മാറുന്ന ഗാന്ധി; മരണശേഷവും വളരുന്ന ഗാന്ധി

single-img
2 October 2016

gandhi

ജീവിച്ചിരുന്നപ്പോള്‍ ചെയ്യുന്ന മഹത്തായ കാര്യങ്ങള്‍ മരണശേഷം ഒരാളുടെ മരണാനന്തര ജീവിതത്തെ സഹായിക്കുമെന്നാണ് പറയപ്പെടുന്നത്. ജീവിച്ചിരുന്നപ്പോള്‍ സ്വയം മാറുകയും അതുവഴി സ്വയം വളരുകയും പിന്നീട് മരണാനന്തര ജീവിതത്തിലും ആ വളര്‍ച്ച തുടരുകയും ചെയ്ത വ്യക്തിയാണ് മഹാത്മാഗാന്ധി. ജീവിതം കാലം മുഴുവന്‍ നിരന്തരമായി മാറിക്കൊണ്ടിരുന്ന അദ്ദേഹത്തിന്റെ വെള്ളക്കാരോടും ദളിതരോടും കറുത്തവര്‍ഗ്ഗക്കാരോടുമുള്ള സമീപനങ്ങളില്‍ വരുന്ന മാറ്റം അദ്ദേഹത്തിന്റെ ജീവിതം പരിശോധിച്ചാല്‍ വ്യക്തമാകും.

തന്റെ തെറ്റുകളില്‍ നിന്നും തിരുത്തലുകള്‍ നടത്തി അവയെ തെറ്റായി അംഗീകരിച്ച് സ്വയം മാറിയതിനാല്‍ തന്നെയാണ് അദ്ദേഹം മഹാത്മാവായി തീര്‍ന്നതും. മധുരപ്രീയനായ കുട്ടിയെ ഗാന്ധിജി തിരുത്തിയ കഥ വായിക്കാത്ത ആരും തന്നെ കാണില്ല. മധുര പ്രീയനായ അദ്ദേഹം സ്വയംതിരുത്തി ആ രീതി തന്നെയാണ് കുട്ടിക്കും ഉപദേശിക്കുന്നത്. മറ്റുചില ഉദാഹരണങ്ങള്‍ പരിശോധിച്ചാലും ഇത് നമുക്ക് കാണാന്‍ സാധിക്കും. 1915ലെ ഗാന്ധിയായിരുന്നില്ല മുപ്പതിലെ ഗാന്ധി. അതില്‍ നിന്നും വ്യത്യസ്ഥനായ ഒരു ഗാന്ധിജിയെയാണ് നാല്‍പ്പതുകളില്‍ കാണുന്നത്. കറുത്തവര്‍ഗ്ഗക്കാര്‍ക്കും നീതിയ്ക്ക് അവകാശമുണ്ടെന്ന് ചിന്തിക്കാതിരുന്ന ഗാന്ധിയില്‍ നിന്ന് ഹരിജനങ്ങളുടെ വിദ്യാഭ്യാസവും ഉന്നമനവും ലക്ഷ്യമിടുന്ന ഗാന്ധിയില്‍ വരെ അദ്ദേഹം എത്തിച്ചേരുകയായിരുന്നു. ദക്ഷിണാഫ്രിക്കയില്‍ വച്ച് തീവണ്ടിയില്‍ നിന്ന് ഇറക്കി വിട്ട സംഭവം ഉണ്ടായപ്പോഴാണ് അദ്ദേഹം വര്‍ണവിവേചനത്തിനെതിരെ പ്രതികരിക്കാന്‍ തയ്യാറായത്. വെള്ളക്കാര്‍ക്കും കറുത്തവര്‍ഗ്ഗക്കാര്‍ക്കും അവിടെ അന്ന് പ്രത്യേക കോച്ചുകളാണ് വണ്ടിയിലുണ്ടായിരുന്നത്. സാധാരണഗതിയില്‍ അവിടുത്തെ കറുത്ത വര്‍ഗ്ഗക്കാരോ ഇന്ത്യയില്‍ നിന്നെത്തുന്നവരോ കൂടുതല്‍ പണം നല്‍കി ഫസ്റ്റ് ക്ലാസ് കോച്ചില്‍ യാത്ര ചെയ്യാറില്ല. ഗാന്ധി ഫസ്റ്റ് ക്ലാസ് ടിക്കറ്റുമായി എത്തിയത് അപൂര്‍വമായി മാത്രം സംഭവിക്കുന്ന ഒന്നാണ്. ഗാന്ധി ടിക്കറ്റുമായി ഫസ്റ്റ് ക്ലാസില്‍ കയറുമ്പോള്‍ ടിക്കറ്റ് പരിശോധിച്ച വ്യക്തി അറിയിച്ചത് താങ്കള്‍ക്ക് ഈ വണ്ടിയില്‍ കയറാന്‍ ആകില്ലെന്നാണ്. തന്റെ കയ്യില്‍ ടിക്കറ്റുണ്ടെന്ന് ഗാന്ധി അതിന് മറുപടിയും നല്‍കുന്നു. ഇക്കാര്യം സംഭാഷണ രീതിയില്‍ തന്നെ അദ്ദേഹം തന്റെ ‘എന്റെ സത്യാന്വേഷണ പരീക്ഷണങ്ങളില്‍’ വിവരിച്ചുണ്ട്.

