നമ്മുടെ ദേശിയഗാനവും ഐക്യദാര്‍ഡ്യ പ്രതിജ്ഞയും ഏറ്റുചൊല്ലി ടേക്ക് ബഹദൂര്‍ പ്യൂണ്‍, കമലബദരി എന്നീ നേപ്പാളി കുട്ടികള്‍ മരാട് ഗവ. യു.പി സ്‌കൂളില്‍ മലയാളം പഠിച്ചുതുടങ്ങി

single-img
10 July 2015

Nepaliഅയല്‍രാജ്യമായ നേപ്പാളിലെ സഹോദരര്‍ മലയാളത്തില്‍ ഹരിശ്രീ കുറിച്ചു. നേപ്പാളി വിദ്യാര്‍ഥികളായ ടേക്ക് ബഹദൂര്‍ പ്യൂണ്‍, സഹോദരി കമലബദരി എന്നിവരാണ് പുളിങ്കുന്ന് കണ്ണാടി മരാട് ഗവ. യു.പി സ്‌കൂളില്‍ പ്രവേശനം നേടി മലയാളം പഠിക്കാന്‍ തുടങ്ങിയിരിക്കുന്നത്.

വര്‍ഷങ്ങളായി പുളിങ്കുന്ന് എന്‍ജീനിയറിംഗ് കോളജിനു സമീപം ഹോട്ടല്‍ ബിസിനസ് നടത്തുന്ന നേപ്പാള്‍ സ്വദേശികളായ ടോം ബഹദുര്‍ഷ പ്യൂണ്‍ സംഗീത ബഷാരി എന്നിവരുടെ മക്കളാണിവര്‍. ടേക്ക് ബഹദൂര്‍ പ്യൂണിനെ ഒന്നാംക്ലാസിലും സഹോദരി കമലബദരിയെ പ്രീപ്രൈമറിയിലുമാണ് ചേര്‍ത്തിരിക്കുന്നത്.

ഏറെ നാളായി കേരളത്തില്‍ താമസിക്കുന്ന ഇവര്‍ക്ക് മലയാളം സംസാരിക്കാനറിയാം. വര്‍ഷങ്ങളായി തങ്ങള്‍ക്ക് അന്നം തരുന്ന മലയാള നാടിനോടുള്ള സ്‌നേഹമാണ് തങ്ങളുടെ മക്കളെ മലയാളം സ്‌കൂളില്‍ ചേര്‍ക്കാന്‍ കാരണമെന്ന് ദമ്പതിമാര്‍ പറയുന്നു. സ്‌കൂളില്‍ ദേശീയ ഗാനവും ഐക്യദാര്‍ഢ്യ പ്രതിജ്ഞയും മറ്റ് കുട്ടികളോടൊപ്പം എടുക്കുന്ന ഇവര്‍ അധ്യാപകര്‍ക്കും മറ്റു വിദ്യാര്‍ത്ഥികള്‍ക്കും പ്രിയങ്കരനാണ്.

വിദ്യാര്‍ഥികള്‍ കുറഞ്ഞതു മൂലം 2012ല്‍ അടച്ചുപൂട്ടലിന്റെ വക്കിലെത്തിയ മരാട് ഗവ. യു.പി സ്‌കൂളിനെ പി.ടി.എയുടെയും പ്രധാനാധ്യാപകന്‍ ടി.എസ് പ്രദീപ്കുമാറിന്റെ നിരന്തര ശ്രമങ്ങളുടെ ഭാഗമായാണ് കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ എത്തിത്തുടങ്ങിയത്. ഇന്ന് ജില്ലയിലെ തന്നെ മികച്ച വിദ്യാലയങ്ങളിലൊന്നാണ് ഈ സ്‌കൂള്‍.