള തന്റെ അവസാന പ്രസംഗമായിരിക്കുമെന്നുമാണ് അന്ന് അദ്ദേഹം പറഞ്ഞത്. താന്‍ ഈ ഭൂമിയില്‍ ഇല്ലാതായാലും നമ്മള്‍ സൃഷ്ടിച്ച ക്യൂബന്‍ കമ്യൂണിസം എന്ന ആശയം ഈ ഭൂമിയില്‍ എന്നും നിലനില്‍ക്കും.

മാന്യതയോടെയും ആവേശത്തോടെയും നടപ്പിലാക്കിയാല്‍ മനുഷ്യന് ആവശ്യമായ ഭൗതികവും സാംസ്‌കാരികവുമായ വിഭവങ്ങള്‍ സൃഷ്ടിക്കാന്‍ ആ ആശയങ്ങള്‍കക് സാധിക്കുമെന്ന് നാം തെളിയിക്കണമെന്നും അദ്ദേഹം ജനങ്ങളോട് ആഹ്വാനം ചെയ്തു. അവ നേടിയെടുക്കാന്‍ ഇടവേളകളില്ലാതെ നാം പോരാടണം. പാര്‍ട്ടി കോണ്‍ഗ്രസിന്റെ അവസാന ദിവസമായിരുന്നു ഇത്. പൊതുചടങ്ങിലെ അദ്ദേഹത്തിന്റെ അവസാന വാക്കുകളെ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ 1300 പ്രതിനിധികള്‍ ‘ഫിഡല്‍, ഫിഡല്‍’ എന്ന ആര്‍പ്പുവിളികളോടെയാണ് ഏറ്റുവാങ്ങിയത്.

ഫിഡല്‍ കാസ്‌ട്രോയുടെ മരണത്തിന് ശേഷം ക്യൂബ അസ്ഥിരപ്പെടുമെന്നായിരുന്നു എട്ട് വര്‍ഷം മുമ്പ് അദ്ദേഹം അധികാരമൊഴിയുന്നത് വരെ പ്രചരിച്ചിരുന്നത്. എന്നാല്‍ മറ്റൊരു ഭരണാധികാരിയെ തന്റെ ജീവിതകാലത്ത് തന്നെ ക്യൂബയ്ക്ക് വേണ്ടി പ്രാപ്തനാക്കിയാണ് അദ്ദേഹം ഇപ്പോള്‍ വിടവാങ്ങിയത്. അമേരിക്കന്‍ ചാരസംഘടനയായ സിഐഎ ഫിഡലിന് നേരെ നിരവധി വധശ്രമങ്ങള്‍ നടത്തിയെന്നും ക്യൂബന്‍ കമ്യൂണിസത്തെ തകര്‍ക്കുകയെന്ന ലക്ഷ്യം അവര്‍ നിറവേറ്റുമെന്നും വരെ വിലയിരുത്തപ്പെട്ടിരുന്നു.

സഹോദരന്‍ റൗള്‍ കാസ്‌ട്രോയ്ക്ക് അധികാരം കൈമാറുകയും അദ്ദേഹം സുഗമമായി ക്യൂബ ഭരിക്കുകയും ചെയ്തതോടെ അത്തരം ചര്‍ച്ചകള്‍ക്ക് അവസാനമായി. മനുഷ്യന് മരണമുണ്ട്, എന്നാല്‍ അവന്റെ ആശയങ്ങള്‍ക്ക് അമരത്വമാണ് എന്ന സിദ്ധാന്തം തെളിയിച്ചു തന്നെയാണ് ആ ചരിത്രപുരുഷന്‍ തൊണ്ണൂറം വയസ്സില്‍ യാത്രയായിരിക്കുന്നത്.