സബര്‍മതി ആശ്രമത്തിലെ ഗാന്ധിജിയുടെ മുറി

സബര്‍മതി ആശ്രമത്തിലെ ഗാന്ധിജിയുടെ മുറി

ഇത് വെള്ളക്കാരുടെ വണ്ടിയാണെന്നും ടിക്കറ്റുണ്ടെങ്കിലും താങ്കള്‍ക്ക് ഇതില്‍ യാത്ര ചെയ്യാനാകില്ലെന്നുമുള്ള മറുപടിയാണ് അദ്ദേഹത്തിന് ലഭിച്ചത്. ഇതിന് മറുപടിയായി ഗാന്ധി പറയുന്നത് താന്‍ ബാരിസ്റ്ററാണെന്നും ഇംഗ്ലണ്ടില്‍ നിന്ന് ഇംഗ്ലീഷ് വിദ്യാഭ്യാസം നേടിയ വ്യക്തിയാണെന്നുമാണ്. ഇത്രയുമായപ്പോഴാണ് ടിക്കറ്റ് പരിശോധകന്‍ അദ്ദേഹത്തെ പുറത്താക്കിയത്. ഇവിടെ ശ്രദ്ധിക്കേണ്ട ഒരു കാര്യം താന്‍ ഒരു മനുഷ്യനാണ് എന്നോട് ഇങ്ങനെ ചെയ്യരുതെന്നല്ല അവിടെ ഗാന്ധി പറഞ്ഞത്. താന്‍ ബാരിസ്റ്ററാണെന്നും വെള്ളക്കാരന് തുല്യമായ യോഗ്യത നേടിയ വ്യക്തിയാണെന്നുമാണ്.

