ഈ നരകകവാടം ഭൂമിയിലാണ്; 45 വര്‍ഷമായി തുടര്‍ച്ചയായി എരിഞ്ഞുകൊണ്ടിരിക്കുന്ന അഗാതഗര്‍ത്തം

single-img
25 September 2015

Door-To-Hell-3

സ്വര്‍ഗ്ഗത്തേയും നരകത്തേയും പറ്റി ഒരുപാട് മുത്തശ്ശികഥകള്‍ നമ്മള്‍ കേട്ടിട്ടുണ്ട്. പാലും തേനും ഒഴുകുന്ന സ്വര്‍ഗത്തില്‍ ചെല്ലുന്നവര്‍ സുഖജീവിതം നയിക്കുമെന്നും ഭയാനകമായ നരകത്തിലെത്തുന്നവര്‍ യാതനകള്‍ അനുഭവിക്കും എന്നൊക്കെയുള്ള അനവധി നിരവധി കഥകള്‍ കേട്ടാണ് നമ്മളെല്ലാവരും വളര്‍ന്നുവന്നത്. എന്നാല്‍ ഈ സ്വര്‍ഗവും നരകവും ഒക്കെ എവിടെയാണ് എന്നതിനെക്കുറിച്ച് അഭ്യൂഹങ്ങള്‍ മാത്രമാണ് നിലനില്‍ക്കുന്നത്. ഇതെല്ലാം ദേവലോകത്തില്‍ എവിടെങ്കിലുമാണോ എന്നുള്ള കാര്യത്തില്‍ ആര്‍ക്കും ഒരൊറപ്പുമില്ല. പക്ഷെ നരകകവാടം ഇങ്ങ് ഭൂമിയിലാണെന്ന് പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കുമോ?

അതെ ഭൂമിയില്‍ ഒരു നരകകവാടമുണ്ട്. തുര്‍ക്ക്‌മെനിസ്ഥാനിലെ ദര്‍വേസിലാണത്. സദാ എരിഞ്ഞു കൊണ്ടിരിക്കുന്ന ഒരു ഗര്‍ത്തം, അതിനുള്ളില്‍ നിന്ന് തീജ്വാലകള്‍ ഇടക്കിടെ പുറത്തുവരുന്നു.
ഒരു അഗാധ ഗര്‍ത്തത്തിനെയാണ് നരകകവാടം എന്ന് വിളിക്കുന്നത്. ഈ ഗര്‍ത്തത്തിലെ തീയും തിളച്ചുമറിയുന്ന ചെളിയും ഉയര്‍ന്നുപൊങ്ങുന്ന തീജ്വാലയും കണ്ട് ഭയപ്പെട്ട പ്രദേശവാസികളാണ് ഈ സ്ഥലത്തിന് ‘ഡോര്‍ ടു ഹെല്‍’ അഥവാ നരകകവാടം എന്ന പേരു വിളിച്ചത്.

നാലു നൂറ്റാണ്ടു മുമ്പ് റഷ്യന്‍ എണ്ണ പര്യവേഷകര്‍ക്ക് പറ്റിയ ഒരു അബദ്ധത്തിലാണ് നരക കവാടമുണ്ടായത്. എണ്ണപ്പാടമാണെന്ന് കരുതി കുഴിച്ച സോവിയറ്റ് എഞ്ചിനീയര്‍മാര്‍ അല്‍പം കഴിഞ്ഞാണ് ഇതൊരു ഗ്യാസ് ശേഖരമാണെന്ന് മനസിലാക്കിയത്. അവര്‍ കുഴിക്കുന്ന റിഗും അതിനടിയിലെ ഭാഗവും തകര്‍ന്നു ഒരു ഗര്‍ത്തം രൂപംകൊള്ളുകയായിരുന്നു. ഗര്‍ത്തത്തില്‍ നിന്നു വിഷ വാതകങ്ങള്‍ പുറത്ത് വരുന്നത് പ്രദേശവാസികളെ ഗുരുതരമായി ബാധിക്കും എന്ന് മനസിലാക്കിയ എഞ്ചിനീയര്‍മാര്‍ പിന്നീട് വാതകം കത്തിക്കാന്‍ തീരുമാനിച്ചു.

ഗ്യാസ് ശേഖരം കുറഞ്ഞ ദിവസങ്ങള്‍ക്കുള്ളില്‍ കത്തിത്തീരുമെന്നാണ് അവര്‍ കരുതിയിരുന്നത്. എന്നാല്‍ കത്തിച്ച അന്നുമുതല്‍ ഇത് എരിഞ്ഞുകൊണ്ടിരിക്കുകയാണ്. ഇപ്പോള്‍ 45 വര്‍ഷം പിന്നിട്ടിരിക്കുന്നു ഈ നരകം രൂപം കൊണ്ടിട്ട്. മരുഭൂമിയുടെ മധ്യത്തിലായാണ് ഈ പാടം സ്ഥിതി ചെയ്യുന്നത്. ഇതിന് ഏകദേശം 70 മീറ്റര്‍ വിസ്തീര്‍ണ്ണമുണ്ട്. ഇവിടെ കണ്ടെത്തിയ പ്രകൃതി വാതക നിക്ഷേപം ലോകത്തിലെ തന്നെ ഏറ്റവും വലിയതായിരുന്നു. ഏകദേശം 69 മീറ്റര്‍ ആഴവും 30 മീറ്റര്‍ വീതിയുമുണ്ട് ഈ ഗര്‍ത്തത്തിന്.

ഒന്ന് ചീഞ്ഞാല്‍ മറ്റൊന്നിന് വളം എന്ന് പറഞ്ഞത് പോലെ എണ്ണപാടം നിര്‍മ്മിക്കാന്‍ പറ്റിയില്ലെങ്കിലും ടൂറിസം വളരുന്നതിന് തുര്‍ക്ക്‌മെനിസ്ഥാന് വളരെയധികം ഉപയോഗപ്രദമായിരിക്കുകയാണ് ഈ നരകകവാടം. ഈ അത്ഭുത പ്രതിഭാസത്തെ കാണുന്നതിനായി സഞ്ചാരികളുടെ ഒഴുക്ക്തന്നെയാണ് ഇവിടേക്ക്. ഇത് കണ്ട്കഴിഞ്ഞാല്‍ ആരും ഒന്ന് ഭയക്കുമെന്നുള്ളതും തീര്‍ച്ചയാണ്.