താമര പര്‍ണശാലയും പരിസരവും വെണ്‍കടലാക്കി ശാന്തിഗിരിയില്‍ പൂര്‍ണ്ണ കുംഭമേള നടന്നു

single-img
20 September 2015

DSC_1458

ഈശ്വരനിലേയ്ക്കുള്ള മാര്‍ഗം ഗുരുവാണ്. ശാന്തിഗിരിയില്‍ പവിത്രമായി ആചരിക്കുന്ന കുംഭമേളയില്‍ പങ്കെടുക്കുന്നതോടെ നാം ഗുരുവഴി ഈശ്വരനിലേയ്‌ക്കെത്തുന്നു. നമ്മുടെ പരമ്പരയ്ക്കും മുന്‍ഗാമികള്‍ക്കും വന്നുപോയിട്ടുള്ള സകല തെറ്റും തീര്‍ന്നുപോകുന്നു, ഒരു കാലത്തും ഒടുങ്ങാത്ത പുണ്യാംശം നമുക്കു ലഭിക്കുന്നു.

ശാന്തിഗിരി ആശ്രമം സ്ഥാപിച്ച നവജ്യോതിശ്രീ കരുണാകരഗുരുവിന്റെ ആത്മീയ അവസ്ഥാ പൂര്‍ത്തീകരണ ദിനത്തില്‍ ബ്രഹ്മത്തില്‍നിന്നു ലഭിച്ച അറിയിപ്പു പ്രകാരം അനുഷ്ഠിക്കുന്നതാണു പൂര്‍ണ കുംഭമേള. ഗുരുവിന്റെ ശിഷ്യപൂജിത ജനനി അമൃതജ്ഞാന തപസ്വിനിയുടെ അവസ്ഥാപൂര്‍ത്തീകരണം സംഭവിച്ച ദിനത്തെ അനുസ്മരിച്ച് ഫെബ്രുവരി 22ന് അര്‍ധകുംഭമേളയും ശാന്തിഗിരിയില്‍ നടക്കാറുണ്ട്.

ഗുരുവിന്റെ ആത്മീയ അവസ്ഥാ പൂര്‍ത്തീകരണം സംഭവിച്ച 1973 കന്നി നാലിന് ‘യുഗാന്തരങ്ങളായി ഞാന്‍ ആഗ്രഹിച്ചിരുന്ന ഒരു കാര്യം പൂര്‍ത്തിയായി, എനിക്കു തൃപ്തിയായി’ എന്ന് ബ്രഹ്മത്തില്‍നിന്ന് അറിയിപ്പുണ്ടായി. നിത്യസ്മരണാര്‍ഹമായതിനാല്‍ ഈ സുദിനം ലോകോത്തര ഉത്സവവും ഭക്തിയുടെ സമാരോഹണവും എന്ന നിലയില്‍ ആചരിച്ച് ആഘോഷിച്ചുകൊള്ളാനും ബ്രഹ്മത്തില്‍നിന്ന് അനുവാദം ലഭിച്ചു. ഇന്ന് വിദേശികളടക്കം ആയിരക്കണക്കിനു ഭക്തരാണു പൂര്‍ണ കുംഭമേളയില്‍ പങ്കെടുക്കുന്നന്നത്.