താന്‍ ഒരു ബാരിസ്റ്ററായിട്ടും തനിക്ക് ഫസ്റ്റ്ക്ലാസില്‍ യാത്ര ചെയ്യാന്‍ സാധിക്കാതിരുന്നത് ഒരു ഇന്ത്യക്കാരനാണെന്ന തിരിച്ചറിവില്‍ നിന്നാണ് പിന്നീട് അദ്ദേഹം ദക്ഷിണാഫ്രിക്കയിലെ കറുത്ത വര്‍ഗ്ഗക്കാരെ സംഘടിപ്പിക്കുന്നത്. അപ്പോഴും അവശതകള്‍ അനുഭവിക്കുന്ന ദക്ഷിണാഫ്രിക്കയിലെ ഇന്ത്യക്കാരെയെല്ലാം സംഘടിപ്പിക്കുക എന്നാണ് അദ്ദേഹം ഉദ്ദേശിച്ചത്. അന്നും അവശതയനുഭവിക്കുന്ന കറുത്ത വര്‍ഗ്ഗക്കാരെ കുറിച്ച് ചിന്തിച്ചില്ലെന്ന് മാത്രമല്ല അദ്ദേഹം ബ്രിട്ടീഷുകാരുടെ കടുത്ത ആരാധകനുമായിരുന്നെന്നും ആത്മകഥയില്‍ നിന്നും വ്യക്തമാണ്. ആയിടയ്ക്കാണ് കറുത്തവര്‍ഗ്ഗക്കാരായ സുളു ഗോത്രവര്‍ഗ്ഗക്കാര്‍ ബ്രിട്ടീഷുകാര്‍ക്കെതിരെ യുദ്ധം നടത്തിയത്. സുളു വിഭാഗക്കാര്‍ ആയുധങ്ങളൊന്നുമില്ലാതെയാണ് വെള്ളക്കാര്‍ക്കെതിരെ യുദ്ധത്തിനിറങ്ങിയത്. വെള്ളക്കാരന്റെ തോക്കിന് മുന്നില്‍ അവര്‍ക്കുള്ളത് കുന്തവും അമ്പുമൊക്കെയാണ്. ഗാന്ധിജി ഈ യുദ്ധത്തില്‍ സഹായം വാഗ്ദാനം ചെയ്യുന്നത് ഭരണകൂടത്തിനാണെന്നും അദ്ദേഹത്തിന്റെ ആത്മകഥ വ്യക്തമായി പറയുന്നുണ്ട്. ജനറല്‍ സ്മര്‍ട്സിനെയാണ് അദ്ദേഹം പിന്തുണയുമായി സമീപിക്കുന്നത്. തനിക്ക് യുദ്ധം ചെയ്യാനാകില്ലെങ്കിലും നിങ്ങളെ സഹായിക്കണമെന്നുണ്ടെന്നും അതിനാല്‍ ഇന്ത്യക്കാരെ സംഘടിപ്പിച്ച് താന്‍ ഒരു മെഡിക്കല്‍ യൂണിറ്റും ആംബുലന്‍സ് സേവനസേനയും രൂപീകരിക്കാമെന്നുമാണ് പറയുന്നത്. യുദ്ധത്തില്‍ പരിക്കേല്‍ക്കുന്ന വെള്ളക്കാരെ ചികിത്സിക്കാന്‍ ഈ ആംബുലന്‍സ് സേവനം ഉപയോഗിക്കാമെന്നതായിരുന്നു ലക്ഷ്യം.

യുവാവായ മോഹന്‍ദാസ് കരംചന്ദ് ഗാന്ധി

യുവാവായ മോഹന്‍ദാസ് കരംചന്ദ് ഗാന്ധി

എന്നാല്‍ സ്മര്‍ട്സിന് അതിന്റെ ആവശ്യമുണ്ടായിരുന്നില്ല. കാരണം, യുദ്ധകാലത്ത് ബ്രിട്ടീഷ് സൈന്യത്തെ സഹായിക്കാന്‍ സെന്റ് ജോണ്‍സ് ആംബുലന്‍സ് കോറിന്റെ സേവനം ലഭ്യമാണ്. ‘എതിര്‍വശത്ത് യുദ്ധം ചെയ്യുന്ന സുളു വംശജരെ സഹായിക്കാന്‍ ആരുമില്ല, നിങ്ങളുടെ ആംബുലന്‍സ് സേവനം അവര്‍ക്ക് നല്‍കൂ’ എന്നാണ് ബ്രിട്ടീഷുകാരനായ സൈനിക ജനറല്‍ മഹാത്മഗാന്ധിയോട് പറഞ്ഞത്. അങ്ങനെ സ്മര്‍ട്സിന്റെ നിര്‍ദ്ദേശ പ്രകാരമാണ് ഗാന്ധിജി തന്റെ ആംബുലന്‍സ് സേവനം സുളു വിഭാഗക്കാര്‍ക്ക് വിട്ടുകൊടുക്കുന്നത്. സുളു വിഭാഗക്കാരുമായുള്ള സംഭാഷണവും പുസ്തകത്തിലുണ്ട്. അത് ശ്രദ്ധിക്കുമ്പോഴും ഗാന്ധിക്ക് യഥാര്‍ത്ഥത്തില്‍ കറുത്തവര്‍ഗ്ഗക്കാരോടും വെളുത്തവര്‍ഗ്ഗക്കാരോടും അന്നുണ്ടായിരുന്ന ഇരട്ട നീതി വ്യക്തമാണ്. വെള്ളക്കാരുമായി ഒരിക്കലും യുദ്ധം ചെയ്യരുതെന്നും അവര്‍ ഭരിക്കുന്നുവെന്നത് നിങ്ങളുടെ സൗഭാഗ്യമാണെന്നുമാണ് ഗാന്ധിജി അവരോട് പറയുന്നത്. ആ ഘട്ടത്തില്‍ പോലും ഗാന്ധിജി ചിന്തിക്കുന്നത് വെള്ളക്കാര്‍ക്കും കറുത്തവര്‍ഗ്ഗക്കാര്‍ക്കും ഒരേ നീതിയെന്നല്ല.

