അടവി വഴി ഗവിയിലേക്കുള്ള അവിസ്മരണീയ യാത്രയ്ക്കുള്ള വനംവകുപ്പിന്റെ വാഹനങ്ങള്‍ തയ്യാറായിക്കഴിഞ്ഞു

single-img
21 December 2015

Coracle-Rafting-at-Adavi-1

വനംവകുപ്പിന്റെ നേതൃത്വത്തില്‍ ഇക്കോ ടൂറിസം പദ്ധതിയുടെ ഭാഗമായി കോന്നിയിലെ അടവിയിലൂടെ ഗവി യാത്രയ്ക്കുള്ള വാഹനങ്ങള്‍ സഞ്ചാരയോഗ്യമായി. ഇന്നു മുതല്‍ സഞ്ചാരികള്‍ക്കായി വാഹനങ്ങള്‍ വിട്ടുനല്‍കുമെന്ന് വനം അധികൃതര്‍ പറഞ്ഞു. രണ്ടുമാസം മുമ്പ് വാങ്ങിയ വാഹനങ്ങള്‍ ഉദ്ഘാടനം ചെയ്‌തെങ്കിലും കാനനയാത്രയ്ക്ക് ഉപയോഗിക്കത്തക്ക രീതിയിലുള്ള നിര്‍മാണവും രജിസ്‌ട്രേഷന്‍ നടപടികളും പൂര്‍ത്തീകരിക്കുന്ന പ്രക്രിയയിലായിരുന്നു.

കാനനയാത്രയ്ക്ക് രണ്ടു വാഹനങ്ങളാണ് ഉപയോഗിക്കുന്നത്. രാവിലെ 7.30ന് പുറപ്പെട്ട് രാത്രി 9.30നു തിരികെ എത്തുന്ന രീതിയിലാണ് യാത്രകള്‍ ക്രമീകരിച്ചിരിക്കുന്നത്. കോന്നി ആനത്താവളം പരിസരത്തുനിന്നാരംഭിക്കുന്ന യാത്ര അടവി, തണ്ണിത്തോട്, ആങ്ങമൂഴി, മൂഴിയാര്‍, കൊച്ചുപമ്പ വഴി ഗവിയിലെത്തുകയും അവിടെനിന്നു വള്ളക്കടവ്, വണ്ടിപ്പെരിയാര്‍, കുട്ടിക്കാനം, മുണ്ടക്കയം, എരുമേലി, റാന്നി, കുമ്പഴ വഴി കോന്നിയില്‍ സമാപിക്കുകയും ചെയ്യും.

220 കിലോമീറ്റര്‍ കണക്കാക്കിയിരിക്കുന്ന യാത്രയില്‍ രാവിലെയും ഉച്ചയ്ക്കുമുള്ള ഭക്ഷണം അധികൃതര്‍ നല്‍കും. കൂടാതെ അടവിയിലെ കുട്ടവഞ്ചി സവാരിയും ഗവിയിലെ ബോട്ടിംഗും പാക്കേജിലുള്‍പ്പെടുത്തിയിട്ടുണ്ട്. യാത്രയില്‍ വള്ളക്കടവിലെ മിനി വൈല്‍ഡ് ലൈഫ് മ്യൂസിയവും സന്ദര്‍ശിക്കാനാകും.

യാത്രാനിരക്ക് ഒരാള്‍ക്ക് 1700 രൂപയാണ് നിശ്ചയിച്ചിരിക്കുന്നത്. 10 പേര്‍ വീതമുള്ള ഗ്രൂപ്പിന് ഒരാളില്‍ നിന്ന് 1600 രൂപ മാത്രമേ ഈടാക്കുകയുള്ളൂ. യാത്രയ്ക്കായി 16 പേര്‍ക്കു സഞ്ചരിക്കാവുന്ന വാഹനമാണ് ക്രമീകരിച്ചിരിക്കുന്നത്. സംഘത്തില്‍ 16 പേരുണ്ടെങ്കില്‍ ഒരാള്‍ക്ക് യാത്രയ്ക്ക് 1550 രൂപ മതിയാകും.

എസി, ടിവി സൗകര്യങ്ങളുള്ള വാഹനമാണ ്ക്രമീകരിച്ചിരിക്കുന്നത്. ടൂര്‍ ഡ്രൈവറും ഒരു ഗൈഡും ഒപ്പമുണ്ടാകും. കോന്നി തലമാനം വനസംരക്ഷണസമിതിയുടെ നേതൃത്വത്തിലാണ് ക്രമീകരണം.

വിശദവിവരങ്ങള്‍ 0468 2247645 എന്ന നമ്പരില്‍ ലഭ്യമാകും.