റോഡുകളിലെ കുഴികള്‍ പൊതുജനങ്ങള്‍ ചുണ്ടിക്കാണിക്കുകയും ആ കുഴികള്‍ പരസ്യദാതാക്കളെ കണ്ടെത്തി നികത്തുകയും ചെയ്യുന്ന ‘കുഴിവഴിപാട്’ പദ്ധതിയുമായി കോഴിക്കോടിന്റെ സ്വന്തം കളക്ടര്‍ എന്‍. പ്രശാന്ത് രംഗത്ത്

single-img
11 July 2015

11722315_1649963058573801_2295653695751794598_oരാഷ്ട്രീയക്കാരുടെ ആരോഞപണങ്ങള്‍ക്ക് വിധേയനായി അവരുടെ കണ്ണിലെ കരടായി മാറിയ കോഴിക്കോടിന്റെ ജനകീയ കളക്ടര്‍ എന്‍. പ്രശാന്ത് തന്റെ ജനോപകാരപ്രദമായ ചിന്തകള്‍ക്ക് മാറ്റം വന്നിട്ടില്ലെന്ന് തെളിയിച്ച് വീണ്ടും ഫേസ്ബുക്കിലൂടെ രംഗത്തെത്തി. റോഡുകളിലെ കുഴികള്‍ പൊതുജനങ്ങള്‍ ചുണ്ടിക്കാണിക്കുകയും ആ കുഴികള്‍ പരസ്യദാതാക്കളെ കണ്ടെത്തി നികത്തുകയും ചെയ്യുന്ന ‘കുഴിവഴിപാട്’ പദ്ധതിയുമായാണ് കളക്ടര്‍ എത്തിയത്.

നഗര പരിധിയിലാണ് ഈ പദ്ധതി ആദ്യ ഘട്ടത്തില്‍ നടപ്പിലാക്കുന്നത്. പൊതുജനങ്ങള്‍ക്ക് തങ്ങളുടെ റോഡിലെ കുഴികള്‍ റിപ്പോര്‍ട്ട് ചെയ്യാം. പലപ്പൊഴും ഫണ്ട് സംബന്ധിച്ച സാങ്കേതികപ്രശ്‌നങ്ങളിലും ടെണ്ടര്‍ നടപടിയില്‍ കുടുങ്ങിയുമാണ് കുഴിയടപ്പ് നീണ്ട് പോകുന്നത്. 48
മണിക്കൂറില്‍ കൂടുതല്‍ നികത്താതെ കിടക്കുന്നതും പൊതുമരാമത്ത് വകുപ്പ് അധികൃതര്‍ വര്‍ക്ക് അറേഞ്ച് ചെയ്തിട്ടില്ലാത്തതുമായ കുഴികള്‍ പരസ്യ ദാതാക്കളെ കണ്ടെത്തി നികത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഇതിനുള്ള ഫണ്ട് യന്ത്രത്തില്‍ സ്ഥാപിക്കുന്ന ഡിസ്‌പ്ലെ പരസ്യത്തിലൂടെ കണ്ടെത്തുമെന്നും കളക്ടര്‍ അറിയിച്ചിട്ടുണ്ട്.

ഫേസ്ബുക്കിലും ട്വിറ്ററിലും ഷൈന്‍ ചെയ്യുകയാണെന്ന ഡിസിസി പ്രസിഡന്റ് കെ. സി. അബുവിന്റെ ആരോപണത്തിന് പിന്നാലെയാണ് കളക്ടര്‍ പുതിയ പദ്ധതിയുമായി രംഗത്തെത്തിയിരിക്കുന്നത്.