പക്ഷെ പിന്നീട് അദ്ദേഹത്തിന്റെ ഈ മനോഭാവത്തിന് മാറ്റം വരുന്നുണ്ട്. ദക്ഷിണാഫ്രിക്കയില്‍ നിന്ന് ഇന്ത്യയിലേക്ക് തിരിച്ചെത്തുമ്പോഴും വെള്ളക്കാര്‍ നല്ലവരാണെന്ന മനോഭാവം തന്നെയാണ് മഹാത്മാഗാന്ധിക്ക് ഉണ്ടായിരുന്നത്. അവര്‍ ഒന്നാം ലോകമഹായുദ്ധത്തിന് ശേഷം ഇന്ത്യക്കാരോട് നീതിപൂര്‍വം പ്രവര്‍ത്തിക്കുമെന്നും സ്വയംഭരണം അനുവദിക്കുമെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതീക്ഷ. സ്വാതന്ത്ര്യമല്ല, സ്വയംഭരണമാണ് അദ്ദേഹം ബ്രിട്ടീഷുകാരില്‍ നിന്ന് അക്കാലത്ത് ആഗ്രഹിച്ചത്. 1915ല്‍ ഒന്നാം ലോകമഹായുദ്ധകാലത്ത് ഇന്ത്യയിലെത്തിയ ശേഷം പട്ടാളത്തിലേക്ക് ആളെയെടുക്കാന്‍ സഹായിക്കുകയെന്നതായിരുന്നു അദ്ദേഹത്തിന്റെ ആദ്യ പ്രവര്‍ത്തനം. ബ്രിട്ടീഷുകാര്‍ സംഘടിപ്പിക്കുന്ന പട്ടാള റിക്രൂട്ട്മെന്റുകള്‍ക്ക് പിന്തുണയും സഹായവും നല്‍കുകയും ആളുകളെ പട്ടാളത്തില്‍ ചേരാന്‍ പ്രേരിപ്പിക്കുകയുമാണ് അക്കാലത്ത് ചെയ്തിരുന്നത്. യുദ്ധത്തിന് ശേഷം ബ്രിട്ടീഷുകാര്‍ ഓസ്ട്രേലിയയിലും കാനഡയിലും ദക്ഷിണാഫ്രിക്കയിലും നിലനില്‍ക്കുന്നതു പോലെ സ്വയംഭരണാധികാരം നല്‍കുമെന്ന പ്രതീക്ഷയാണ് അദ്ദേഹത്തിന് ഉണ്ടായിരുന്നത്.

