കൊളസ്ട്രോളും ചികിത്സയും

single-img
16 November 2015

cholesterol

ഡോ. പീറ്റർ കെ. ജോസഫ്

രക്തത്തിലും ശരീരകലകളിലും കാണപ്പെടുന്ന മെഴുക് പോലെയുള്ള പദാർത്ഥമാണ് കൊളസ്ട്രോൾ. ശരീരഭാരത്തിന്റെ ഏകദേശം പകുതിയോളം വരുന്ന കൊളസ്ട്രോൾ ശരീരത്തിന്റെ ഊർജ്ജാവശ്യങ്ങൾ നിറവേറ്റുന്നു. രക്തത്തിൽ ലയിച്ച് ചേരാത്ത കൊളസ്ട്രോൾ പ്രോട്ടീനുമായി കൂടിച്ചേർന്ന് ലിപൊ പ്രോട്ടീൻ കണികയായി രക്തത്തിലൂടെ ശരീരത്തിന്റെ എല്ലാ ഭാഗത്തും എത്തിച്ചേരുന്നു. ആരോഗ്യപ്രദമായ ശരീരത്തിന് വേണ്ട അളവിൽ മാത്രം കൊളസ്ട്രോൾ വളരെ ആവശ്യമാണ്. ശരീരത്തിലെ കോശ ഭിത്തിയുടെ നിർമ്മിതിക്കും കോശങ്ങളുടെ വളർച്ചയ്ക്കും കൊളസ്ട്രോൾ ഒരു മുഖ്യ ഘടകമാണ്. അതുപോലെതന്നെ സെക്സ് ഹോർമോണുകളായ ആൻഡ്രജൻ, ഈസ്ട്രജൻ എന്നിവയുടെ ഉത്പാദനത്തിനും എ,ഡി,ഇ,കെ വിറ്റാമിനുകളെ പ്രയോജനപ്പെടുത്തുവാനും, സൂര്യപ്രകാശത്തെ വിറ്റാമിൻ ഡിയാക്കി മാറ്റുവാനും കൊളസ്ട്രോൾ സഹായകമാണ്. അതോടൊപ്പം തന്നെ വൃക്കകളിലെ കോർട്ടിസോൾ ഹോർമോണുകളുടെ ഉത്പാദനത്തിനും കൊളസ്ട്രോൾ സഹായികുന്നു.

നമ്മുടെ ശരീരത്തിനാവശ്യമായ കൊളസ്ട്രോളിന്റെ 80%വും കരൾതന്നെയാണ് ഉത്പാദിപ്പിക്കുന്നത്. 20% കൊളസ്ട്രോൾ മാത്രമേ ആഹാരത്തിൽ നിന്നും ലഭിക്കുന്നുള്ളൂ.

എൽ.ഡി.എൽ: ചീത്ത കൊളസ്ട്രോൾ എന്ന അപരനാമത്തിൽ അറിയപ്പെടുന്ന ലോ ഡെൻസിറ്റി ലിപ്പൊ പ്രോട്ടീൻ കൊളസ്ട്രോളുകളുടെ അളവ് രക്തത്തിൽ കൂടിയാൽ ഇവ രക്തധമിനിക്കുള്ളിൽ അടിഞ്ഞുകൂടി അപകടകരമായ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകാം.

എച്ച്.ഡി.എൽ: ഹൈ ഡെൻസിറ്റി കൊളസ്ട്രോൾ അഥവ നല്ല കൊളസ്ട്രോൾ, രക്തധമനികളിൽ കൊഴുപ്പ് അടിഞ്ഞുകൂടാതെ അതിനെ കരളിലെത്തിക്കാൻ പരമാവധി ശ്രമിക്കുന്നു.

വി.എൽ.ഡി.എൽ: വെരി ലോ ഡെൻസിറ്റി ലിപ്പൊ പ്രോട്ടീൻ ഏറ്റവും കൂടുതൽ ട്രൈഗ്ലിസറൈഡുകൾ കാണപ്പെടുന്ന കൊഴുപ്പു കണികയാണ്. ഇത് വളരെ സാന്ദ്രതകുറഞ്ഞ കൊളസ്ട്രോളിനെ രക്തത്തിലൂടെ സഞ്ചരിക്കുവാൻ സഹായിക്കുന്നു.