മണ്‍കുടങ്ങളില്‍ ദിവ്യ ഔഷധങ്ങളും അഷ്ടഗന്ധം അടക്കമുള്ള സുഗന്ധദ്രവ്യങ്ങളും ചേര്‍ത്തു തയാറാക്കിയ തീര്‍ത്ഥം നിറച്ച് പീതവസ്ത്രംകൊണ്ടു വായ പൊതിഞ്ഞുകെട്ടി നാളികേരം, ലതാപുഷ്പമാല്യങ്ങള്‍ കൊണ്ടലങ്കരിച്ചാണ് കുംഭം തയാറാക്കുന്നത്. ദീപം, മുത്തുക്കുട എന്നിവയും കുംഭപ്രദിക്ഷണത്തിലുണ്ടാകും. ഭക്തര്‍ കുംഭം തലയിലേന്തി അഖണ്ഡനാമ ജപത്തോടെ ആശ്രമ സമുച്ചയത്തെ പ്രദിക്ഷണം വച്ചശേഷം ഗുരുപാദങ്ങളില്‍ സമര്‍പ്പിക്കുന്നതാണ് അനുഷ്ഠാനകര്‍മ്മം.
ഉടഞ്ഞുപോകുന്ന മണ്‍കുടങ്ങള്‍ മനുഷ്യജീവിതത്തിന്റെ ക്ഷണികതയെയാണു പ്രതിനിധീകരിക്കുന്നത്. ഈ ജീവിതത്തില്‍ നാം പകരേണ്ട സദ് വാസനകളുടെ പ്രതീകമാണ് സുഗന്ധദ്രവ്യങ്ങളും ഔഷധങ്ങളും. ദീപം നമ്മുടെ ജീവിതത്തിനു വെളിച്ചം പകര്‍ന്ന് നമ്മെ സത്യത്തിലേക്കു നയിക്കുന്നു. നമ്മുടെ ജീവനും ജീവിതത്തിനും താങ്ങും തണലുമായി എന്നും എപ്പോഴും നിലകൊള്ളുന്ന ഗുരുസാന്നിധ്യമാണ് മുത്തുക്കുടയുടെ സങ്കല്‍പ്പം.

കുംഭഘോഷയാത്രയില്‍ കുംഭം എടുക്കുന്നത് ഒരു കാലത്തും ഒടുങ്ങാത്ത പുണ്യാംശവും ഒരു കാലത്തും അഴിയാത്ത സമ്പാദ്യവും പ്രദാനം ചെയ്യുമെന്ന് ഗുരു അരുളിയിട്ടുണ്ട്. പ്രാര്‍ത്ഥനാ സങ്കല്‍പ്പങ്ങളോടെ ശിരസിലേറ്റുന്ന കുംഭത്തിലെ ഓരോ തുള്ളിയും ഓരോ ജന്മങ്ങളിലായി നാം ആര്‍ജിച്ചു കൊണ്ടുവന്ന കര്‍മദോഷങ്ങള്‍ മാറ്റുന്നു. തീരാവ്യാധികള്‍ക്കുള്ള നേര്‍ച്ചയായും ദുഷിച്ച സ്വഭാവത്തെ മാറ്റുന്നതിനായും ഇഷ്ടകാര്യ സാഫല്യത്തിനു വേണ്ടിയും കുംഭം എടുക്കാം. മാനസികമായി ബുദ്ധിമുട്ട് അനുഭവിക്കുന്നവര്‍ക്കും കുംഭം എടുക്കാവുന്നതാണ്. നാം എന്തുതന്നെ വിചാരിച്ചാലും അതിനു ഫലമുണ്ടാകുമെന്നാണ് അറിയിപ്പ്. തുടര്‍ച്ചയായി 12 കുഭം എടുത്താല്‍ ഫലം സുനിശ്ചിതം.

ശാന്തിഗിരിയിലെ കുംഭമേള ലോകത്തിന്റെ ഉത്സവമായി മാറും. ലോകത്തിനു സനാതന ധര്‍മത്തിലൂടെ വെളിച്ചം പകര്‍ന്നിരുന്ന ഋഷിസംസ്‌കാരത്തിന് പറ്റിയിരിക്കുന്ന അപചയത്തെ തിരുത്തി കലിയുഗത്തിനനുസൃതമായി ധര്‍മസംസ്ഥാപനം ചെയ്യുകയാണു ശാന്തിഗിരി. ഇത് ലോക രക്ഷയ്ക്കുള്ള മാര്‍ഗദര്‍ശനവും ഭാരതത്തിന്റെ സുകൃതക്ഷയത്തിനുള്ള നിവാരണ മാര്‍ഗ്ഗവുമാണ്.