മഹാത്മാ ഗാന്ധി സബര്‍മതി ആശ്രമത്തിന് മുന്നില്‍

മഹാത്മാ ഗാന്ധി സബര്‍മതി ആശ്രമത്തിന് മുന്നില്‍

എന്നാല്‍ യുദ്ധം കഴിഞ്ഞപ്പോള്‍ സ്ഥിതി കൂടുതല്‍ വഷളാവുകയാണ് ഉണ്ടായത്. പഞ്ചാബിലെ റൗളറ്റ് നിയമവും ജാലിയന്‍വാലാബാഗിലെ കൂട്ടക്കുരുതിയുമെല്ലാം ഗാന്ധിജിയെ ബ്രിട്ടീഷുകാര്‍ക്കെതിരെ ചിന്തിക്കാന്‍ പ്രേരിപ്പിച്ചു. അതുവരെ അവര്‍ രാജ്യത്തിന് നന്മ ചെയ്യുന്നവരെന്ന് വിശ്വസിച്ചിരുന്ന അദ്ദേഹം അതോടെ അവര്‍ ഇവിടം വിട്ടുപോകണമെന്ന നിലപാടിലേക്ക് ചുവടുമാറ്റി. ഈ ചുവടുമാറ്റമാണ് സമാധാന മാര്‍ഗ്ഗത്തിലൂടെ ഇന്ത്യയെ സ്വതന്ത്രയാക്കാമെന്ന ആശയത്തിലേക്ക് അദ്ദേഹത്തെ അടുപ്പിച്ചത്. അതോടെയാണ് മോഹന്‍ദാസ് കരംചന്ദ് ഗാന്ധിയെന്ന വ്യക്തി മഹാത്മാവാകുന്നതും ജീവിത കാലത്തെ വളര്‍ച്ച മരണാനന്തരം തുടരാന്‍ അദ്ദേഹത്തെ പ്രാപ്തനാക്കിയതും. ചരിത്ര സംഭവങ്ങളെ നമ്മള്‍ എങ്ങനെ കാണുന്നു, അല്ലെങ്കില്‍ എങ്ങനെ മനസിലാക്കുന്നു എന്നതിനെ അടിസ്ഥാനമാക്കിയാണ് ഇത് ചര്‍ച്ച ചെയ്യേണ്ടത്.

ഗാന്ധിജി നിരന്തരമായി മാറുന്നതിനൊപ്പം നിരന്തരമായി വളര്‍ന്നുകൊണ്ടുമിരുന്നു. കൊല്ലപ്പെട്ടിട്ട് അറുപത്തിയെട്ട് വര്‍ഷം പിന്നിടുമ്പോഴും ആ വളര്‍ച്ച തുടരുന്നു. ജീവിച്ചിരുന്ന ഗാന്ധിയില്‍ ഇല്ലാതിരുന്ന ഗുണങ്ങള്‍ മരണത്തിന് ശേഷം നാം കണ്ടെത്തുകയാണ് ഇപ്പോള്‍ ചെയ്യുന്നത്. നെഹ്രുവിന്റെ കാര്യത്തിലും ഇത് സംഭവിക്കുന്നുണ്ട്. മുപ്പതുകളിലെ നെഹ്രുവായിരുന്നില്ല ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയായ നെഹ്രു. ആ വളര്‍ച്ചയ്ക്ക് തടസ്സമുണ്ടാകുന്നത് അറുപതിലെ ചൈനാ യുദ്ധത്തോടെയാണ്. എങ്കിലും ജീവിച്ചിരുന്നകാലത്ത് നിരന്തരം വളരാന്‍ നെഹ്രുവിന് സാധിച്ചു. മാര്‍ട്ടിന്‍ ലൂഥര്‍ കിംഗിന്റെ കാര്യത്തിലും ഇതുതന്നെയാണ് സംഭവിക്കുന്നത്. എന്നാല്‍ മരണശേഷം വളരുകയെന്നത് അപൂര്‍വമായി മാത്രം സംഭവിക്കുന്ന ഒന്നാണ്. അംബേദ്കറിന്റെ കാര്യത്തിലും മരണത്തിന് ശേഷമുള്ള വളര്‍ച്ച സംഭവിക്കുന്നുണ്ട്. എന്നാല്‍ ആ മരണാനന്തര വളര്‍ച്ച ആരംഭിക്കാന്‍ ഏറെ നാള്‍ കാത്തിരിക്കേണ്ടി വന്നു എന്നുമാത്രം. പണ്ട് ജീവിതകാലത്ത് ചെയ്തിട്ടുള്ള പ്രവര്‍ത്തികളുടെ തുടര്‍ച്ച അവരുടെ മരണാനന്തര ജീവിതത്തെ സ്വാധീനിക്കുന്നതാണ് ഇത്. ജീവിച്ചിരുന്നപ്പോള്‍ അവരില്‍ പ്രകടമാകാതിരുന്ന ഗുണങ്ങള്‍ മരിച്ച ശേഷം ആളുകള്‍ ഇവിടെ കണ്ടെത്തുകയാണ് ചെയ്യുന്നത്.