റ്റി.ജി: റ്റി.ജി. അഥവ ട്രൈ ഗ്ലിസറൈഡുകൾ സാധാരണ കൊഴുപ്പാകുന്നു. ഇവ ഊർജ്ജം സൂക്ഷിച്ചുവെച്ച് ആവശ്യമുള്ളപ്പോൾ ശരീരത്തിന് ഊർജ്ജം നൽകുന്നു. എൽ.ഡി.എൽ രക്തധമനികളിൽ അടിഞ്ഞുകൂടാൻ ഇവ കാരണമാകുന്നു.

ശരീരത്തിനാവശ്യമായ കൊളസ്ട്രോളിന്റെ അളവ്

എൽ.ഡി.എൽ, എച്ച്.ഡി.എൽ, വി.എൽ.ഡി.എൽ എന്നീ മൂന്നു കൊളസ്ട്രോൾ ഘടകങ്ങളും കൂടിച്ചേരുന്നതാണ് ടോടൽ കൊളസ്ട്രോൾ. ഇത് രക്തപരിശോധനയിൽ 200mg/dlൽ താഴെയായിരിക്കുന്നതാണ് ഉത്തമം.

എൽ.ഡി.എൽ: ഹൃദ്രോഗങ്ങളുടെ പ്രധാന കാരണക്കാരനായ എൽ.ഡി.എൽന്റെ അളവ് 100mg/dlൽ താഴെയായിരിക്കുന്നതാണ് സുരക്ഷിതം.

എച്ച്.ഡി.എൽ: എച്ച്.ഡി.എൽ കൂടുന്നതാണ് നല്ലത്. ഇത് 40mg/dlൽ കുറയുന്നത് എൽ.ഡി.എൽ കൂടുതൽ അടിയാൻ കാരണമാകും.

വി.എൽ.ഡി.എൽ: വി.എൽ.ഡി.എൽ കൂടുന്നതും ശരീരത്തിന് ദോഷകരമാണ്. 30mg/dlൽ കൂടാതിരിക്കുന്നതാണ് നല്ലത്.

റ്റി.ജി.: റ്റി.ജി രക്തധമനികളിൽ കൊഴുപ്പ് അടിയുന്നതിന് കാരണമാകുമെന്നതിനാൽ അതിന്റെ അളവ് 150mg/dlൽ കുറഞ്ഞുനിൽക്കുന്നതാണ് സുരക്ഷിതം.

പ്രധാന പരിശോധനകൾ

രണ്ടുതരത്തിലുള്ള പരിശോധനകളാണ് പ്രധാനമായും കൊളസ്ട്രോൾ നിർണ്ണയത്തിനുള്ളത്.

രക്തത്തിലെ ടോടൽ കൊളസ്ട്രോൾ അളവ് നിർണ്ണയം

ലിപിഡ് പ്രൊഫൈൽ പരിശോധന

നല്ല കൊളസ്ട്രോളായ എച്ച്.ഡി.എല്ലിന്റെ അളവ് വളരെ കുറഞ്ഞും, ചീത്ത കൊളസ്ട്രോളായ എൽ.ഡി.എല്ലിന്റെ അളവ് വളരെ കൂടിയും ഇരിക്കുന്ന അവസ്ഥയിലും ടോടൽ കൊളസ്ട്രോൾ സുരക്ഷിത നിലയിലായിരിക്കും. വേർതിരിച്ചുള്ള കൃത്യമായ അളവ് ലിപിഡ് പ്രൊഫൈലിൽ നിന്നും അറിയാം എന്നതിനാൽ ലിപിഡ് പ്രൊഫൈൽ പരിശോധനയാണ് കൂടുതൽ അഭികാമ്യം.

