രണ്ടാം ലോകമഹായുദ്ധത്തില്‍ ജര്‍മ്മന്‍ നാസിപ്പടയെ തകര്‍ത്ത് ജര്‍മന്‍ തലസ്ഥാനമായ ബെര്‍ലിനിലെ നാസി പാര്‍ലമെന്റ് പിടിച്ചടക്കി അവിടെ ചെങ്കൊടി പാറിച്ച സോവിയറ്റ് ചെമ്പടയുടെ അവസാന പോരാളിയായ നിക്കോളെ ബെല്യേവും ഓര്‍മ്മയായി

single-img
16 December 2015

Reichstag-diedനീണ്ട നാളുകള്‍ക്ക് ശേഷം റഷ്യന്‍ പതാക ചെങ്കൊടിയായി മാറി. സോവിയറ്റ് യൂണിയന്‍ റെഡ് ആര്‍മി (ചെമ്പട)യിലെ അവസാന പോരാളിയായിരുന്ന നിക്കോളെ ബെല്യേവ് (93) മരണമടഞ്ഞു. അദ്ദേഹത്തിന് ആദരസൂചകമായാണ് റഷ്യന്‍ പാര്‍ലമെന്റിന്റെ കൊടി മാറ്റി ചെങ്കൊടി പാറിച്ചത്. അതിനുപുറമെ സോവിയറ്റ് യൂണിയന്റെ പോരാട്ട നാള്‍വഴികളുടെ ഓര്‍മ്മ പുതുക്കല്‍ കൂടിയായിരുന്നു ആ നിമിഷം.

രണ്ടാം ലോകമഹായുദ്ധ കാലത്ത് സോവിയറ്റ് യൂണിയനെ തകര്‍ക്കാന്‍ എത്തിയ ജര്‍മ്മന്‍ നാസിപ്പടയെ തുരത്തിയ റെഡ് ആര്‍മിയിലെ പടയാളിയായിരുന്നു ബെല്യേവ്. യുദ്ധത്തിന്റെ അവസാന നാളുകളില്‍ ചെമ്പട ജര്‍മന്‍ തലസ്ഥാനമായ ബെര്‍ലിനിലേക്ക് കുതിക്കുകയും നാസികളെ തകര്‍ത്ത് നാസി പാര്‍ലമെന്റ് പിടിച്ചടക്കി അവിടെ ചെങ്കൊടി പാറിച്ചു. 1945 മെയ് ഒന്നിനായിരുന്നു ആ ചരിത്രപ്രധാനമായ ദിനം.

1918 ഫെബ്രുവരി 23നാണ് സോവിയറ്റ് റെഡ്ആര്‍മി (ചുവപ്പുസേന അഥവാ ചെമ്പട)യുടെ സ്ഥാപിതമായത്. മഹാനായ ലെനിന്റെ നേതൃത്വത്തില്‍ ബോള്‍ഷെവിക് പാര്‍ട്ടി കൃഷിക്കാരെയും തൊഴിലാളികളെയും സംഘടിപ്പിച്ചു നടത്തിയ വിപ്ലവത്തിന്റെ വെന്നിക്കൊടി പാറിപ്പറക്കുന്നതിനിടയിലാണ് സോവിയറ്റ് റെഡ് ആര്‍മി രൂപീകരിക്കുന്നത്. റഷ്യന്‍വിപ്ലവത്തെ പരാജയപ്പെടുത്താന്‍ വന്ന സാമ്രാജ്യത്വശക്തികളെയും രാജ്യത്ത് പ്രതിവിപ്ലവം നടത്താന്‍ ശ്രമിച്ച യുദ്ധപ്രഭുക്കളെയും നിഷ്ഭ്രമമാക്കിയത് ചെമ്പടയായിരുന്നു. ജര്‍മനിയുടെ വര്‍ധിതമായ സൈനിക ഐക്യശക്തിയെ അതിരൂക്ഷവും തീക്ഷ്ണവുമായ സംഘട്ടനങ്ങള്‍വഴി അവര്‍ തടഞ്ഞുനിര്‍ത്തുകയും പരാജയപ്പെടുത്തുകയും ചെയ്തു.

ചെമ്പടയിലെ സൈനികരില്‍ ജീവിച്ചിരുന്ന അവസാന വ്യക്തിയായിരുന്നു നിക്കോളെ ബെല്യേവ്. അദ്ദേഹത്തിന്റെ വിടവാങ്ങളില്‍ റഷ്യയും സോവിയറ്റ് യൂണിയനില്‍ അംഗങ്ങളായിരുന്ന മറ്റ് രാജ്യങ്ങളും ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. ബെല്യേവയുടെ യുദ്ധാനുഭവങ്ങള്‍ കോര്‍ത്തിണക്കിയ ജീവചരിത്രം അടുത്ത വര്‍ഷം പ്രസിദ്ധീകരിക്കാനിരിക്കുകയാണ്.