മഹാത്മാ ഗാന്ധി കസ്തൂര്‍ബായ്‌ക്കൊപ്പം

മഹാത്മാ ഗാന്ധി കസ്തൂര്‍ബായ്‌ക്കൊപ്പം

ഗാന്ധിജിയുടെ പ്രവര്‍ത്തന കാലത്ത് ലോകത്തെവിടെയും പരിസ്ഥിതി സംരക്ഷണ വാദം ഉയര്‍ന്നിരുന്നില്ല. അറുപതുകളില്‍ അമേരിക്കയിലാണ് ആദ്യമായി പരിസ്ഥിതി പ്രശ്നം ഉയര്‍ന്നു വരുന്നത്. അത് അവരുടെ ജീവിത രീതിയുടെ പ്രതിഫലനമായിരുന്നു. കോള കുടിച്ച് കുപ്പി വലിച്ചെറിയുന്നത്, വാഹനങ്ങളുടെ എണ്ണക്കൂടുതല്‍, പട്ടണങ്ങളിലെല്ലാം തന്നെ കേടുവന്ന വാഹനങ്ങളുടെ കൂമ്പാരങ്ങള്‍, വ്യവസായിക വളര്‍ച്ച നേടിയ സമൂഹത്തിന്റെ സാന്നിധ്യം ഇതെല്ലാമാണ് അമേരിക്കയില്‍ പരിസ്ഥിതി പ്രശ്നം ഉയരാന്‍ കാരണമായത്. അന്ന് ചൈനയും ഇന്ത്യയും ഈ വാദത്തെ എതിര്‍ത്തത് ഇതിനുത്തരവാദികള്‍ അമേരിക്കയാണെന്നും തങ്ങള്‍ വികസിക്കാന്‍ ആരംഭിച്ചിട്ടേയുള്ളുവെന്നുമാണ്. ചൈനയിലെ വ്യവസായ വിപ്ലവം ആരംഭിച്ച് പത്ത് വര്‍ഷത്തിനുള്ളില്‍ യാങ്സിന്‍ നദിയെ അവര്‍ എത്രമാത്രം മലിനമാക്കിയെന്ന് ചരിത്രരേഖകള്‍ പരിശോധിച്ചാല്‍ മനസിലാകും. 2008ലെ ഒളിംപിക്‌സിന് മുന്നോടിയായി മാത്രമാണ് തലസ്ഥാന നഗരമായ ബെയ്ജിംഗില്‍ അവര്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്.

കാലാവസ്ഥ വ്യതിയാനത്തില്‍ ഇന്ത്യയെടുക്കുന്ന നിലപാട് ഇപ്പോഴും പഴയതു തന്നെയാണ്. പാശ്ചാത്യ രാജ്യങ്ങളും അമേരിക്കയുമാണ് ഇതിനെല്ലാം കാരണക്കാര്‍ തങ്ങള്‍ വികസിക്കുന്ന സമയത്ത് ഇത്തരം വാദങ്ങള്‍ ഉയര്‍ത്തുന്നത് തങ്ങള്‍ക്ക് തടയിടാനാണ് എന്നുള്ള വാദം ഇന്ത്യ മാത്രമല്ല ചൈനയും ഉന്നയിക്കുന്നുണ്ട്. ഗാന്ധിജിയുടെ കാലത്ത് ഈ വാദത്തിന് യാതൊരു പ്രസക്തിയുമില്ലായിരുന്നെങ്കിലും ഇന്നത്തെ പരിസ്ഥിതി പ്രവര്‍ത്തകര്‍ ഏറ്റവുമധികം ഉദ്ധരിക്കുന്നത് മഹാത്മാഗാന്ധിയെയാണ്. ലോകത്തില്‍ എല്ലാവരുടെയും ആവശ്യങ്ങള്‍ നിറവേറ്റാനുള്ളത് ഈ പരിസ്ഥിതിയില്‍ ഉണ്ട് എന്നാല്‍ ആരുടെയും അത്യാഗ്രഹം നിറവേറ്റാന്‍ ഈ പ്രകൃതിക്കാകില്ല എന്ന വാചകം അദ്ദേഹം അന്ന് മറ്റേതോ ഒരു സാഹചര്യത്തില്‍ പറഞ്ഞതാണ്. എന്നാല്‍ ഈ വാചകം പരിസ്ഥിതി വാദികളുടെ പ്രിയപ്പെട്ടതാകുന്നത് മരണശേഷവും മഹാത്മാഗാന്ധി വളരുന്നുവെന്നതിന്റെ തെളിവാണ്.