പരിശോധനയ്ക്ക് മുൻപ് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

കൊളസ്ട്രോൾ നില ശരിയായി മനസ്സിലക്കുന്നതിനായി 9-12 മണിക്കൂർ ഉപവാസം വേണം എന്നാണ് നിലവിലുള്ള നിർദ്ദേശം. രാത്രി ഭക്ഷണം കഴിഞ്ഞ് ഉറങ്ങാൻ കിടന്നാൽ രാവിലെ പ്രഭാത ഭക്ഷണത്തിന് മുൻപ് രക്തം പരിശോധിക്കലാണ് പ്രായോഗികം. എന്നാൽ വെള്ളം കുടിക്കുന്നതിൽ കുഴപ്പമില്ല.

പ്രമേഹരോഗികൾ, ഹൃദ്രോഗികൾ, പശ്ചാഘാതം വന്നവർ, പുകവലിക്കുന്നവർ, ഉയർന്ന രക്തസമ്മദ്ദമുള്ളവർ, പാരമ്പര്യമായി ഹൃദയാഘാത സാധ്യതയുള്ളവർ തുടങ്ങിയവർക്ക് കൊളസ്ട്രോൾ പരിശോധന അനിവാര്യമാണ്.

20 വയസ്സാവുമ്പോൽ ലിപിഡ് പ്രൊഫൈൽ ടെസ്റ്റ് ചെയ്ത് തുടങ്ങണം. ഫലം നല്ലതാണെങ്കിൽ അഞ്ച് വർഷത്തിലൊരിക്കൽ ടെസ്റ്റ് ചെയ്താൽ മതി. അല്ലെങ്കിൽ ഡോക്ടറുടെ നിർദ്ദേശപ്രകാരം ചുരുങ്ങിയത് വർഷത്തിലൊരിക്കൽ പരിശോധന നടത്തണം.

പരിശോധനയ്ക്ക് മുൻപ് വ്യയാമം പാടില്ല. കാരണം വ്യായാമത്തിൽ ഏർപ്പെട്ടാൽ കൊഴുപ്പ് ഊർജ്ജമായി മാറുന്നതിന്റെ അളവ് വർദ്ധിക്കും.

കൊളസ്ട്രോളും രോഗങ്ങളും

ഹൃദയം: ധമനികളിൽ കൊളസ്ട്രോൾ അടിഞ്ഞ് ഹൃദയത്തിലേക്ക് രക്തയോട്ടം കുറഞ്ഞാൽ ഹൃദയപേശികൾ നിർജ്ജീവമായി ഹൃദയാഘാതം സംഭവിക്കാം.

സ്ട്രോക്ക്: തലച്ചോറിലേക്കുള്ള രക്തക്കുഴലുകളിൽ തടസ്സം വന്നാൽ സ്ട്രോക്ക് ഉണ്ടാകാം.

ഉയർന്ന ബി.പി: കൊഴുപ്പ് അടിഞ്ഞുകൂടി ധമനികൾ ഇടുങ്ങിയാൽ ഹൃദയത്തിന്റെ ജോലിഭാരം കൂടി രക്തസമ്മർദ്ദം വളരെ കൂടുന്നു.

വൃക്ക: വൃക്കകളിലെ ധമനികളിൽ കൊഴുപ്പ് അടിഞ്ഞുകൂടി വൃക്കകൾ പൂർണ്ണമായും പ്രവർത്തനരഹിതമാകാം.

കാലുകൾ: കാലുകളിലെ രക്തക്കുഴലുകളുടെ വ്യാസം കുറഞ്ഞ് രക്തയോട്ടം കുറയുന്നത് മൂലം രോഗങ്ങളുണ്ടാകാം.

ലൈംഗികശേഷിക്കുറവ്: ഉദ്ധാരണശേഷിക്കുറവ് പോലെയുള്ള രോഗങ്ങൾക്കുള്ള സാധ്യത.

കൊളസ്ട്രോൾ കുറയ്ക്കാൻ ചില വഴികൾ

നടത്തം ശീലമാക്കുക

ടെൻഷൻ ഉള്ളപ്പോൾ ഭക്ഷണം ഒഴിവാക്കുക

ഫാസ്റ്റ് ഫുഡ് കഴിവതും ഒഴിവാക്കുക

പഴങ്ങളും പച്ചക്കറികളും ശീലമാക്കുക